*കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം പത്താം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്കായി 21 ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് ആരംഭിച്ചു. കവാത്ത് എന്ന് പേരിട്ടിരിക്കുന്ന സമ്മർ ക്യാമ്പ്ന്‍റെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവന്‍ പാലുമ്മി അദ്ധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് സി സി സന്തോഷ്, യോഗ പരിശീലകൻ ധനേഷ് എടക്കാനം, അശ്വതി കെ ഗോപിനാഥ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടര്‍ന്ന്, പ്രവേശക പ്രവര്‍ത്തനമായ മഞ്ഞുരുകല്‍ ഗുരുകുലം കോളേജ് പ്രിന്‍സിപ്പാള്‍ ഷാജന്‍ ജോസിന്‍റെ നേതൃത്വത്തില്‍ നടന്നു. കുട്ടികൾ കളിച്ചും ചിരിച്ചും പഠിച്ചും അവധിക്കാലം ചെലവഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.*
*ഏഴാം ക്ലാസിൽ നിന്ന് നേരിട്ട് പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾ എന്ന പ്രത്യേകതയാണ് ഇപ്പോൾ പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കുള്ളത്. അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങള്‍ പരിഹരിക്കുന്നതിനും അവർക്കുണ്ടായ വിദ്യാഭ്യാസപരമായ കുറവ് നികത്തുന്നതിനും അവരെ മാനസികവും ശാരീരികവും ബുദ്ധിപരവുമായി ഒരുക്കുന്നതിനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ യോഗ പരിശീലനം, ആരോഗ്യപരിപാലനം, ആസ്വാദ്യകരമായ പഠനം എന്നിവ ഒരുക്കിയിട്ടുണ്ട്. കൗമാരപ്രായക്കാരായ കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വിദഗ്ധരുടെ ക്ലാസ്സുകളും ഉണ്ടായിരിക്കും. മെയ് മാസം 27 നാണ് ക്യാമ്പ് സമാപിക്കുന്നത്. 8, 9 ക്ളാസിലെ ുട്ടികള്‍ക്ക് ജൂണ്‍ മാസത്തിലാണ് ക്യാമ്പ് ആരംഭിക്കുക. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും ജോസഫ് കെ സി നന്ദിയും പറഞ്ഞു.*