കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രാരംഭച്ചടങ്ങായ പ്രക്കൂഴത്തിനുള്ള നെയ്യുമായി സ്ഥാനികൻ കൂറ്റേരി സുജിത്ത് നമ്പ്യാർ മാലൂർപടി ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടു. കൊട്ടിയൂർ ഇക്കരെ ക്ഷേത്രത്തിൽ എഴുന്നള്ളിച്ചെത്തിക്കുന്ന നെയ്യുപയോഗിച്ചാണ് തിങ്കളാഴ്ച രാത്രി ആയില്യാർകാവിൽ നടക്കുന്ന പൂജയ്ക്ക് വിളയ്ക്ക് തെളിക്കുക.
നെയ്യ് കൊണ്ടുപോയ മുരുട കെട്ടാനുള്ള നാരുകൾ എറോപ്പ കൈതയിൽനിന്ന് മാലൂർപടിയിലെ പാലക്കുളത്തിൽവെച്ച് സ്ഥാനികൻ ഉണ്ടാക്കി. ക്ഷേത്രത്തിൽ അരിങ്ങോട്ടില്ലത്ത് പ്രകാശൻ നമ്പൂതിരി, കേശവൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ നെയ്യ് നിറച്ചു.
എ. കെ. ജിതിൻ, കെ. അഭിജിത്ത്, നകുൽ ദിനേശ്, കൂറ്റേരി ശ്രീജിത്ത് തുടങ്ങിയവരും കൊട്ടിയൂരിലേക്ക് നെയ്യുമായി യാത്രയായി. മാലൂർപടി ക്ഷേത്രത്തിൽ നെയ്യ് നിറക്കുന്ന ചടങ്ങിൽ ഒട്ടേറെ ഭക്തന്മാരും നെയ്യമൃത് സംഘാംഗങ്ങളും പങ്കെടുത്തിരുന്നു.