24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • ഇ-ഡാകിൽ സംവിധാനം ഫലപ്രദമായി നടപ്പാക്കും: മന്ത്രി ജി.ആർ. അനിൽ
Kerala

ഇ-ഡാകിൽ സംവിധാനം ഫലപ്രദമായി നടപ്പാക്കും: മന്ത്രി ജി.ആർ. അനിൽ

ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിലേക്കുള്ള പരാതികൾ ഓൺലൈനായി ഫയൽ ചെയ്യാനുള്ള ഇ-ഡാകിൽ സംവിധാനം സംസ്ഥാനത്തു ഫലപ്രദമായി നടപ്പാക്കുമെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താൻ കോമൺ സർവീസ് സെന്ററുമായി ഇതിനെ ബന്ധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ഇ-ഡാക്കിൽ ഓൺലൈൻ ഫയലിങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇ-ഡാക്കിൽ സംവിധാനത്തിൽ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകൾ ഉൾപ്പെടുത്തണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മറ്റു പോരായ്മകളും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പദ്ധതി സംസ്ഥാനത്തു നടപ്പാക്കുന്നതോടെ ഉപഭോക്താക്കൾക്കു പരാതികൾ e-daakhil.nic.in ലൂടെ ഓൺലൈനായിത്തന്നെ ഫയൽ ചെയ്യാനും തീർപ്പാക്കലിന്റെ ഓരോ ഘട്ടങ്ങളിലേയും വിവരങ്ങൾ അറിയാനുമാകും. അതിവേഗത്തിൽ പരിഹാരവും സാധ്യമാണ്.
സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തിന്റെ പ്രവർത്തനം പൂർണമായി ഓൺലൈനാക്കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. സർക്കാർ ഓഫിസുകളിൽ ഏറ്റവും കൂടുതൽ അപേക്ഷകളും പരാതികളും ലഭിക്കുന്ന വകുപ്പുകളിലൊന്നാണു ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ്. ഈ സർക്കാരിന്റെകാലത്ത് രണ്ടു ലക്ഷത്തിലധികം പുതിയ റേഷൻ കാർഡുകൾ നൽകാൻ കഴിഞ്ഞു. അനർഹർ കൈവശംവച്ചിരുന്ന 1.64 ലക്ഷത്തിലധികം മുൻഗണനാ കാർഡുകൾ തിരികെ ലഭിച്ചു. റേഷൻ കാർഡിലെ തെറ്റുതിരുത്താൻ പതിനായിരക്കണക്കിന് അപേക്ഷകൾ ലഭിച്ചു. ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതുവഴി അതിവേഗത്തിൽ വകുപ്പിന്റെ സേവനങ്ങൾ ജനങ്ങൾക്കു നൽകാനാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ നടന്ന ചടങ്ങിൽ കമ്മിഷൻ ജുഡിഷ്യൽ അംഗം ടി.എസ്.പി. മൂസത്ത് അധ്യക്ഷത വഹിച്ചു. കൗൺസിലർ രാഖി രവികുമാർ, കമ്മിഷൻ അംഗങ്ങളായ ആർ. രഞ്ജിത്, എ. ബീനാകുമാരി, സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ ഡോ. സജിത് ബാബു തുടങ്ങിയവർ പങ്കെടുത്തു.

Related posts

ഓണ വിപണി: സംസ്ഥാനവ്യാപകമായി പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്

Aswathi Kottiyoor

തരംമാറ്റൽ വേഗം കൂട്ടാൻ ജില്ലാതല സെൽ : മന്ത്രി കെ രാജൻ

Aswathi Kottiyoor

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

Aswathi Kottiyoor
WordPress Image Lightbox