34.6 C
Iritty, IN
March 2, 2024
  • Home
  • Kerala
  • ഇന്ത്യയിലെ ജനങ്ങളായ നാം…! പരിഷ്‌കരിച്ച മാതൃക പുറത്തെടുത്ത് അദ്ദേഹം വായിച്ചു; ഇന്ന് അംബേദ്കർ ജയന്തി.
Kerala

ഇന്ത്യയിലെ ജനങ്ങളായ നാം…! പരിഷ്‌കരിച്ച മാതൃക പുറത്തെടുത്ത് അദ്ദേഹം വായിച്ചു; ഇന്ന് അംബേദ്കർ ജയന്തി.

സ്വാതന്ത്ര്യം നേടി രണ്ടു വര്‍ഷം പിന്നിട്ടതോടെ രാജ്യത്തിന്റെ ഭരണഘടനയ്ക്കുവേണ്ടി പലരും അക്ഷമരായി. ഭരണഘടനാ കരടുകമ്മിറ്റിയുടെ അധ്യക്ഷന്‍ എന്ന നിലയ്ക്ക് ഡോ. ബി.ആര്‍. അംബേദ്കറിനുമേല്‍ സമ്മര്‍ദം നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരുന്നു. മെല്ലെപ്പോക്കെന്നും പണം പാഴാക്കലെന്നും പഴികേട്ടു. ഒടുവില്‍ 1949 നവംബര്‍ 25-ന്, ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെടുന്നതിന് ഒരു ദിവസം മുന്‍പ്, ഭരണഘടനാ നിര്‍മാണസഭയിലെ അവസാനപ്രസംഗത്തില്‍ അംബേദ്കര്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി. കാലതാമസമുണ്ടായതിന് യുക്തിസഹമായ വിശദീകരണമുണ്ടായിരുന്നു അദ്ദേഹത്തിന്. താനെടുത്ത തീരുമാനങ്ങളെ ചോദ്യം ചെയ്തവര്‍ക്കും ആശയപരമായ സംവാദങ്ങളിലേക്ക് വഴിതെളിച്ചവര്‍ക്കും അംബേദ്കര്‍ പേരു വിളിച്ച് നന്ദി പറഞ്ഞു. അത്തരം ചര്‍ച്ചകള്‍ ഉണ്ടായില്ലെങ്കില്‍ ഭരണഘടനാ നിര്‍മാണം തീര്‍ത്തും യാന്ത്രികമായിപ്പോയേനെ.

1947 ഓഗസ്റ്റ് 29-നാണ് ഭരണഘടനാ നിര്‍മാണസഭ അംബേദ്കറിന്റെ നേതൃത്വത്തിലുള്ള കരടുകമ്മിറ്റിയെ നിയോഗിച്ചത്. ആമുഖമുള്‍പ്പെടെ എന്തൊക്കെ വേണം, വേണ്ട എന്നതു സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സഭ കമ്മിറ്റിക്ക് നല്‍കിയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാമൊന്ന് ക്രോഡീകരിക്കുകയേ വേണ്ടിയിരുന്നുള്ളൂ. എന്നാല്‍, വെറുമൊരു പകര്‍ത്തിയെഴുത്തുകാരനായി തന്റെ പേര് ചരിത്രത്തിലേക്ക് ചേര്‍ക്കാന്‍ അംബേദ്കര്‍ ഒരുക്കമായിരുന്നില്ല. താനെഴുതുന്നത് ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തിന്റെയും വളര്‍ച്ചയെത്താത്ത ജനാധിപത്യത്തിന്റെയും ഭാഗധേയമാണെന്ന ബോധ്യത്തില്‍ അംബേദ്കര്‍ സ്രഷ്ടാവു തന്നെയായി.

