• Home
  • Kerala
  • മലിനീകരണം കുറയ്ക്കുന്ന ഹൈഡ്രജൻ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും: മന്ത്രി ആന്റണി രാജു
Kerala

മലിനീകരണം കുറയ്ക്കുന്ന ഹൈഡ്രജൻ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും: മന്ത്രി ആന്റണി രാജു

കാർബൺ ബഹിർഗമനം കുറഞ്ഞതും മലിനീകരണം പൂർണമായി ഇല്ലാതാക്കുന്നതുമായ ഹൈഡ്രജൻ വാഹനങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. നോർവെ എംബസി, ഇന്നൊവേഷൻ നോർവെ, ദി എനർജി ആന്റ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് (ടി.ഇ.ആർ.ഐ) എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ ഷിപ്പിംഗ് ആന്റ് ഇ-മൊബിലിറ്റി ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൊച്ചി മെട്രോ അനുബന്ധ സർവ്വീസിന് ഉപയോഗിക്കാൻ 10 ഹൈഡ്രജൻ ബസുകൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഗതാഗത വകുപ്പെന്നു മന്ത്രി പറഞ്ഞു. നോർവെ പോലുള്ള രാജ്യങ്ങൾ പുനരുപയോഗ ഊർജ്ജ മേഖലയിൽ നടത്തുന്ന പരീക്ഷണങ്ങളും പ്രവർത്തനങ്ങളും പ്രയോജനപ്പെടുത്തണം. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കാറായ ടൊയോട്ട മിറായ് രജിസ്റ്റർ ചെയ്ത് ഗതാഗത വകുപ്പിന് കീഴിലുള്ള ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജീനിയറിങ്ങിലെ വിദ്യാർഥികൾക്ക് പഠനത്തിനു നൽകിയ കാര്യവും മന്ത്രി പരാമർശിച്ചു. വാഹനപ്പെരുപ്പംമൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഒഴിവാക്കാൻ ഏറ്റവും മികച്ച മാർഗമാണ് ഇ-മൊബിലിറ്റി, പുനരുപയോഗ ഊർജ്ജമെന്നും അദ്ദേഹം പറഞ്ഞു.
2030ഓടെ ഇന്ത്യയ്ക്ക് ആവശ്യമായ ഊർജത്തിന്റെ 50 ശതമാനവും പുനരുപയോഗ സ്രോതസുകളിൽനിന്നു ലഭ്യമാക്കാനുള്ള പ്രയത്‌നത്തിലാണെന്ന് ടി.ഇ.ആർ.ഐ ഡയറക്ടർ ജനറൽ ഡോ. വീഭാ ധവാൻ പറഞ്ഞു. നോർവീജിയൻ അംബാസിഡർ ഹാൻസ് ജേക്കബ് ഫ്രിഡൻലന്റ്, ഇന്നൊവേഷൻ നോർവേ ആന്റ് ഇന്ത്യ കൺട്രി ഡയറക്ടർ ക്രിസ്റ്റ്യൻ വ്ളാഡ്‌സ് കാർട്ടർ, ഏഷ്യ ആൻ്ഡ് മിഡിൽ ഈസ്റ്റ് ഇന്നൊവേഷൻ നോർവെ റീജണൽ ഡയറക്ടർ ഒലേ ഹെനസ്, പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ ജ്യോതിലാൽ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ശിൽപ്പശാലയിൽ പങ്കെടുത്തു.

Related posts

പേരാവൂർ മാരത്തൺ-2022 ; സംഘാടക സമിതി രൂപവത്കരിച്ചു

Aswathi Kottiyoor

കോവിഡിനെ പ്രതിരോധിക്കാന്‍ ആന്റിബോഡി കേരളത്തിൽ 82% പേർക്ക്.

Aswathi Kottiyoor

പുതിയ റേഷൻ കട അനുവദിക്കില്ല: ഭക്ഷ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox