കൊട്ടിയൂർ: ഒരു മാസക്കാലം നീണ്ടുനിന്ന കൊട്ടിയൂർ വൈശാഖോത്സവം ഇന്ന് നടക്കുന്ന തൃക്കലശാട്ടോടെ സമാപിക്കും. ഇതോടെ അടുത്ത ഉത്സവകാലംവരെ അക്കരെ കൊട്ടിയൂർ മനുഷ്യസ്പർശമേൽക്കാതെ പ്രകൃതിയിൽ ലയിക്കും. അത്തം നാളായ ഇന്നലെ രാവിലെ പതിവ് പൂജകൾക്കുശേഷം അത്തം ചതുഃശ്ശതം നിവേദിച്ചു.
തുടർന്ന് ഉച്ചശീവേലിക്കുശേഷം ഏഴില്ലക്കാർ ഭഗവദ് വിഗ്രഹത്തിൽനിന്ന് ഉത്സവകാലത്ത് കൊട്ടിയൂരിലെത്തിച്ച ദേവതകളെയെല്ലാം തിരിക ആവാഹിച്ച് വാളുകളിൽ ലയിപ്പിക്കുന്ന വാളാട്ടം നടന്നു.
തുടർന്ന് കുടിപതികൾ തേങ്ങയേറും നടത്തി. ഉത്സവത്തോടനുബന്ധിച്ചുള്ള ആയിരം കുടം അഭിഷേകത്തിന് മുമ്പായി തൃത്തറയിലെ പൂജകൾ അവസാനിപ്പിച്ച് ക്ഷേത്രത്തിന്റെ അഗ്നികോൺ സ്ഥിതിചെയ്യുന്ന കലശമണ്ഡപത്തിൽ കലശ പൂജയ്ക്കായുള്ള ഒരുക്കങ്ങളും പൂർത്തിയാക്കി. നിത്യപൂജകൾക്കുശേഷം ഇന്നലെ രാത്രിയോടെ തുടങ്ങിയ കലശപൂജ ഇന്ന് പുലർച്ചെ സമാപിച്ചു.