ചരിത്രം ഡോ. ബി.ആര്‍. അംബേദ്കറെ ഭരണഘടനാശില്പിയെന്ന് വിളിച്ചു. എന്നാല്‍, ആ ശില്പത്തിന്റെ ആത്മാവടങ്ങിയ ആമുഖത്തിന് സാമാന്യചരിത്രം കടപ്പെട്ടിട്ടുള്ളത് ജവാഹര്‍ലാല്‍ നെഹ്രുവിനോടാണ്. അദ്ദേഹം ഭരണഘടനാ നിര്‍മാണസഭയില്‍ അവതരിപ്പിച്ച ലക്ഷ്യപ്രമേയം പിന്നീട് ഭരണഘടനയുടെ ആമുഖമായെന്നാണ് പൊതുധാരണ. ഈ കാഴ്ചപ്പാടില്‍നിന്നുള്ള മാറിനടത്തമായിരുന്നു ആകാശ് സിങ് റാത്തോറിന്റെ ‘അംബേദ്കേഴ്സ് പ്രിയാമ്പിള്‍: ദ സീക്രട്ട് ഹിസ്റ്ററി ഓഫ് ദ കോണ്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇന്ത്യ’ എന്ന പുസ്തകം. ഇന്ത്യ എന്ന ആശയത്തിന്റെ ഏറ്റവും സമഗ്രവും സംക്ഷിപ്തവുമായ നിര്‍വചനമാണ് ഭരണഘടനയുടെ ആമുഖം. അതില്‍ അംബേദ്കറൈറ്റ് ആശയങ്ങള്‍ എങ്ങനെയെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന അന്വേഷണമാണ് ആകാശ് റാത്തോര്‍ നടത്തിയത്.ആമുഖത്തിന്റെ കഥ

1946 ഡിസംബര്‍ 13-നാണ് ജവാഹര്‍ലാല്‍ നെഹ്രു ഭരണഘടനാ നിര്‍മാണസഭയില്‍ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്. ആത്യന്തികമായി എന്തായിരിക്കണം ഇന്ത്യന്‍ ഭരണഘടന എന്നതിലേക്കുള്ള സൂചകമായിരുന്നു അത്. ഇന്ത്യ സര്‍വാധികാര സ്വതന്ത്ര റിപ്പബ്ലിക്കായിരിക്കണമെന്നും പൗരര്‍ക്ക് സ്വാതന്ത്ര്യവും നീതിയും അവസരസമത്വവും പിന്നാക്ക വിഭാഗക്കാര്‍ക്ക് സംരക്ഷണവും ഉറപ്പാക്കണമെന്നുമുള്ള ആശയങ്ങള്‍ നെഹ്രു മുന്നോട്ടുവെച്ചു. 1947 ജനുവരി 22-ന് ലക്ഷ്യപ്രമേയം സഭ ഐകകണ്‌ഠ്യേന അംഗീകരിച്ചു.

എന്നാല്‍, അംബേദ്കറിന് ചില ഭേദഗതികള്‍ നിര്‍ദേശിക്കാനുണ്ടായിരുന്നു. അവ വിശദീകരിച്ചുകൊണ്ട് അടുത്ത ദിവസങ്ങളില്‍ ഇരുപതിനായിരം വാക്കുകളുടെ പ്രബന്ധം അദ്ദേഹം തയ്യാറാക്കി. ‘സ്റ്റേറ്റും ന്യൂനപക്ഷവും: എന്തൊക്കെയാണ് അവരുടെ അവകാശങ്ങള്‍, സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയിലൂടെ അവ എങ്ങനെ സംരക്ഷിക്കാം’ എന്നാണ് അതില്‍ പ്രതിപാദിച്ചത്. മൗലികാവകാശവും ന്യൂനപക്ഷക്ഷേമവും സംബന്ധിച്ച ഉപദേശകകമ്മിറ്റികളില്‍ അംബേദ്കര്‍ അംഗമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രബന്ധത്തിന് വേണ്ടത്ര പരിഗണന കിട്ടിയില്ല. പിന്നീടത് പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. അധഃസ്ഥിതര്‍ക്ക് കേവലം സംരക്ഷണം എന്നതിലുപരി അവരുടേതു കൂടിയായ ഭരണഘടന തന്നെയായിരുന്നു അംബേദ്കര്‍ മുന്നോട്ടുെവച്ചത്.

