ദേശീയ നിലവാരത്തിൽ പുതുതായി പണികഴിപ്പിച്ച പായം പഞ്ചായത്തിലെ വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ- വനിതാ – ശിശു വികസന മന്ത്രി വീണാജോർജ്ജ് ഉദ്‌ഘാടനം ചെയ്തു. ഇന്ന് ഓൺലൈനായി നടന്ന ഉദ്‌ഘാടന പരിപാടിയിൽ പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി സ്വാഗതം പറഞ്ഞ ചടങ്ങിന് സണ്ണി ജോസഫ് എം എൽ എ അദ്ധ്യക്ഷനായി. 1985 ൽ റൂറൽ ഡിസ്പെന്സറിയായായിരുന്നു തുടക്കം. പടിപടിയായ ഉയർച്ചയിലൂടെ പിന്നീട് പി എച്ച് സിയാക്കി മാറ്റുകയും കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റാനുള്ള കെട്ടിട നിർമ്മാണങ്ങൾ നടക്കുന്നതിനിടെ 2018 ഓഗസ്റ്റിൽ ഉണ്ടായ പ്രളയത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കെട്ടിടത്തിന് സാരമായ കേടുപാടുകൾ പറ്റുകയും ചെയ്തു. തുടർന്ന് ഇവിടെ ആശുപത്രിയുടെ പ്രവർത്തനം സാധ്യമല്ലാത്ത വന്നതോടെ സമീപത്തെ ഷാരോൺ ഫെലോഷിപ്പ് അധികൃതർ സൗജന്യമായി നൽകിയ കെട്ടിടത്തിൽ ആണ് ആശുപത്രിയുടെയുടെ പ്രവർത്തനം നടത്തി വന്നിരുന്നത്. 2018 ജൂണിൽ സി എച്ച് സി യെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി. വള്ളിത്തോട് ഷാരോൺ ബിലീവേഴ്‌സ് ചർച്ച് അധികൃതർ സൗജന്യമായി നൽകിയ അരയേക്കർ സ്ഥലം കൂടി ഉപയോഗപ്പെടുത്തിയാണ് നാഷണൽ ഹെൽത്ത് മിഷൻ വഴി ലഭിച്ച 2. 18 കോടി രൂപ ചിലവിൽ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള കെട്ടിടങ്ങൾ ഒരുക്കിയത്. പായം പഞ്ചായത്തിന്റെ 2021 – 22 പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ച് ഫർണിച്ചറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങി. നാഷണൽ ഹെൽത്ത് മിഷൻ വഴി ലഭിച്ച 15 ലക്ഷം കൂടി ഉപയോഗിച്ചാണ് സംരക്ഷണ ഭിത്തി നിർമ്മിച്ചിരിക്കുന്നത്. മികച്ച ലാബ് സൗകര്യമുള്ള ഇവിടെ നിന്നും ജനങ്ങൾക്ക് മിതമായ നിരക്കിൽ സേവനങ്ങൾ ലാഭമാക്കും. മികച്ച സൗകര്യമുള്ള ഒ. പി മുറികൾ, അത്യാധുനിക മെഡിക്കൽ സ്റ്റോർ, രോഗികൾക്ക് ഇരിക്കാൻ ആധുനിക സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഒ. പി ഉദ്‌ഘാടനവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ലാബ് ഉദ്‌ഘാടനവും നടത്തി. കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ എൻ. എച്ച്. എം ഡോ. പി. കെ. അനിൽകുമാർ, കണ്ണൂർ ആർദ്രം നോഡൽ ഓഫീസർ ഡോ. സച്ചിൻ കെ. സി എന്നിവർ സാന്നിദ്ധ്യം വഹിച്ചു. പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ ഇമ്യുണൈസേഷൻ ബ്ലോക്ക് ഉദ്‌ഘാടനവും പായം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ അശോകൻ മീറ്റിംഗ് ഹാൾ ഉദ്ഘാടനവും നിർവഹിച്ചു. ഷാരോൺ ഫെലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ്ജ്, ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി. പി. രവീന്ദ്രൻ എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ലിസ്സി ജോസഫ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ഹമീദ് കണിയാട്ടിൽ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി. പ്രമീള, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസ്സി പി. എൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് കുഞ്ഞിക്കണ്ടി, പായം ഗ്രാമപഞ്ചായത്ത് മെമ്പർ മിനി പ്രസാദ്, കെ. വി സക്കീർ ഹുസ്സൈൻ, ടോം മാത്യു, എം. ബാബുരാജ് പായം, എം. എസ് അമർജിത്ത്, പി. സി. ജോസഫ്, സി. ഡി. എസ്സ് ചെയർപേഴ്‌സൺ സ്മിത രജിത്ത്, ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജയകൃഷ്ണൻ എം. എസ്, പായാം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഡി തോമസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജെബിൻ അബ്രഹാം നന്ദി പറഞ്ഞു.