കണ്ണൂർ: റെയിൽവേ ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ കൂടുതൽപേർ അറസ്റ്റിലായേക്കുമെന്ന് സൂചന. കേസിൽ റിമാൻഡിലായ ഇരിട്ടി ചരൾ സ്വദേശിനി ബിനിഷ ഐസകിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന് പിന്നിൽ കൂടുതൽപേർ ഉൾപ്പെട്ടതായി വിവരം ലഭിച്ചത്.
കോട്ടയം സ്വദേശിനിക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും. റെയിൽവേയിൽ ടി.ടി.ഇ ആണെന്ന വ്യാജേനയാണ് ബിനിഷ ആളുകളോട് ഇടപെട്ടിരുന്നത്. സമൂഹമാധ്യമം വഴിയാണ് റെയിൽവേയിൽ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പലരിൽനിന്ന് സംഘം പണം വാങ്ങിയത്.
50,000 മുതൽ ലക്ഷം രൂപവരെ നൽകി വഞ്ചിക്കപ്പെട്ടവരുണ്ടെന്ന് പൊലീസ് പറഞ്ഞു. അപേക്ഷ ഫീസായും യൂനിഫോം വിലയായും മറ്റ് ഉദ്യോഗസ്ഥർക്ക് നൽകേണ്ട കൈക്കൂലിയെന്നും പറഞ്ഞാണ് തുക വാങ്ങിയത്.
കണ്ണൂർ സ്വദേശികളായ മൂന്ന് യുവതികൾ പരാതിയുമായി ആർ.പി.എഫിനെയും റെയിൽവേ പൊലീസിനെയും സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ജോലി തരപ്പെടുത്തിക്കൊടുക്കാനായി ആദ്യഘട്ടമെന്നനിലയിൽ മൂന്നുപേരിൽനിന്നായി 35,000 രൂപ വീതം തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. ജില്ലക്കകത്തും പുറത്തും കൂടുതൽപേർ തട്ടിപ്പിനിരയായതാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽപേർ പരാതിയുമായി എത്തുമെന്നാണ് കരുതുന്നത്.