23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഉത്സവകാല വണ്ടികൾ ഇല്ല ; ട്രെയിനുകളെല്ലാം ഫുൾ ; മടക്കയാത്ര ദുരിതമാവും
Kerala

ഉത്സവകാല വണ്ടികൾ ഇല്ല ; ട്രെയിനുകളെല്ലാം ഫുൾ ; മടക്കയാത്ര ദുരിതമാവും

വിഷുവും ഈസ്റ്ററും ആഘോഷിക്കാൻ നാട്ടിൽ എത്തിയവരുടെ മടക്ക യാത്ര ദുരിതമാവും. തിങ്കളാഴ്‌ച തിരിച്ചുപോകാനിരിക്കുന്നവരാണ്‌ കൂടുതൽ ബുദ്ധിമുട്ടുക. ചെന്നൈ, ബംഗളൂരു, മുംബൈ തുടങ്ങി മലയാളികൾ കൂടുതലുള്ള പ്രദേശങ്ങളിലേക്കുള്ള ട്രെയിനുകളെല്ലാം നിറഞ്ഞു. മുൻകാലങ്ങളിൽ ഉത്സവകാലത്ത്‌ യാത്രക്കാരുടെ തിരക്ക്‌ പരിഗണിച്ച്‌ കൂടുതൽ ട്രെയിൻ ഓടിക്കാൻ റെയിൽവേ തയ്യാറായിരുന്നു. ഇത്തവണ സ്‌പെഷ്യൽ ട്രെയിനുകൾ പേരിനുമാത്രം. ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗത നിയന്ത്രണവുമുണ്ട്‌.

ചെന്നൈയിലേക്ക്‌ 17, 18,19 തീയതികളിൽ ട്രെയിനുകളിൽ ടിക്കറ്റില്ല. ചെന്നൈ മെയിൽ, ചെന്നൈ സൂപ്പർ ഫാസ്‌റ്റ്‌, ഗുരുവായൂർ –- ചെന്നൈ എക്‌സ്‌പ്രസ്‌, ആഴ്‌ചയിൽ മൂന്നുദിവസം ഓടുന്ന രപ്‌തിസാഗർ എക്‌സ്‌പ്രസ്‌ എന്നീ ട്രെയിനുകളിലെല്ലാം എസി, സ്ലീപ്പർ ടിക്കറ്റുകളിലെല്ലാം വെയിറ്റിങ് ലിസ്‌റ്റിലാണ്‌.
ഇതേ അവസ്ഥ തന്നെയാണ്‌ ബംഗളൂരു, മുംബൈ യാത്രക്കാരുടെയും. കൊച്ചുവേളി – -മൈസുരു, കന്യാകുമാരി –- ബംഗളൂരു ഐലന്റ്‌ എക്‌സ്‌പ്രസ്‌, വ്യാഴം, ശനി ദിവസങ്ങളിൽ ഓടുന്ന കൊച്ചുവേളി –- ബനാസ്‌വാടി ഹംസഫർ എക്‌സ്‌പ്രസ്‌, ഞായറാഴ്‌ചകളിൽ സർവീസ്‌ നടത്തുന്ന തിരുവനന്തപുരം –- മൈസൂരു സ്‌പെഷ്യൽ ട്രെയിൻ, കൊച്ചുവേളി – -യശ്‌വന്ത്‌പൂർ ഗരീബ്‌രഥ്‌ എന്നിവയിലും ദിവസങ്ങൾക്ക്‌ മുമ്പ്‌ ടിക്കറ്റ്‌ തീർന്നു.
മുംബൈയിലേക്കുള്ള സമ്പർക്കക്രാന്തി എക്‌സ്‌പ്രസ്‌, നിസാമുദീൻ എക്‌സ്‌പ്രസ്‌, നേത്രാവതി എക്‌സ്‌പ്രസ്‌ തുടങ്ങിയ ട്രെയിനുകളിലും ടിക്കറ്റില്ല. മിക്ക ട്രെയിനുകളിലും വെയിറ്റിങ് ലിസ്‌റ്റ്‌ നൂറിന്‌ മുകളിലാണ്‌. അടിയന്തരമായി യാത്രയ്‌ക്ക്‌ തൽക്കാൽ എടുക്കാമെന്ന്‌ കരുതിയാൽ പകൽ11 ന്‌ സൈറ്റ്‌ തുറന്നാൽ അഞ്ചുമിനിട്ടിനകം ടിക്കറ്റ്‌ തീരും. യാത്ര ബസിൽ ആക്കാമെന്നു വച്ചാൽ കെഎസ്‌ആർടിസിയിലും മറ്റ്‌ ടൂറിസ്‌റ്റ്‌ ബസുകളുമൊക്കെ നിറഞ്ഞു. മാത്രമല്ല, യാത്രാ നിരക്ക്‌ ബസിൽ ഇരട്ടിയുമാണ്‌.
ട്രെയിനുകൾ വൈകും
തൃശൂർ യാർഡിൽ റെയിൽവേ പാളത്തിൽ പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ തിങ്കളാഴ്‌ച നിയന്ത്രണം ഏർപ്പെടുത്തും. എറണാകുളം ജങ്ഷൻ–-ഷൊർണൂർ ജങ്ഷൻ മെമു എക്‌സ്‌പ്രസ്‌ സ്പെഷ്യൽ(തിങ്കൾ) റദ്ദാക്കി. നാല്‌ ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ട്‌.
മംഗളൂരു ജങ്ഷനിൽനിന്ന്‌ പകൽ 2.20ന്‌ പുറപ്പെടേണ്ട മംഗളൂരു ജങ്ഷൻ–-തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌(16348) ഒന്നര മണിക്കൂർ വൈകി പകൽ 3.50ന്‌ യാത്ര ആരംഭിക്കും. തിരുവനന്തപുരത്തുനിന്ന്‌ പകൽ 2.50 ന്‌ പുറപ്പെടേണ്ട തിരുവനന്തപുരം–-കണ്ണൂർ ജനശതാബ്‌ദി എക്‌സ്‌പ്രസ്‌(12082) വൈകിട്ട്‌ 4.30 നേ പുറപ്പെടൂ. കന്യാകുമാരി–-കെഎസ്‌ആർ ബംഗളൂരു ഐലന്റ്‌ എക്‌സ്‌പ്രസ്‌ (16525)കന്യാകുമാരിയിൽനിന്ന്‌ രണ്ടുമണിക്കൂർ വൈകി പകൽ 12.10ന്‌ യാത്ര തുടങ്ങും. എറണാകുളം ജങ്ഷൻ–-പുണെ ജങ്ഷൻ പൂർണ പ്രതിവാര എക്‌സ്‌പ്രസ്‌(11098) രണ്ടുമണിക്കൂർ വൈകി രാത്രി 8.50 നായിരിക്കും പുറപ്പെടുക.

Related posts

ഹൈസ്‌പീഡിൽ കെ ഫോൺ

Aswathi Kottiyoor

10,12 ക്ലാസുകളില്‍ ഓഫ്‌ലൈന്‍ പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.

Aswathi Kottiyoor

നോർക്ക പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴിൽ സഹായപദ്ധതിക്ക് തുടക്കം

Aswathi Kottiyoor
WordPress Image Lightbox