സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി ജില്ലയിൽ 1857 വീടുകൾ കൈമാറി. ലൈഫ് മിഷൻ അടക്കമുള്ള ഭവനപദ്ധതികളിലുൾപ്പെടുത്തി നിർമിച്ച വീടുകളാണ് കൈമാറിയത്. ലൈഫ് മിഷൻ ഭവന പദ്ധതിയുടെ താക്കോൽ കൈമാറ്റത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിച്ചു. ആന്തൂർ അയ്യങ്കോലിലെ സന്ധ്യാദേവിക്ക് താക്കോൽ കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
ലൈഫ് മിഷൻ ഭവന പദ്ധതി, ലൈഫ് പിഎംവൈകെ പദ്ധതികൾ പ്രകാരം ജില്ലയിൽ 11,084 വീടുകളുടെ നിർമാണമാണ് പൂർത്തിയാക്കിയത്. ഗ്രാമ പഞ്ചായത്തുകളിൽ 5997 വീടുകളും പിഎംഎവൈ നഗരം പദ്ധതിയിലൂടെ 4364 വീടുകളും പൂർത്തിയാക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് മുഖേനയുള്ള പിഎംഎവൈ ഗ്രാമീൺ പദ്ധതിയിലൂടെ 723 പേർക്ക് വീട് ലഭിച്ചു. 19469 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 13772 പേർ തദ്ദേശ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
ലൈഫ് മിഷൻ പദ്ധതി പ്രകാരം ഫ്ലാറ്റ് സമുച്ചയം പണിയുന്നതിന് ജില്ലയിൽ 38 ഇടത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഭൂമി ഇല്ലാത്തവർക്ക് സ്ഥലം ലഭ്യമാക്കാൻ സർക്കാർ ആരംഭിച്ച ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായി 50 സെന്റ് ഭൂമി ലഭ്യമായിട്ടുണ്ട്. ഇവിടെയും വൈകാതെ നിർമ്മാണം ആരംഭിക്കും.
ഭർത്താവും രണ്ട് മക്കളുമടങ്ങുന്ന സന്ധ്യാദേവിയുടെ കുടുംബത്തിനാണ് ആന്തൂർ അയ്യങ്കോലിൽ വീട് നിർമിച്ച് നൽകിയത്. ചടങ്ങിൽ ആന്തൂർ നഗരസഭാ വൈസ് ചെയർമാൻ വി സതീദേവി അധ്യക്ഷയായി. ലൈഫ് മിഷൻ ജില്ലാ അസി.പ്രൊജക്ട് ഓഫീസർ കെ രജിത റിപ്പോർട്ട് അവതരിപ്പിച്ചു. ആന്തൂർ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ എം ആമിന, കെ വി പ്രേമരാജൻ, പി കെ മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ പി ഉണ്ണികൃഷ്ണൻ, തദ്ദേശ ഭരണ വകുപ്പ് ജോ. ഡയറക്ടർ ടി ജെ അരുൺ, പാച്ചേനി വിനോദ്, ആന്തൂർ നഗരസഭാ സെക്രട്ടറി പി എൻ അനീഷ് എന്നിവർ പങ്കെടുത്തു.