• Home
  • Kerala
  • ജില്ലയിൽ കമീഷൻ ചെയ്‌തത്‌ 300 സൗര നിലയങ്ങൾ
Kerala

ജില്ലയിൽ കമീഷൻ ചെയ്‌തത്‌ 300 സൗര നിലയങ്ങൾ

ജില്ലയിൽ കെഎസ്‌ഇബി കമീഷൻ ചെയ്‌തത്‌ 300 പുരപ്പുറ സൗരോർജ നിലയങ്ങൾ. ഇതിലൂടെ കെഎസ്‌ഇബി ഗ്രിഡ്ഡിന്‌ ലഭിക്കുന്നത്‌ 1.5 മെഗാവാട്ട്‌ വൈദ്യുതി. 5,200 പേരാണ്‌ കെഎസ്‌ഇബി ഇ കിരൺ പോർട്ടൽ വഴി സൗര പദ്ധതിയിൽ രജിസ്‌റ്റർ ചെയ്‌തത്‌. ഇതിന്‌ പുറമെ കെഎസ്‌ഇബി സബ്‌ ഡിവിഷൻ തലങ്ങളിൽ സ്‌പോർട്ട്‌ രജിസ്‌ട്രേഷൻ നടത്തിയിരുന്നു. ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയം സ്ഥാപിക്കാൻ വൻ അവസരമാണ്‌ കെഎസ്‌ഇബി ഒരുക്കിയത്‌.
ഉപഭോക്താക്കളാണ്‌ സൗരനിലയം സ്ഥാപിക്കുന്നതിനുള്ള എം -പാനൽ ചെയ്യപ്പെട്ട സോളാർ ഡവലപ്പർമാരെ തെരഞ്ഞെടുക്കുന്നത്‌. ഡവലപ്പർമാർ വീടുകൾ സന്ദർശിച്ച്‌ സൗരനിലയം സംബന്ധിച്ച്‌ വിശദാംശം അറിയിച്ച്‌ സർവേയും സാധ്യതാ പഠനവും നടത്തും. നിലയം സ്ഥാപിക്കുന്നതിന്‌ പുരപ്പുറം യോഗ്യമാണെങ്കിൽ കരാറുണ്ടാക്കി നിശ്ചിത ഫീസടച്ച് പ്രവൃത്തി തുടങ്ങും. സബ്സിഡി കഴിഞ്ഞുള്ള തുക ഉപഭോക്താക്കൾ അടച്ചാൽ മതി. 20 മുതൽ 40 ശതമാനം വരെയാണ്‌ സബ്‌സിഡി.
ജില്ലയിൽ രണ്ടായിരത്തോളം വീടുകളുടെ പുരപ്പുറം നിലയം സ്ഥാപിക്കാൻ പറ്റുന്നതാണെന്ന്‌ കണ്ടെത്തി. ഇതിലൂടെ ഏഴ്‌ മെഗാവാട്ട്‌ വൈദ്യുതി ഉൽപാദിപ്പിക്കാനാവും. സൗരനിലയങ്ങൾ വഴി ജില്ലയിൽ എട്ട്‌ മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ലക്ഷ്യമിടുന്നത്‌. ഒരു കിലോവാട്ട്‌ സൗരനിലയത്തിൽനിന്ന്‌ നല്ല കാലാവസ്ഥയാണെങ്കിൽ ദിവസം നാല്‌ യൂണിറ്റ്‌ വൈദ്യുതി ഉൽപാദിപ്പിക്കാനാവും. ജില്ലയിലെ ഭൂരിഭാഗം ഉപഭോക്താക്കളും മൂന്ന്‌ കിലോവാട്ട്‌ നിലയം സ്ഥാപിക്കാനാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. ഒരു സാധാരണ വീടിന്‌ ആവശ്യമായ വൈദ്യുതി മൂന്ന്‌ കിലോവാട്ട്‌ നിലയങ്ങളിൽനിന്ന്‌ ലഭിക്കും. ഗ്രിഡിൽ നൽകുന്ന വൈദ്യുതി കെഎസ്‌ഇബി അതത്‌ സമയം രേഖപ്പെടുത്തും. ഈ വൈദ്യുതിക്ക്‌ കെഎസ്‌ഇബി കാശ്‌ നൽകും. ഒരു വർഷത്തെ തുക ഒന്നിച്ചാണ്‌ നൽകുക. മാസ വൈദ്യുതി ബില്ലിൽ കുറവ്‌ വരുത്തിയ ശേഷമുള്ള തുകയാണ്‌ ഉപഭോക്താവിന്‌ ലഭിക്കുക.

Related posts

രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ദ്ധനവ്

Aswathi Kottiyoor

കുട്ടികൾക്കുള്ള ചികിത്സാ സൗകര്യം വർധിപ്പിക്കും; നടപടി കോവിഡ് മൂന്നാംതരംഗം മുന്നിൽകണ്ട്

Aswathi Kottiyoor

കോവിഡ് കേസുകള്‍ കുറഞ്ഞാലും മരണസംഖ്യ ഉയരാന്‍ സാധ്യത; മൂന്നാഴ്ച നിര്‍ണായകം: മുഖ്യമന്ത്രി……….

Aswathi Kottiyoor
WordPress Image Lightbox