കണ്ണൂർ: അടുത്ത വർഷം കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂർ പ്രസ് ക്ലബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തവർഷം മലബാറിൽനിന്ന് ഹജ്ജ് എംബാർക്കേഷൻ പോയിന്റ് ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ വിമാനത്താവളം എംബാർക്കേഷൻ കേന്ദ്രമാക്കുന്നതിന് നിലവിൽ യാതൊരു അയോഗ്യതയുമില്ല. കേരളത്തിൽ നിലവിലെ ഹജ്ജ് ക്വാട്ടയ്ക്ക് പുറമേ കുറച്ചധികം കൂടി കിട്ടാനുള്ള സാധ്യതയുണ്ട്. 17000 അപേക്ഷ കേരളത്തിൽനിന്നുണ്ട്. എന്നാൽ 5500 പേർക്കെ പോകാൻ സാധിക്കൂ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഒഴിവ് വരുന്ന മുറയ്ക്ക് കേരളത്തിന് കൂടുതൽ സീറ്റ് ലഭിക്കും. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ഈ വർഷത്തെ ഹജ്ജിന് കർശന നിയന്ത്രണമുണ്ട്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ടയും ഇക്കുറി കുറഞ്ഞു. ഒരു മാസമാണ് ഹജ്ജ് യാത്രയ്ക്കുള്ള ഒരുക്കത്തിന് ലഭിച്ചത്. മേയ് 31 ന് ആദ്യ ബാച്ച് അവിടെ എത്തണം. സാധാരണ നാല് മാസം വരെ ഒരുക്കങ്ങൾക്ക് ലഭിക്കാറുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കേണ്ടതാണ്. അതിന് കേന്ദ്രവും സംസ്ഥാനവുമൊക്കെ ശ്രമിക്കണം. സംസ്ഥാന സർക്കാർ നികുതി കുറച്ച് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എ.കെ. ഹാരിസ്, സെക്രട്ടറി പ്രശാന്തൻ പുത്തലത്ത്, സതീശൻ എന്നിവരും പങ്കെടുത്തു.