ഇന്ത്യയിലെ റബ്ബർ കൃഷിഭൂമിയുടെ വിസ്തൃതിയും തരവും മറ്റു വിശദാംശങ്ങളും ശേഖരിക്കുന്നതിനായി റബ്ബർ ബോർഡ് സെൻസസ് നടപടികൾ ഏപ്രിൽ 19 ( ചൊവ്വാഴ്ച ) ആരംഭിച്ചു. കേരളത്തിൽ കോട്ടയം, കണ്ണൂർ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ സെൻസസ് നടത്തുന്നത്.
കണ്ണൂർ ജില്ലയിലെ മൂന്ന് റബ്ബർ ബോർഡ് റീജണൽ ഓഫീസുകളുടെ പരിധിയിൽപ്പെടുന്ന റബ്ബർ ഉത്പാദക സംഘങ്ങൾ (ആർ. പി. എസ്. ) മുഖേന തിരഞ്ഞെടുത്ത എന്യൂമറേറ്റർമാരാണ് മൊബൈൽ ആപ്പ് ഉപയോഗിച്ച് വീടുകൾ സന്ദർശിച്ച് സെൻസസ് നടത്തുന്നത്.
റബ്ബർത്തോട്ടങ്ങളുടെയും കർഷകരുടെയും ടാപ്പിങ് തൊഴിലാ ളികളുടെയും വിവരങ്ങൾ, തോട്ടങ്ങളുടെ വിശദാംശങ്ങൾ, ആകെ വിസ്തൃതി, റബ്ബറിന്റെ സ്ഥിതിവിവര കണക്കുകൾ തുടങ്ങിയവ ശേഖരിക്കുന്ന സെൻസസിൽ എല്ലാ കർഷകരുടെയും പൂർണ സഹകരണം റബ്ബർ ബോർഡ് അഭ്യർഥിച്ചു. രാജ്യത്ത് എട്ടുലക്ഷം ഹെക്ടർ സ്ഥലത്ത് കൃഷിയുള്ളതായും ഇതിൽ 6. 98 ലക്ഷം ഹെക്ടറിൽ ഉത്‌പാദനം നടക്കുന്നതായുമാണ് ബോർഡിന്റെ കണക്ക്. ഒരു ഹെക്ടറിൽ 450 മുതൽ 500 വരെ മരങ്ങൾ ഉള്ളതായും കണക്കാക്കുന്നു