ഭരണഘടനാ ഉപദേശകനായിരുന്ന ബി.എന്‍. റാവു വിവിധ കമ്മിറ്റികളുടെ നിര്‍ദേശങ്ങളും മറ്റും ഉള്‍പ്പെടുത്തി ഭരണഘടനയുടെ മാതൃക തയ്യാറാക്കി നല്‍കി. ഇതിനെ മുന്‍നിര്‍ത്തിയായിരുന്നു കരടുകമ്മിറ്റിയുടെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍.

1948 ഫെബ്രുവരി ആറിന് കരടുനിര്‍മാണസഭ ആമുഖം ചര്‍ച്ചയ്‌ക്കെടുത്തു. അന്നത്തെ മിനുട്സ് അനുസരിച്ച് അല്ലാഡി കൃഷ്ണസ്വാമി അയ്യര്‍, മൗലവി സാദുള്ള, എന്‍. മാധവറാവു എന്നിവര്‍ മാത്രമാണ് അംബേദ്കറെക്കൂടാതെ ചര്‍ച്ചയ്‌ക്കെത്തിയത്. ആ ചര്‍ച്ചയില്‍ ആമുഖത്തിലേക്ക് സുപ്രധാനമൊയൊരു കൂട്ടിച്ചേര്‍ക്കലുണ്ടായി.

യോഗം ആരംഭിച്ചപ്പോള്‍ത്തന്നെ അംബേദ്കര്‍ പരിഷ്‌കരിച്ച മാതൃക പുറത്തെടുത്ത് വായിച്ചു. ‘ഇന്ത്യയിലെ ജനങ്ങളായ നാം…’ എന്നുതുടങ്ങി, ‘ജാതീയമോ മതപരമോ ആയ വേര്‍തിരിവില്ലാതെ വ്യക്തിയുടെ അന്തസ്സും സാഹോദര്യവും ഉറപ്പു വരുത്താന്‍ തീരുമാനിച്ചിരിക്കയാല്‍…’ എന്ന് അതവസാനിച്ചു.

സാഹോദര്യം

1948 ഫെബ്രുവരി 21-ന് അംബേദ്കര്‍ ഭരണഘടനാ നിര്‍മാണസഭയുടെ അധ്യക്ഷനായിരുന്ന ഡോ. രാജേന്ദ്ര പ്രസാദിന് എഴുതി: ‘ലക്ഷ്യപ്രമേയത്തില്‍ ഇല്ലാതിരുന്ന ഒരു കാര്യംകൂടി കരടുസഭ ആമുഖത്തിലേക്ക് ചേര്‍ത്തിരിക്കുന്നു. പൗരര്‍ക്കുണ്ടാകേണ്ട സാഹോദര്യത്തെക്കുറിച്ചാണ് ഈ ഭാഗം. അങ്ങനെയൊരു വൈകാരിക ഐക്യപ്പെടല്‍ എപ്പോഴത്തെക്കാളും പ്രാധാന്യമര്‍ഹിക്കുന്ന സമയമാണിത്.’ സാഹോദര്യമില്ലാതെ സ്വാതന്ത്ര്യവും സമത്വവും അര്‍ഥശൂന്യമാണെന്ന അംബേദ്കര്‍ രാഷ്ട്രീയത്തിന്റെ പ്രതിഫലനംതന്നെയായി ആമുഖത്തിലെ അവസാന ഖണ്ഡിക.

