23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഹരിദാസൻ വധക്കേസ്: ആർഎസ്‌എസ്‌ നേതാവ്‌ അറസ്റ്റിൽ
Kerala

ഹരിദാസൻ വധക്കേസ്: ആർഎസ്‌എസ്‌ നേതാവ്‌ അറസ്റ്റിൽ

സിപിഐഎം പ്രവർത്തകൻ കോടിയേരി പുന്നോലിലെ കെ ഹരിദാസനെ ബന്ധുക്കളുടെ മുന്നിലിട്ട്‌ വെട്ടിക്കൊന്ന കേസിൽ ആർഎസ്‌എസ്‌ നേതാവ്‌ അറസ്‌റ്റിൽ. ആർഎസ്‌എസ്‌ തലശേരി ഖണ്ഡ്‌ കാര്യവാഹക്‌ പുന്നോൽ ചെള്ളത്ത്‌ മടപ്പുരക്കടുത്ത പാറക്കണ്ടി വീട്ടിൽ നിജിൽ ദാസ്‌ (38) ആണ്‌ പിടിയിലായത്‌. കൊലപാതകത്തിന്‌ ശേഷം പിണറായി പാണ്ഡ്യാലമുക്കിലെ വാടക വീട്ടിൽ ഒളിവിൽകഴിയുകയായിരുന്നു. ഗൾഫിലുള്ള അണ്ടലൂർ കാവിനടുത്ത പ്രശാന്തിന്റെ വീടാണിത്. പുന്നോൽ അമൃത വിദ്യാലയത്തിലെ അധ്യാപികയായ പ്രശാന്തിന്റെ ഭാര്യയാണ്‌ വീട്‌ നൽകിയത്‌. രഹസ്യവിവരത്തെ തുടർന്ന്‌ വെള്ളിയാഴ്‌ച പുലർച്ചെ വീട്‌ വളഞ്ഞാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വധ​ഗൂഢാലോചന കുറ്റം ചുമത്തി.

ഹരിദാസൻ വധക്കേസിൽ ബിജെപി മണ്ഡലം പ്രസിഡന്റ്‌ കെ ലിജേഷ്‌ ഉൾപ്പെടെ പതിമൂന്ന്‌ പേരെ നേരത്തെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. എല്ലാവരും റിമാൻഡിലാണ്‌. പ്രതികളുടെ ജാമ്യാപേക്ഷ സെഷൻസ്‌ കോടതി തള്ളിയിരുന്നു. കേസിൽ ഇനിയും രണ്ടുപേരെ പിടികൂടാനുണ്ട്‌. ഇവരും ഒളിവിലാണ്‌. ഫെബ്രുവരി 21ന്‌ പുലർച്ചെ ഒന്നരമണിക്കാണ്‌ ഹരിദാസനെ കാൽവെട്ടിമാറ്റി കൊന്നത്‌. മത്സ്യബന്ധനം കഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോൾ കുടുംബത്തിന്റെ മുന്നിലിട്ടാണ്‌ ആർഎസ്‌എസ്‌-ബിജെപി സംഘം ജീവനെടുത്തത്‌.

കൊലപാതകത്തിനുപയോഗിച്ച ആയുധവും വാഹനവും നേരത്തെ കസ്‌റ്റഡിയിലെടുത്തിരുന്നു. ശാസ്‌ത്രീയ തെളിവുകളോടെയാണ്‌ മുഴുവൻ പ്രതികളെയും അറസ്‌റ്റ്‌ ചെയ്‌തത്‌. ബിജെപി മണ്ഡലം പ്രസിഡന്റ്‌ ലിജേഷും മണ്ഡലം സെക്രട്ടറി മൾട്ടി പ്രജിയും നേരിട്ട്‌ കൊലപാതകത്തിൽ പങ്കെടുത്തതായി നേരത്തെ തെളിഞ്ഞിരുന്നു. അഡീഷനൽ എസ്‌പി പി പി സദാനന്ദൻ, എസിപി പ്രിൻസ്‌ അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ കേസന്വേഷിച്ചത്‌.

ചോദ്യംചെയ്യലിൽ മണ്ഡലം പ്രസിഡന്റ്‌ കരഞ്ഞുകൊണ്ടാണ്‌ കുറ്റം ഏറ്റുപറഞ്ഞത്‌. മറ്റുള്ളവരുടെ പങ്കാളിത്തം വെളിപ്പെടുത്തിയതും നേതാവാണ്‌. മണ്ഡലം സെക്രട്ടറി മൾട്ടി പ്രജിയുടെ മൂന്നാമത്തെ കൊലപാതകമാണിത്‌. മാഹി പള്ളൂരിലെ കണ്ണിപ്പൊയിൽബാബു, കോടിയേരി നങ്ങാറത്ത്‌പീടികയിലെ കെ പി ജിജേഷ്‌ എന്നിവരെ വധിച്ച കേസിലും പ്രതിയാണ്‌. മണ്ഡലം പ്രസിഡന്റ്‌ വേറെയും കുറ്റകൃത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും അറസ്‌റ്റിലാവുന്നത്‌ ആദ്യം.

കൊലപാതകവുമായി ബന്ധമില്ലെന്നായിരുന്നു തുടക്കത്തിൽ ബിജെപി–ആർഎസ്‌എസ്‌ വാദം. നിരപരാധികളെ കേസിൽ കുടുക്കുന്നതായി ആരോപിച്ച്‌ ബിജെപി മാർച്ച്‌ നടത്തിയിരുന്നു. കൊലപാതകത്തിൽ മണ്ഡലം പ്രസിഡൻറും മണ്ഡലം സെക്രട്ടറിയും ആർഎസ്‌എസ്‌ നേതാക്കളും പങ്കെടുത്തുവെന്ന വിവരം തെളിവ്‌ സഹിതം പുറത്തുവന്നതോടെ ബിജെപി നേതൃത്വം വെട്ടിലായി. ആർഎസ്എസ്‌ കേസുകൾ വാദിക്കുന്ന അഭിഭാഷകരാണ്‌ ജാമ്യത്തിനും മുൻകൂർ ജാമ്യത്തിനും കോടതിയിൽ ഹർജി നൽകിയത്‌. കോടതിയിൽ ഹാജരാക്കുമ്പോൾ ദൃശ്യം ചിത്രീകരിക്കുന്ന ചാനലുകാരെ തടയാൻ ഇറങ്ങിയതും ആർഎസ്‌എസുകാരാണ്‌.

Related posts

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ചു.

Aswathi Kottiyoor

ഐബിപിഎസ് ഇന്റര്‍വ്യൂ; കേരളത്തെ ഒഴിവാക്കിയത് പുനഃപരിശോധിക്കണം: ബെഫി

Aswathi Kottiyoor

കണ്ണൂർ ജില്ലാ ആശുപത്രിയിൽ മാസം 330 പ്രസവം

Aswathi Kottiyoor
WordPress Image Lightbox