ഇരിങ്ങാലക്കുട: 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 48 വര്‍ഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിധി കേട്ട പ്രതി കോടതിയില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാട്ടിക ചേര്‍ക്കര സ്വദേശി ചേന്നംകാട് വീട്ടില്‍ ഗണേശനെ (63) യാണ് ഇരിങ്ങാലക്കുട ഫാസ്റ്റ്ട്രാക് സ്പെഷ്യല്‍ കോടതി (പോക്സോ) ജഡ്ജി കെ.പി. പ്രദീപ് കുമാര്‍ ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായാണ് 48 വര്‍ഷം ശിക്ഷ വിധിച്ചത്. എന്നാല്‍ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 20 വര്‍ഷം അനുഭവിച്ചാല്‍ മതി. ബാലികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. പിഴത്തുക അടയ്ക്കാത്തപക്ഷം രണ്ടു വര്‍ഷവും ഒമ്പതു മാസവും കൂടി ശിക്ഷ അനുഭവിക്കണം. വിധി പ്രസ്താവിച്ച ജഡ്ജി കോടതി വിട്ടശേഷം പോലീസ് ഇയാളെ ഒരുവശത്തേക്ക് മാറ്റിയിരുത്തിയിരുന്നു. ഈ സമയത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഉടനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രതിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.? വലപ്പാട് എസ്.ഐ. ആയിരുന്ന ബൈജു ഇ.ആര്‍. രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.ഐ. ആയിരുന്ന ടി.കെ. ഷൈജുവാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍. സിനിമോള്‍ ഹാജരായി.വിധി കേട്ട പ്രതി കോടതിയില്‍ വിഷം കഴിച്ചു.