കണ്ണൂർ: സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന് കണ്ണൂര്‍ ജില്ലാ അദാലത്തില്‍ 94 കേസുകള്‍ പരിഗണിച്ചതില്‍ 71 കേസുകള്‍ തീര്‍പ്പാക്കി. ആറളം ഫാമിലെ പട്ടികവര്‍ഗ പുനരധിവാസ മേഖലയില്‍ ആദിവാസികള്‍ക്ക് പട്ടികവര്‍ഗ പുനരധിവാസ വികസന മിഷന് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചു നല്കിയ 361 വീടുകളില്‍ 291 വീടുകളും വാസയോഗ്യമല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേട് ഉണ്ടോയെന്ന് അന്വേഷിക്കാന്‍ പട്ടികവര്‍ഗ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ചെയര്മാന് ബി.എസ്. മാവോജി അറിയിച്ചു.
വാസയോഗ്യമല്ലാത്തവയ്ക്ക് പകരം അത്രയും വീടുകള്‍ വീണ്ടും നിര്‍മിക്കാന്‍ അനുവാദം നല്‍കിയെന്ന് കമ്മീഷന് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മ്മാണ ഏജന്‍സിയായ സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന്റെ അധികാരികളെയും പട്ടികവര്‍ഗ വകുപ്പ് ഡയറക്ടറേയും തിരുവനന്തപുരത്ത് കമ്മീഷന് ഓഫീസില്‍ വിളിച്ച് ഹിയറിംഗ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ആദിവാസി ക്ഷേമസമിതിയുടെ പരാതി പ്രകാരമാണ് നടപടി.
ജാതീയ അധിക്ഷേപം പോലെ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമ നിയമപ്രകാരമുള്ള കേസുകള്‍ കണ്ണൂര്‍ ജില്ലയില്‍ ഇല്ലെന്ന് ചെയര്മാന് പറഞ്ഞു. ഇത് ജില്ലയുടെ സാമൂഹിക അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നു. ഭൂമി, പട്ടയം, സ്വകാര്യവഴി എന്നിവ സംബന്ധിച്ച കേസുകളും പരിഗണിച്ചു. ഇവയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്കി. 25 പുതിയ പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചു. രണ്ട് ദിവസമായി നടന്ന അദാലത്തില്‍ കമ്മീഷന് അംഗം എസ്. അജയകുമാറും പരാതികള്‍ പരിഗണിച്ചു.
previous post