24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കിയാണ് സ്ത്രീപക്ഷ നവകേരളം യാഥാർത്ഥ്യമാക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ
Kerala

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കിയാണ് സ്ത്രീപക്ഷ നവകേരളം യാഥാർത്ഥ്യമാക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബശ്രീ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ഇനിയും ഊർജ്ജിതപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുമന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്ത്രീപക്ഷ നവകേരളം എന്നത് ചിലർ പറയുന്നത് പോലെ കേവലം വാചകമടിയിലൂടെയല്ല യാഥാർത്ഥ്യമാവുന്നതെന്നും സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കിയാണ് അത് സാധിതമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കുടുംബശ്രീയൊരുക്കുന്ന അഭയകേന്ദ്രമായ സ്നേഹിത ജെൻഡർ ഹെൽപ്ഡെസ്‌ക് നടത്തുന്ന പ്രവർത്തനങ്ങൾ ഇനിയും ഊർജ്ജിതപ്പെടുത്തും. ഹെൽപ്ഡെസ്‌ക് 14 ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും തണലൊരുക്കുന്ന കാര്യത്തിൽ, സ്ത്രീപക്ഷ നവകേരളം പരിപാടിക്ക് തുടക്കമായതോടെ കൂടുതൽ കരുത്തും വേഗവും കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് ആശ്രയിക്കാവുന്ന അഭയകേന്ദ്രം എന്നതിനപ്പുറം അവർക്ക് ശാരീരികവും മാനസികവും നിയമപരവുമായ സുരക്ഷ ഉറപ്പു വരുത്തുന്ന രീതിയിൽ ഉന്നതമായ പിന്തുണാസംവിധാനങ്ങളും സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്‌കിനൊപ്പം ഉൾച്ചേർത്തിട്ടുണ്ട്. സ്നേഹിതയിൽ സേവനത്തിനും പിന്തുണയ്ക്കുമായി എത്തുന്നവർക്ക് താത്കാലിക താമസ സൗകര്യവും കൗൺസിലിംഗും പുനരധിവാസ സഹായങ്ങളും, കൂടാതെ മറ്റ് വകുപ്പുകളുമായി ചേർന്ന് നിയമ ആരോഗ്യ പരിരക്ഷയും നൽകുന്നുണ്ട്. 24 മണിക്കുറും ലഭ്യമാകുന്ന ടെലി കൗൺസിലിങ്ങ് സേവനവും നിരവധി പേർക്ക് ഉപകാരപ്പെടുന്നുണ്ട്. സ്നേഹിതയിൽ എത്തുന്ന നിർധനരായ സ്ത്രീകൾക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിനു വേണ്ടി 14 ജില്ലകളിലും ലീഗൽ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുമായി സഹകരിച്ച് അഭിഭാഷകരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. നിയമസംവിധാനങ്ങളെ കുറിച്ച് അറിവില്ലാത്തവരും സ്വന്തമായി വരുമാനമില്ലാത്തവരുമായ സാധാരണക്കാരായ നിരവധി സ്ത്രീകൾക്ക് ഇതുവഴി പ്രയോജനം ലഭിക്കുന്നുണ്ട്. 2016 മുതൽ 2022 മാർച്ച് വരെ 35344 പേർ കേസുകൾ സ്നേഹിതയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് ആവശ്യമായ വിവിധ സേവനങ്ങൾ സ്നേഹിതയിലൂടെ ലഭ്യമാക്കി. കൂടാതെ 6326 പേർക്ക് താത്കാലിക അഭയവും ലഭ്യമാക്കിയെന്ന് മന്ത്രി പറഞ്ഞു.
സ്നേഹിതയുടെ പ്രവർത്തനം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാനുമായി കോളേജുകൾ, വിവിധ ജില്ലാ ജയിലുകൾ, പോലീസ് സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്നേഹിതാ എക്സ്റ്റൻഷൻ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. സ്‌കൂൾ വിദ്യാർഥികളെ ചൂഷണത്തിൽ നിന്നും രക്ഷിക്കുന്നതിനും അവരുടെ പ്രശ്നങ്ങളും ആശങ്കകളും തുറന്നു പറയുന്നതിനുള്ള വേദിയൊരുക്കാനും ആവശ്യമായ മാനസിക പിന്തുണ ലഭ്യമാക്കാനും ‘സ്നേഹിതാ അറ്റ് സ്‌കൂൾ’പദ്ധതി സംസ്ഥാനത്തെ 56 സ്‌കൂളുകളിൽ നടപ്പാക്കി വരുന്നുണ്ട്. ഗ്രാമ, തീരദേശ, ട്രൈബൽ മേഖലകളിലെ സ്‌കൂളുകളെയാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രാദേശികമായി സ്ത്രീകളുടെ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി വാർഡുതലത്തിൽ 19117 വിജിലന്റ് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ലിംഗാധിഷ്ഠിത അതിക്രമങ്ങളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനും ഇവ ഉപകാരപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ മാനസികവും ബൗദ്ധികവുമായ വികാസത്തിനായി തദ്ദേശ സ്ഥാപനതലത്തിൽ 729 ജെൻഡർ റിസോഴ്സ് സെന്ററുകൾ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. സ്ത്രീസുരക്ഷയ്ക്കും സ്ത്രീശാക്തീകരണത്തിനുമാണ് ഇവ ഊന്നൽ നൽകുന്നത്. അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന ഏതൊരു സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പിന്തുണാ സംവിധാനമായ കമ്മ്യൂണിറ്റി കൗൺസലിങ്ങിന് വേണ്ടി 360 കമ്മ്യൂണിറ്റി കൗൺസിലർമാർ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീ ഷീലോഡ്ജുകൾ പോലുള്ള സംവിധാനങ്ങൾ സ്ത്രീകൾക്ക് വലിയ ആശ്വാസമാണ്. തദ്ദേശ സ്ഥാപനങ്ങളിൽ സി.ഡി.എസ്തലത്തിൽ 1064 ജെൻഡർ റിസോഴ്സ് പേഴ്സൺമാരും കൂടാതെ 178 ജെൻഡർ റിസോഴ്സ് പേഴ്സൺസ് കോർ ടീമും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള വേദികളെ ശക്തിപ്പെടുത്തി സ്ത്രീപക്ഷ നവകേരളം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സർക്കാരുള്ളതെന്നും ഇത്തരം വസ്തുതകളെ മറച്ചുവെച്ച് തെറ്റായപ്രചരണങ്ങൾ നടത്തുന്നവർ സ്ത്രീവിരുദ്ധത മനസ്സിൽ പേറുന്നവരാണെന്നും മന്ത്രി കൂട്ടിചേർത്തു.

Related posts

സ്വാശ്രയ കോളേജ്‌ പ്രവേശനം : മേൽനോട്ട സമിതിക്ക്‌ നടപടി എടുക്കാം: സുപ്രീംകോടതി.

Aswathi Kottiyoor

പാവപ്പെട്ട കുട്ടികൾക്ക് ലാപ്ടോപ്,1000 കോടി ചെലവിടും; 3 മാസത്തിനകം ലഭിക്കും

Aswathi Kottiyoor

യുവതിക്ക് നേരെ പീഡനശ്രമം: ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox