യോഗ തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യര്‍ഥിച്ചു.
വരും ദിവസങ്ങളില്‍ ലോകം യോഗ ദിനം ആചരിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. യോഗ ചെയ്താല്‍ എണ്ണമറ്റ നേട്ടങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം ‘ദൈനംദിന ജീവിതത്തില്‍ യോഗ’ എന്നതിനെക്കുറിച്ചുള്ള ഒരു യൂട്യൂബ് ലിങ്കും അദ്ദേഹം പങ്കുവെച്ചു.
‘വരും ദിവസങ്ങളില്‍ ലോകം അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കും. അതിന്റെ ഭാഗമാവാനും യോഗ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കാനും ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു’, പ്രധാനമന്ത്രി കുറിച്ചു. ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത്.
മെയ് 29 ന്, മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാതിന്റെ’ 89-ാമത് എഡിഷനില്‍ നടത്തിയ പ്രസംഗത്തില്‍, വരാനിരിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനം അവരുടെ നഗരത്തിന്റെയോ ഗ്രാമത്തിന്റെയോ ഏതെങ്കിലും പ്രത്യേകതയുള്ള സ്ഥലത്ത് ആഘോഷിക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. ഈ സ്ഥലം ഒരു പുരാതന ക്ഷേത്രമോ വിനോദസഞ്ചാര കേന്ദ്രമോ, അല്ലെങ്കില്‍ നദിയുടെയോ തടാകത്തിന്റെയോ കുളത്തിന്റെയോ തീരമാകാം. ഇതോടെ, യോഗയ്ക്കൊപ്പം നിങ്ങളുടെ പ്രദേശത്തിന്റെ പ്രത്യേകത ദൃഢമാകുകയും അവിടുത്തെ വിനോദസഞ്ചാരത്തിന് കൂടുതല്‍ സാധ്യതകളുണ്ടാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.