കണ്ണൂർ: സൈബർ സുരക്ഷയും സൈബർ ഉപയോഗവും പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം അമ്മ അറിയാൻ’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ ആദ്യ ക്ലാസ് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. അര മണിക്കൂറുള്ള അഞ്ചു സെഷനായാണ് പരിശീലനം നടന്നത്. സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം എന്നതായിരുന്നു ഒന്നാമത്തെ സെഷൻ. ഒറ്റത്തവണ പാസ്വേഡ്, പിൻ തുടങ്ങിയ പാസ് വേർഡുകളുടെ സുരക്ഷ വിവരിക്കുന്ന രണ്ടാം സെഷനിൽ ‘രക്ഷിതാവും കുട്ടിയും മൊബൈൽ ഫോൺ ഉപയോഗവും’ എന്ന ഭാഗവും ചർച്ച ചെയ്തു. വ്യാജവാർത്തകളെ കണ്ടെത്താനും തിരിച്ചറിയാനും പരിശോധിക്കാനും കഴിയുന്നതോടൊപ്പം വ്യാജവാർത്തകളെ തടയാൻകൂടി സഹായിക്കുന്ന ‘വാർത്തകളുടെ കാണാലോകം’ ആയിരുന്നു മൂന്നാം സെഷൻ. ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്ന നാലാം സെഷനിൽ സൈബർ ആക്രമണങ്ങളും ഓൺലൈൻ പണമിടപാടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിവരിച്ചു. ‘ഇന്റർനെറ്റ് അനന്ത സാധ്യതകളിലേക്കുള്ള ലോകം’ എന്നതായിരുന്നു അഞ്ചാം സെഷൻ.
വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന ചടങ്ങിൽ വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി, എഡിജിപി മനോജ് ഏബ്രഹാം, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് എന്നിവർ സംബന്ധിച്ചു. ജില്ലാ തല പരിപാടിയിൽ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ മുഖ്യാധ്യാപകൻ പി.മഹേഷ് അധ്യക്ഷനായിരുന്നു. ലിറ്റിൽ കൈറ്റ് യൂണിറ്റ് ചുമതലയുള്ള പി. ബിനോജ് ജെയിംസ്, ടി.പി. അനീഷ്, കൈറ്റ് കേരളയുടെ കണ്ണൂർ ജില്ലയിലെ മാസ്റ്റേർസ് ട്രെയിനർമാരായ പി.പി. നളിനാക്ഷൻ, കെ.എം. മക്ബൂൽ, ഒൻപതാം ക്ലാസ് വിദ്യാർഥികളായ എം. ശ്രീപാൽ സ്വാമിനാഥ്, ആബേൽ മനോജ്, ഒ.അഭിനന്ദ് എന്നിവർ ക്ലാസെടുത്തു.