കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി 15ന് പുലര്‍ച്ച ഭഗവാന്റെ സ്വയംഭൂവില്‍ അഭിഷേകം ചെയ്യാനുള്ള നെയ്ക്കുടങ്ങളുമായി കാല്‍നടയായി പുറപ്പെടും. മഹോത്സവത്തിന് തുടക്കംകുറിച്ച് 15ന് നടക്കുന്ന നെയ്യാട്ടത്തിന് നെയ്യമൃത് വ്രതക്കാര്‍ കഴിഞ്ഞ ദിവസം മഠങ്ങളില്‍ പ്രവേശിച്ചിരുന്നു.
കഴിഞ്ഞ പ്രക്കൂഴം നാളില്‍ വ്രതമാരംഭിച്ച സംഘങ്ങള്‍ തിങ്കളാഴ്ച ആയില്യം നാളില്‍ കലശംകുളിച്ച് പഞ്ചഗവ്യം സേവിച്ച് ദേഹശുദ്ധി വരുത്തിയാണ് മഠങ്ങളില്‍ പ്രവേശിച്ച് കഠിന വ്രതമാരംഭിച്ചത്. 28 ദിവസത്തെ വ്രതനിഷ്ഠയോടെയാണ് നെയ്യുമായി കൊട്ടിയൂരിലേക്ക് മഠങ്ങളില്‍നിന്ന് വ്രതക്കാര്‍ കാല്‍നടയായി യാത്രതിരിക്കുക. കീഴൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മഠം കാരണവര്‍ പി. ആര്. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ 18 പേരാണ് തിങ്കളാഴ്ച മഠത്തില്‍ പ്രവേശിച്ചത്. ക്ഷേത്രം മേല്‍ശാന്തി സുബ്രഹ്മണ്യന് നമ്പൂതിരി കലശംകുളിക്ക് നേതൃത്വം നല്കി.