കണിച്ചാർ പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം സജ്ജമായി. എം എൽ എ അഡ്വ. സണ്ണി ജോസഫിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് 65 ലക്ഷം രൂപ മുടക്കിയാണ് കണിച്ചാർ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന് മുകളിലായി 7000 സ്ക്വയർഫീറ്റ് വിസ്തീർണത്തിൽ പുതിയ ഓഫീസ് കെട്ടിടം നിർമ്മിച്ചത്.
കെട്ടിടത്തിനകത്ത് അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനായി പഞ്ചായത്തിലെ തനത് ഫണ്ടിൽ ഉൾപ്പെടുത്തി 55 ലക്ഷം രൂപയാണ് ചിലവഴിച്ചത്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഹാളും സജ്ജീകരിച്ചിട്ടുണ്ട്.
മറ്റു പഞ്ചായത്ത് ഓഫീസുകളിൽ നിന്നും വ്യത്യസ്തമായി ചുവരിലും മറ്റും കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന തരത്തിലുള്ള ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.
വർഷങ്ങൾ പഴക്കമുള്ള പഴയ ഓഫീസ് കെട്ടിടത്തിൽ ഭരണസമിതി അംഗങ്ങൾ അടക്കം 39 പേരാണുള്ളത് മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ തന്നെ അസൗകര്യങ്ങളുടെ നടുവിലായിരുന്നു.
ഓഫീസിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ജീവനക്കാർക്കും ഓഫീസിൽ എത്തുന്നവർക്കും പ്രയോജനമാകും.