22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കറവുമാടുകൾക്കുള്ള ആയുർവേദ മരുന്നുകൾ വിൽപ്പനയ്ക്കെത്തി
Kerala

കറവുമാടുകൾക്കുള്ള ആയുർവേദ മരുന്നുകൾ വിൽപ്പനയ്ക്കെത്തി

കണ്ണൂർ; കറവുമാടുകളുടെ ചികിത്സക്കുള്ള ആയുർവേദ മരുന്നുകൾ ജില്ലയിലെ ക്ഷീര സംഘങ്ങളിൽ വിൽപ്പനയ്‌ക്കെത്തി. മിൽമ മലബാർ മേഖലാ യൂണിയനാണ്‌ കേരള ആയുർവേദിക്‌ കോ–-ഓപറേറ്റീവ്‌ സൊസൈറ്റിയുടെ സഹായത്തോടെ മരുന്ന്‌ നിർമിച്ചത്‌. യൂണിയന്റെ അനുബന്ധ സ്ഥാപനമായ മലബാർ റൂറൽ ഡവലപ്‌മെന്റ്‌ ഫൗണ്ടേഷനാ(എംആർഡിഎഫ്‌)ണ്‌ മരുന്ന്‌ വിതരണം. ക്ഷീര സംഘം വഴിയും മിൽമയുടെ ഗ്രാമതല പ്രവർത്തകർ വഴിയും മരുന്ന്‌ ലഭിക്കും. ആയുർവേദ മരുന്നുകളുടെ ഉപയോഗത്തിലൂടെ കറവുമാടുകളുടെ ആരോഗ്യ സംരക്ഷണത്തിനൊപ്പം ആന്റിബയോട്ടിക്‌ കലരാത്ത പാൽ ഉൽപാദിപ്പിക്കുകയാണ്‌ ലക്ഷ്യം.
അകിട്‌ വീക്കം ശമിപ്പിക്കുന്നതിനുള്ള മാസ്‌റ്റിക്യൂർ 960 ഗ്രാമിന്‌ 200 രൂപയാണ് പരമാവധി വില. പനിയുടെ മരുന്നായ പെറസ്‌ക്യൂറി (150 ഗ്രാം) 135 രൂപയാണ്‌. അകിടിലെ അരിമ്പാറ, വസൂരി, വിണ്ടുകീറൽ എന്നിവ മാറ്റുന്നതിനുള്ള ക്രാക്ക്‌ ഹീൽ ഓയിൻമെന്റ്‌ (25 ഗ്രാം) 112 രൂപയും വയറിളക്കം പരിഹരിക്കുന്നതിനുള്ള ഡയാർ എൻഡിന്‌(300 ഗ്രാം) 185 രൂപയും ദഹനക്കേട്‌ മാറ്റുന്നതിനുള്ള റൂമാടോറിന്‌(300 ഗ്രാം) 175 രൂപയുമാണ്‌ വില. മുറിവുണക്കുന്നതിനുള്ള ഹീൽ ഓൾ ഓയിൻമെന്റ്‌ (100 ഗ്രാം) 112, പാൽ ഉൽപാദനത്തിനുള്ള മിൽക്ക്‌ ലൈറ്റ്‌(200 ഗ്രാം) 112, ഈച്ചയെയും ചെള്ളിനെയും അകറ്റുന്നതിനുള്ള ഫ്‌ളെറിപ്പൽ(200 മില്ലി) 90 രൂപ എന്നിങ്ങനെയാണ്‌ വില.
ആയുർവേദ വെറ്ററിനറി മരുന്നുകളുടെ ഉപയോഗം, സഹകരണ നിയമ ഭേദഗതി എന്നിവ സംബന്ധിച്ച്‌ മിൽമ മലബാർ മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ ക്ഷീര സംഘം ഭാരവാഹികൾക്ക്‌ ശിൽപശാലയും സംഘടിപ്പിച്ചു. ഇന്ത്യൻ കോഫീ വർക്കേഴ്സ് കോ–-ഓപറേറ്റീവ്‌ സൊസൈററി പ്രസിഡന്റ്‌ പി വി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്‌തു. മേഖലാ യൂണിയൻ നടപ്പാക്കിയ വിവിധ പദ്ധതികളുടെ രേഖാ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. മിൽമ ചെയർമാൻ കെ എസ്‌ മണി അധ്യക്ഷനായി. വിവിധ വിഷയങ്ങളിൽ മേഖലാ യൂണിയൻ ജനറൽ മാനേജർ കെ സി ജെയിംസ്, എംആർഡിഎഫ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർജ് കുട്ടി ജേക്കബ്, വെറ്ററിനറി ഓഫീസർ ഡോ. അഹമ്മദ് ഖൈസ് എന്നിവർ സംസാരിച്ചു. മിൽമ മലബാർ മേഖലാ യൂണിയൻ എംഡി ഡോ. പി മുരളി സ്വാഗതവും ജില്ലാ ഓഫീസ് മേധാവി മാത്യു വർഗ്ഗീസ് നന്ദിയും പറഞ്ഞു.

Related posts

കോവിഡ് വ്യാപനത്തിനെതിരെ ‘കവചം’ തീര്‍ക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്റെ മെഗാ വാക്സിനേഷന്‍ യജ്ഞം ഒരു മികച്ച മാതൃക

Aswathi Kottiyoor

ആറളം വന്യജീവി സങ്കേതത്തിൽ തീപ്പിടിത്തം

Aswathi Kottiyoor

പ്ലസ്ടു വിദ്യാര്‍ത്ഥി കുളിമുറിയില്‍ കുഴഞ്ഞു വീണു മരിച്ചു

Aswathi Kottiyoor
WordPress Image Lightbox