സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രഖ്യാപിച്ച ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫലോഷിപ്പുകൾ മെയ് 18ന് മുഖ്യമന്ത്രി വിതരണം ചെയ്യും.
വിവിധ വിഷയങ്ങളിൽ പിഎച്ച്ഡി പൂർത്തിയാക്കിയ ഗവേഷകരായ അപേക്ഷകരിൽ നിന്ന് 77 പേരെയാണു ഫെലോഷിപ്പിനു തെരഞ്ഞെടുത്തത്. മുഴുവൻ സമയ ഗവേഷണത്തിനായി ഒന്നാം വർഷം 50,000 രൂപയും രണ്ടാം വർഷം 1,00,000 രൂപയും ഫെലോഷിപ്പ് തുകയായി നൽകും. രണ്ടു വർഷത്തേക്കാണു ഫെലോഷിപ്പ്. അത്യാവശ്യമെന്ന് ബോധ്യമായാൽ പരമാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകും. സാമൂഹ്യ, സാമ്പത്തിക, കാർഷിക, വ്യാവസായിക മേഖലകളിലെ നൂതനവും സംസ്ഥാനത്തിന്റെ റീബിൽഡ് കേരള വികസനപുരോഗതിക്ക് ആക്കം കൂട്ടുന്നതുമായ, ഗവേഷണ ആശയങ്ങളെയാണു പദ്ധതിയിലൂടെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്.
ലൈഫ് സയൻസ്-21, കെമിക്കൽ സയൻസ്-10, മെറ്റീരിയൽ സയൻസ്-7, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്റോറിക്കൽ സ്റ്റഡീസ്, ഹ്യുമാനിറ്റീസ് ആൻഡ് ലിബറൽ ആർട്‌സ്-5, ഇക്കോണമിക് സ്റ്റഡീസ്-5, അഗ്രികൾച്ചർ ആൻഡ് ഇക്കോളജിക്കൽ സയൻസ്-7, ക്ലൈമറ്റ് ചേഞ്ച് ആൻഡ് ജിയോളജിക്കൽ സ്റ്റഡീസ്-8, മെഡിക്കൽ സയൻസ്-2, കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ്-6, ഡിജിറ്റൽ ടെക്‌നോളജി ആൻഡ് എഞ്ചിനീയറിങ്-6 എന്നിങ്ങനെയാണ് ഓരോ വിഷയങ്ങളിലും നൽകുന്ന ഫെലോഷിപ്പിന്റെ എണ്ണം.
ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ആർട്‌സ് ആൻഡ് ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിൽ ഗവേഷണ ബിരുദം (പിഎച്ച്ഡി) ഉള്ള കേരളീയരിൽ നിന്നും കേരളത്തിലെ സർവകലാശാലാ/ഇൻസ്റ്റിറ്റ്യൂട്ടിൽ കേരളത്തെ സംബന്ധിച്ച വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന മലയാളികൾ അല്ലാത്തവരിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. 40 വയസായിരുന്നു പരമാവധി പ്രായം. ഡോ.സജി ഗോപിനാഥ് (വൈസ് ചാൻസിലർ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ആൻഡ് ചെയർ പ്രൊഫസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്), പ്രൊഫ. ഗംഗൻ പ്രതാപ് (ആക്ടിംഗ് ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി), ഡോ. സി.പി. രാജേന്ദ്രൻ (ഫോർമർ പ്രൊഫസർ, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, ഐഐഎസ്സി ബാംഗ്ലൂർ), പ്രൊഫ. സുരേഷ് ദാസ് (ഫോർമർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആൻഡ് എൻവിയോൺമെന്റ്), പ്രൊഫ. എച്ച്.എ രംഗനാഥൻ (വിസിറ്റിംഗ് പ്രൊഫസർ, സെന്റർ ഫോർ ഹ്യൂമൻ ജനറ്റിക്‌സ്, ബാംഗ്ലൂർ), പ്രൊഫ. സി.പി ചന്ദ്രശേഖർ (സെന്റർ ഫോർ ഇക്കോണമിക് സ്റ്റഡീസ് ആൻഡ്് പ്ലാനിംഗ്, സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് ജെഎൻയു), പ്രൊഫ. വി.എസ് വിജയൻ (ഹോണററി ചെയർമാൻ അറ്റ് സലിം അലി ഫൗണ്ടേഷൻ), പ്രൊഫ. കേശവൻ വെളുത്താട്ട് (റിട്ടയേർഡ്, ഡൽഹി യൂണിവേഴ്‌സിറ്റി) എന്നിവരുൾപ്പെട്ട സമിതിയാണു തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രവർത്തിച്ചത്.