സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാന ഭവന നിർമ്മാണ വകുപ്പിന്റെ നേതൃത്വത്തിൽ പരിയാരത്ത് നിർമ്മിക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം റവന്യു – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ചികിത്സ തേടുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മിതമായ നിരക്കിൽ താമസ സൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആറ് കോടി രൂപ ചിലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ക്യാസസിൽ 106 പേർക്ക് ഒരേസമയം താമസിക്കാൻ കഴിയുന്ന മൂന്ന് നില കെട്ടിടമാണ് പണിയുക. മെഡിക്കൽ കോളേജിന്റെ 50 സെന്റ് സ്ഥലം ഇതിനായി ഉപയോഗിക്കും. താഴത്തെ നിലയിൽ പത്ത് ബാത്ത് അറ്റാച്ച്ഡ് മുറികളും 8 കിടക്കകളുള്ള ഡോർ മെറ്ററിയുമാണ് ഉണ്ടാവുക. ഒന്നാം നിലയിൽ 12 ബാത്ത് അറ്റാച്ച്ഡ് മുറികളും 64 കിടക്കകളുള്ള ഡോർ മെറ്ററിയും രണ്ടാം നിലയിൽ 12 മുറികളുമാണുണ്ടാകുക. പ്രവൃത്തി ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യം. മെഡിക്കൽ കോളേജും സംസ്ഥാന ഭവന നിർമ്മാണ ബോർഡും സംയുക്തമായാണ് നടത്തിപ്പ് ചുമതല നിർവ്വഹിക്കുക.
ചടങ്ങില്‍ എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഹൗസിങ്ങ് കമ്മീഷ്ണർ എന്‍ ദേവീദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍, സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് അംഗം കാരായി രാജന്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം ടി തമ്പാന്‍ മാസ്റ്റര്‍, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സുലജ, വാര്‍ഡ് അംഗം വി എ കോമളവല്ലി, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രന്‍സിപ്പല്‍ ഡോ. കെ അജയകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ പത്മനാഭന്‍( സി പി എം), വേലിക്കാത്ത് രാഘവന്‍( സി പി ഐ), ജനാര്‍ദ്ദനന്‍( കോണ്‍ഗ്രസ്), കെ ടി സഹദുള്ള (മുസ്ലിംലീഗ്), ടി കുഞ്ഞിക്കണ്ണന്‍( എന്‍ സി പി), സജി കുറ്റിയാനിമറ്റം(കേരള കോണ്‍ഗ്രസ് എം), ഇക്ബാല്‍ പോപ്പുലര്‍(ഐ എന്‍ എല്‍), പി രാജന്‍( കോണ്‍ഗ്രസ് എസ്), വി കെ ഗിരിജന്‍(എല്‍ ജെ ഡി), സുഭാഷ് അയ്യോത്ത്( ജനതാദള്‍ എസ്), സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പി സുനീര്‍, ചീഫ് എഞ്ചിനീയര്‍ കെ പി കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.