കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. പേരാവൂർ ഡിവൈഎസ്പി എ.വി.ജോണിന്റെ നേതൃത്വത്തിൽ ഇക്കരെ കൊട്ടിയൂർ ക്ഷേത്ര ഹാളിൽ നടന്ന യോഗത്തിൽ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്തു.
വാഹനങ്ങൾ ക്ഷേത്രത്തിന് എത്തുന്നതിന് മുമ്പ് ടോക്കൺ സംവിധാനം നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ തീരുമാനിച്ചു. സുരക്ഷയുടെ ഭാഗമായി നിരീക്ഷണത്തിനായി വാച്ച് ടവർ സ്ഥാപിക്കാനും തിരക്കുള്ളപ്പോൾ സമാന്തര പാത ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കണമെന്നും നിർദേശമുണ്ടായി.
പാർക്കിംഗിന് സമീപത്തെ സ്കൂളുകളുടെയും മറ്റ് ആരാധാനാലയങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും സ്ഥലങ്ങൾ ഏറ്റെടുക്കും. ഉത്സവം കഴിയുന്നത് വരെ കൊട്ടിയൂരിലൂടെ ചെങ്കൽ ലോറികളും മറ്റ് ഭാരം കയറ്റിയ ലോറികളും നിരോധിക്കും. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവും വില്പനയും തടയാൻ കർശന നടപടികൾ സ്വീകരിക്കും. നെടുംപൊയിൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മഞ്ഞളാംപുറം വഴി തിരിച്ചുവിടും.
പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവിശിഷ്ടങ്ങളും പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് കർശനമായി തടയുകയും ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. രോഗികളെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ സംവിധാനം, അക്കരെ കൊട്ടിയൂരിൽ ഇസിജി അടക്കമുള്ള സംവിധാനം എന്നിവ തയാറാക്കും. നിലവിലുള്ള രണ്ട് ആംബുലൻസിന് പുറമെ കൂടുതൽ ആംബുലൻസ് സംവിധാനം ഒരുക്കും. ഉത്സവനഗരിയിൽ എക്സൈസിന്റെ പ്രത്യേക ടീമിനെയും നിയോഗിക്കും.
കേളകം ടൗണിലെ ഓട്ടോ-ടാക്സി സ്റ്റാൻഡുകൾ ഉത്സവം കഴിയുന്നതുവരെ നിർത്തലാക്കും. ഉത്സവം കഴിയുന്നതു വരെ കെഎസ്ഇബി ജീവനക്കാരുടെ മുഴുവൻസമയ സേവനവും കൊട്ടിയൂരിൽ ഉറപ്പു വരുത്തും. ഗതാഗത നിയന്ത്രണം ക്രമസമാധാനം എന്നിവയ്ക്കായി കൂടുതൽ പോലീസുകാരുടെ സേവനം ഉപയോഗപ്പെടുത്താനും അവലോകന യോഗം തീരുമാനിച്ചു.
കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ റോയി നമ്പുടാകം, ആന്റണി സെബാസ്റ്റ്യൻ, ദേവസ്വം സീനിയർ ക്ലർക്ക് സുരേഷ്, ദേവൻ, പേരാവൂർ സിഐ ബിജോയി, പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ വിജേഷ്,
കേളകം എസ്ഐ ജാൻസി മാത്യു, കൊട്ടിയൂർ മെഡിക്കൽ ഓഫീസർ ഡോ.സരുൺ, കേളകം കെഎസ്ഇബി അസി. എൻജിനീയർ സമിത്ത്, കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുധാകരൻ, കേളകം പഞ്ചായത്ത്സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം സജീവൻ പാലുമി, കൊട്ടിയൂർ വില്ലേജ് ഓഫീസർ ജോമോൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.