22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പാത ഇരട്ടിപ്പിക്കൽ : കൂട്ടത്തോടെ ട്രെയിൻ റദ്ദാക്കൽ; യാത്രാക്ലേശം രൂക്ഷമാകും
Kerala

പാത ഇരട്ടിപ്പിക്കൽ : കൂട്ടത്തോടെ ട്രെയിൻ റദ്ദാക്കൽ; യാത്രാക്ലേശം രൂക്ഷമാകും

ഏറ്റുമാനൂരിനും ചിങ്ങവനത്തിനുമിടയിലുള്ള പാതയിരട്ടിപ്പിക്കൽ ജോലികൾക്കായി ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കുന്നതോടെ യാത്രാക്ലേശം രൂക്ഷമാകും. വ്യാഴംമുതൽ ഗതാഗത നിയന്ത്രണം ആരംഭിച്ചെങ്കിലും 20ന്‌ ശേഷമാണ്‌ കൂടുതൽ ട്രെയിനുകൾ റദ്ദാക്കുന്നത്‌. 22 ട്രെയിൻ പൂർണമായി റദ്ദാക്കി. 30 ട്രെയിൻ ആലപ്പുഴ വഴി തിരിച്ചുവിട്ടു. ട്രെയിനുകൾ ഭാഗികമായും സർവീസ്‌ റദ്ദാക്കിയിട്ടുണ്ട്‌.

ആയിരക്കണക്കിനാളുകൾ യാത്രയ്‌ക്കായി ആശ്രയിക്കുന്ന പരശുറാം എക്‌സ്‌പ്രസ്‌, കണ്ണൂർ–-തിരുവനന്തപുരം–-കണ്ണൂർ ജനശതാബ്‌ദി, വേണാട്‌ എക്‌സ്‌പ്രസ്‌ തുടങ്ങിയ ട്രെയിനുകളാണ്‌ റദ്ദാക്കുന്നത്‌. ഐലൻഡ്‌ എക്‌സ്‌പ്രസും വേണാടും അഞ്ച്‌ ദിവസവും പരശുറാം ഒമ്പത്‌ ദിവസവും ജനശതാബ്‌ദി ആറ്‌ ദിവസവും സർവീസ്‌ നടത്തില്ല. കോവിഡ് കാല നിയന്ത്രണങ്ങൾക്കുശേഷം ജനത്തിരക്ക്‌ തുടങ്ങിയതിനാൽ കൂട്ടത്തോടെയുള്ള ട്രെയിൻ റദ്ദാക്കൽ യാത്രാദുരിതം സൃഷ്‌ടിക്കും. വടക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന പ്രധാന ട്രെയിനുകൾ പൂർണമായി റദ്ദാക്കുന്നതിന്‌ പകരം ഭാഗികമായെങ്കിലും സർവീസ്‌ നടത്തുംവിധം സർവീസ്‌ പുനഃക്രമീകരിക്കണമെന്നാണ്‌ പാസഞ്ചർ അസോസിയേഷനുകൾ ആവശ്യപ്പെടുന്നത്‌.
പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിനുകൾ വിവിധ സ്‌റ്റേഷനുകളിൽ പിടിച്ചിട്ട്‌ മണിക്കൂറുകൾ വൈകിയാണ്‌ ഇപ്പോൾ സർവീസ്‌ നടത്തുന്നത്‌. ഐലൻഡ്‌ എക്‌സ്‌പ്രസ്‌, ഗംഗാനഗർ–-കൊച്ചുവേളി തുടങ്ങിയവയാണ്‌ പിടിച്ചിടുന്നത്‌. കോവിഡ്‌ കാലത്ത്‌ നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. എല്ലാ ട്രെയിനുകളിലും അൺറിസർവ്‌ഡ്‌ കോച്ചുകൾ അനുവദിച്ചിട്ടുമില്ല. ഇതിനാൽ ജനറൽ കോച്ചിൽ എക്‌സ്‌പ്രസ്‌ നിരക്ക്‌ നൽകിയാണ്‌ യാത്ര ചെയ്യേണ്ടിവരുന്നത്‌. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും റെയിൽവേയുടെ ഭാഗത്തുനിന്ന്‌ നടപടിയില്ല. മുതിർന്ന പൗരൻമാരുടേതുൾപ്പെടെയുള്ള യാത്രാ ഇളവുകളും പുനഃസ്ഥാപിച്ചിട്ടില്ല.

Related posts

1 വർഷം 1 കോടി ഫയൽ ; ഇ ഗവേണൻസില്‍ ചരിത്രമെഴുതി ഐഎല്‍ജിഎംഎസ്

Aswathi Kottiyoor

അങ്കമാലി – എരുമേലി പദ്ധതിയുടെ 50 ശതമാനം ചെലവ്‌ വഹിക്കാമെന്ന്‌ കേരളം

Aswathi Kottiyoor

പ്രമോഷന്‍’;സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് നിയന്ത്രണം; ലംഘിച്ചാല്‍ 50 ലക്ഷംവരെ പിഴ.*

Aswathi Kottiyoor
WordPress Image Lightbox