26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ഹനുമാൻ ജയന്തി ആക്രമണം; ചേരികൾ ഇന്നു മുതൽ ഒഴിപ്പിക്കും
Kerala

ഹനുമാൻ ജയന്തി ആക്രമണം; ചേരികൾ ഇന്നു മുതൽ ഒഴിപ്പിക്കും

ശനിയാഴ്ച ഹനുമാൻ ജയന്തി ദിനത്തിൽ രണ്ടു സമുദായങ്ങൾക്കിടയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ, ഡൽഹിയിലെ ബിജെപി ഭരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ ജഹാംഗീർപുരിയിൽ അനധികൃത ചേരികൾ ഇന്ന് ഒഴിപ്പിച്ചു തുടങ്ങും.

നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ രണ്ടു ദിവസത്തെ കൈയേറ്റം ഒഴിപ്പിക്കൽ പദ്ധതിക്കു രൂപം നൽകിയിട്ടുണ്ട്. ക്രമസമാധാനപാലനത്തിനായി കുറഞ്ഞത് 400 ഉദ്യോഗസ്ഥരെയെങ്കിലും ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

പൊതുമരാമത്ത് വകുപ്പും ആരോഗ്യ ശുചിത്വ വകുപ്പും മറ്റുള്ളവരും ഉൾപ്പെടുന്ന സംയുക്ത കൈയേറ്റ വിരുദ്ധ പദ്ധതി ജഹാംഗീർപുരിയിൽ തയാറാക്കിയിട്ടുണ്ടെന്നു നോർത്ത് കോർപ്പറേഷൻ പോലീസിന് അയച്ച കത്തിൽ പറയുന്നു.

ഡൽഹി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്തയും ജഹാംഗീർപുരിയിൽ “ലഹളക്കാരുടെ” അനധികൃത നിർമാണങ്ങൾ കണ്ടെത്തി അവ പൊളിക്കണമെന്ന് ആവശ്യപ്പെട്ടു നോർത്ത് കോർപ്പറേഷൻ മേയർക്കു കത്തയച്ചിരുന്നു. കത്തിന്‍റെ പകർപ്പ് മുനിസിപ്പൽ കമ്മീഷണർക്ക് അയച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

ഇതിനിടെ, ജഹാംഗീർപുരിയിലെ അക്രമത്തിന്‍റെ പേരിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും ബിജെപിയും പരസ്പരം കൊന്പുകോർത്തിരിക്കുകയാണ്. അക്രമത്തിലെ മുഖ്യപ്രതിയായ അൻസാറുമായി ബിജെപിക്കു ബന്ധമുണ്ടെന്ന് എഎപിയും നേരത്തെ ബിജെപിയിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ എഎപിക്കാരനാണെന്നു ബിജെപിയും ആരോപണം ഉന്നയിച്ചുവരികയാണ്.

അതേസമയം, ശനിയാഴ്ചത്തെ അക്രമം ആസൂത്രിതമാണെന്നതിന് ഇതുവരെ തെളിവില്ലെന്നു പോലീസ് പറഞ്ഞു. ഹനുമാൻ ജയന്തി ഘോഷയാത്ര മോസ്കിന് അരികിലൂടെ പോയതാണ് സംഘർഷത്തിനു കാരണമായതെന്നു പോലീസ് പറഞ്ഞു. മോസ്കിൽ ബാങ്ക് വിളിക്കുന്ന അതേ സമയത്താണ് ശോഭായാത്ര ഇതുവഴി കടന്നുപോയത്. ശബ്ദത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. ഒടുവിൽ ഘോഷയാത്രയ്ക്കു നേരെ ഇഷ്ടികകൾ എറിഞ്ഞു.

അതേസമയം, ഘോഷയാത്രയിലുണ്ടായിരുന്നവർ ആയുധങ്ങളുമായി പള്ളി തകർക്കാൻ ശ്രമിച്ചതായി മറുവിഭാഗം ആരോപിക്കുന്നു. ഘോഷയാത്രയിൽ പങ്കെടുത്തവർ ആയുധങ്ങൾ കൈവശം വച്ചതായി സമ്മതിച്ചെങ്കിലും ആക്രമണം നടത്തിയത് മോസ്കിലുണ്ടായിരുന്നവരാണെന്ന് ആരോപിച്ചു.

ഏറ്റുമുട്ടലുകൾ ആസൂത്രിതമാണെന്നും സംഘപരിവാർ ആരോപിക്കുന്നു. അക്രമം ആസൂത്രിതമായിരുന്നുവെന്നും അതിനാലാണ് പള്ളിയുടെ മേൽക്കൂരയിൽ ഇത്രയധികം ഇഷ്ടികകൾ സൂക്ഷിച്ചിരുന്നതെന്നും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് പ്രേം ശർമ ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രേം ശർമയെ പോലീസ് ചോദ്യം ചെയ്തിരുന്നു.

Related posts

ദ്വിദിന ദേശീയ പണിമുടക്കിന്‌ തുടക്കം ; അഞ്ഞൂറോളം സമരകേന്ദ്രത്തിൽ പ്രകടനം

Aswathi Kottiyoor

അതിശയപ്പരപ്പിൽ കേരളത്തിന്റെ ജല മെട്രോ ; ആദ്യ സർവീസ്‌ ഇന്ന്‌

Aswathi Kottiyoor

സംസ്ഥാനത്ത് ഞായറാഴ്ച കൂടുതൽ ട്രെയിനുകൾ മുടങ്ങും

Aswathi Kottiyoor
WordPress Image Lightbox