ഇരിട്ടി: കിഴൂർ ആക്കപ്പറമ്പ് കോളനി അന്തേവാസികളുടെ വർഷങ്ങളായുള്ള സ്വപ്നത്തിന്റെ സാഫല്യമെന്നോണം ഇവരുടെ കിടപ്പാടങ്ങൾക്ക് പട്ടയം ലഭിച്ചു. ഒപ്പം അടച്ചുറപ്പുള്ള വീടെന്ന സ്വപ്നവും വ്യാഴാഴ്ച നടന്ന ഭവന നിർമ്മാണ പ്രഖ്യാപനത്തോടെ പൂവണിയാൻ പോകുന്നു. തലശ്ശേരി ലീഗൽ സർവീസ് കമ്മിറ്റിക്ക് ആറുമാസം മുൻപ് ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തിൽ സർവീസ് കമ്മിറ്റി ചെയർമാനും വിജിലൻസ് സ്‌പെഷ്യൽ ജഡ്ജുമായ കെ.കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണങ്ങൾ ക്കൊടുവിലാണ് ചുവപ്പ് നടയിൽ കുരുങ്ങിക്കിടന്ന് ഒരിക്കലും പട്ടയം ലഭിക്കില്ലെന്ന് കരുതിയിരുന്ന കോളനിയിലെ ആറ് കുടുംബങ്ങൾക്കും പട്ടയവും വീടും ലഭിക്കുന്നത്. കൂടാതെ കോളനിക്കാർക്ക് കുടിവെള്ളവും റോഡും ഇവരുടെ ഇടപെടൽ മൂലം യാഥാർഥ്യമായി. പരാതിക്കാരെ കോടതിമുറിയിലേക്കു വിളിച്ചു വരുത്തുന്നതിന് പകരം ജഡ്‌ജിതന്നെ നേരിട്ട് ഇറങ്ങി കോളനി സന്ദർശിക്കുകയായിരുന്നു. കോളനിയുടെ അവസ്ഥ നേരിൽ കണ്ട ജഡ്ജി നഗരസഭാ അധികൃതരോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ഇവിടെ ജീവിക്കുന്നവർ മനുഷ്യരല്ലേ എന്ന് അന്ന് ചോദിച്ചിരുന്നു.
കുട്ടികളടക്കം മുപ്പതോളം പേർ താമസിക്കുന്ന കോളനിയിൽ അഞ്ചുവീടുകൾ ഉണ്ടായിരുന്നെങ്കിലും ഇതിൽ നാലു വീടുകളും താമസിക്കുവാൻ കഴിയാത്ത വിധം ജീർണ്ണാവസ്ഥയിലായിരുന്നു. പതിറ്റാണ്ടുകളായി ഇവർ താമസിക്കുന്ന കോളനിയിലെ സ്ഥലത്തിന് ഒരു രേഖയും ലഭ്യമായിരുന്നില്ല. കോളനിയിൽ എത്തിച്ചേരാനുള്ള വഴിയും ദുർഘടം പിടിച്ചതായിരുന്നു. വര്ഷങ്ങള്ക്കു മുൻപ് കുടിവെള്ളത്തിനായി സ്ഥാപിച്ച വാട്ടർടാങ്കും പൈപ്പ് ലൈനുകളും തകർന്നുകിടക്കുന്ന അവസ്ഥയായിരുന്നു. ലീഗൽ സർവ്വീസ് അതോറിറ്റിയുടെ ഇടപെടലോടെ ഇതിനെല്ലാം പരിഹാരമായി. കോളനിവാസികൾക്ക് കൈവശഭൂമിക്ക് പട്ടയം കിട്ടുകയും വാസയോഗ്യമായ വീട് നിർമ്മിക്കാൻ പട്ടിക വർ്ഗ്ഗ വികസന വകുപ്പിൽ നിന്നും നടപടിഉണ്ടാവുകയും ചെയ്തു.
ആറ് കുടുംബങ്ങൾക്കുള്ള പട്ടയവിതരണവും ഭവന നിർമ്മാണ പ്രഖ്യാപനവുമാണ് വ്യാഴാഴ്ച നടന്നത്. കോളനിയിലെ താമസക്കാരായ വിമല, നങ്ങ, ദേവി, നാണു, സുരേന്ദ്രൻ, ലീല എന്നിവർക്കാണ് പട്ടയം നൽകിയത്. തലശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ഇരിട്ടി നഗരസഭയുടെയും ആഭിമുഖ്യത്തിൽ കീഴൂർ വി യു പി സ്‌കൂളിൽ വച്ച് നടന്ന പട്ടയ വിതരണവും ഭവന നിർമ്മാണ പദ്ധതി പ്രഖ്യാപനവും വിജിലൻസ് സ്‌പെഷൽ ജഡ്ജിയും തലശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ കെ.കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ ചെയർപേഴ്‌സൺ കെ. ശ്രീലത അധ്യക്ഷയായി. ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ലെസ്സി. കെ. പയസ്സ്, നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, പ്രൊജക്ട് ഓഫീസർ സന്തോഷ് കുമാർ, വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി, ഇരിട്ടി താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് തഹസിൽദാർ എ.വി. പത്മാവതി, പാരലീഗൽ വളണ്ടിയർമാരായ വാഴയിൽ ഭാസ്‌ക്കരൻ, അഞ്ജലി പോൾ തുടങ്ങിയവരും പങ്കെടുത്തു.