കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനാവശ്യമായ വിളക്കുതിരികളുമായി വിളക്കുതിരിസംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. പൂയ്യംനാളായ ഞായറാഴ്ച രാത്രി ഒൻപതുമണിയോടെ പുറക്കളം തിരൂർക്കുന്ന് ഗണപതി ക്ഷേത്രത്തിൽനിന്നാണ് സംഘം കാൽനടയായി കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചത്. മണിയൻ ചെട്ടിയാൻ സ്ഥാനികൻ ചിങ്ങൻ കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴുപേരാണ് സംഘത്തിലുള്ളത്. കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കുന്ന പ്രക്കൂഴം ചടങ്ങ് മുതൽ വ്രതം നോറ്റ് നിൽക്കുന്ന സംഘം രേവതിനാളിലാണ് വ്രതശുദ്ധിയോടെ പുറക്കളത്തെ മഠത്തിൽ കയറിയത്. ആചാരാനുഷ്ഠാനങ്ങളൊടെയാണ് ഉത്സവത്തിന്റെ പ്രധാന ഭാഗമായ വസ്തുക്കൾ നിർമിച്ചത്. ഒരുമാസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനാവശ്യമായ വിളക്കുതിരികൾ, കൂത്തിരി, കിള്ളിശീല, തലപ്പാവ്, ഉത്തരീയം എന്നിവയാണ് ഒൻപത് ദിവസംകൊണ്ട് സംഘം നിർമിച്ചത്. പുറക്കളം ഗണപതി ക്ഷേത്രത്തിൽ നടന്ന പ്രത്യേക ചടങ്ങുകൾക്കും അന്നദാനത്തിനും ശേഷം ഓംകാരവിളികളോടെയാണ് സംഘം യാത്രയായത്. ചൊവ്വാഴ്ച പുലർച്ചയോടെ ഇക്കരെ കൊട്ടിയൂരിലെത്തുന്ന മണിയൻ ചെട്ടിയാൻ സംഘം വിളക്കുതിരികളും മറ്റും ക്ഷേത്രഭാരവാഹികളെ ഏൽപ്പിക്കും. ക്ഷേത്ര ഊരാളന്മാരുടെ അടിയന്തരയോഗം ചേർന്ന് വസ്തുവകകൾ എണ്ണിത്തിട്ടപ്പെടുത്തി ഏറ്റെടുക്കുന്നതോടെയാണ് പ്രധാന ചടങ്ങായ നീരെഴുന്നള്ളത്ത് ആരംഭിക്കുക. കഴിഞ്ഞ 47 വർഷമായി ചിങ്ങൻ കൃഷ്ണന്റെ നേതൃത്വത്തിലാണ് വിളക്കുതിരികൾ കൊണ്ടുപോകുന്നത്. തൊണ്ടൻ രാഘവൻ, ചിങ്ങൻ പ്രകാശൻ, കതിരൻ ഭാസ്‌കരൻ, കറുത്ത പ്രേമരാജൻ, കതിരൻ പ്രജീഷ്, കറുത്ത പ്രദീപൻ എന്നിവരാണ് സംഘത്തിലുള്ളത്.
previous post