ഫെബ്രുവരി ആറിന് അംബേദ്കര്‍ അവതരിപ്പിച്ച ആമുഖത്തില്‍ ജാതീയവും മതപരവുമായ വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് പരാമര്‍ശിച്ചിരുന്നത്. അതിനൊപ്പം ‘വര്‍ഗപരമായ വിവേചനങ്ങളെന്നു’കൂടി പിന്നീട് ചേര്‍ത്തു. അങ്ങനെ ഏതാനും മാറ്റങ്ങളോടെ ആ ആമുഖം ഭരണഘടനയുടെ കരടുരേഖയില്‍ അന്തിമമായി ഇടംനേടി. സഭ ഐകകണ്‌ഠ്യേന അംഗീകരിച്ച ലക്ഷ്യപ്രമേയത്തില്‍നിന്ന് ആമുഖത്തിനുണ്ടായ മാറ്റങ്ങളെ ചിലര്‍ ചോദ്യംചെയ്തു. പക്ഷേ, സാഹോദര്യത്തിനുള്ള ആഹ്വാനം പൊതുവേ അംഗീകരിക്കപ്പെട്ടു.

1948 നവംബര്‍ ആറിന് തകുര്‍ദാസ് ഭാര്‍ഗവ ഭരണഘടനാ നിര്‍മാണസഭയില്‍ നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു: ‘സാഹോദര്യം എന്ന പ്രയോഗം ആമുഖത്തില്‍ ഉള്‍പ്പെടുത്തിയ ഡോ. അംബേദ്കറിനോട് ഞാന്‍ ആത്മാര്‍ഥമായി കൃതജ്ഞത അറിയിക്കട്ടെ. നീതി, സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നിവ കണ്ടെത്താന്‍ കഴിയുന്നുണ്ടെങ്കില്‍ ഇതൊരു മികച്ച ഭരണഘടനയാണെന്നതില്‍ തര്‍ക്കമില്ല’.

ഫ്രീഡം/ ലിബര്‍ട്ടി

നെഹ്രുവിന്റെ ലക്ഷ്യപ്രമേയത്തില്‍ സ്വാതന്ത്ര്യം എന്ന അര്‍ഥത്തില്‍ ഇംഗ്ലീഷിലെ ‘ഫ്രീഡം’ എന്ന വാക്കായിരുന്നു ഉപയോഗിച്ചത്. അംബേദ്കര്‍ അത് ‘ലിബര്‍ട്ടി’ എന്ന് തിരുത്തി. ഫ്രഞ്ച് വിപ്ലവ മുദ്രാവാക്യത്തിന്റെ (ലിബര്‍ട്ടി, ഇക്വാലിറ്റി, ഫ്രറ്റേണിറ്റി-സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം) കടമെടുപ്പ് എന്നതില്‍ കവിഞ്ഞ് വാക്കുകളുടെ ആ തിരഞ്ഞെടുപ്പിന് പലപ്പോഴും അധികപ്രാധാന്യമൊന്നും ചരിത്രകാരന്മാര്‍ നല്‍കിക്കണ്ടിട്ടില്ല. എന്നാല്‍, അതിനുപിന്നില്‍ അംബേദ്കറുടെ രാഷ്ട്രീയം കൃത്യമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ആകാശ് സിങ്ങിന്റെ നിരീക്ഷണം. കേവലം

വൈദേശിക ഭരണത്തില്‍നിന്നുള്ള വിടുതിമാത്രമല്ല, അധഃസ്ഥിതരുടെ വിമോചനംകൂടി സാധ്യമാകുന്നതാണ് സ്വാതന്ത്ര്യമെന്ന കാഴ്ചപ്പാടില്‍നിന്നാണ് ആ തിരഞ്ഞെടുപ്പുണ്ടായത്.
പരസ്പര ബഹുമാനത്തോടെയുള്ള ‘സ്വാതന്ത്ര്യ’ വിനിയോഗം എന്ന അര്‍ഥതലമുണ്ട് ലിബര്‍ട്ടി എന്ന വാക്കിന്. ജാതി-മത ഭേദമന്യേ വ്യക്തികളുടെ അന്തസ്സ് ഉറപ്പിക്കുന്നതുകൂടിയായ ഭരണഘടനയെന്ന് ആമുഖത്തില്‍ പറയുന്നതും ഇതിനോട് ചേര്‍ത്തുവായിക്കാം.

പുനര്‍വായന

വര്‍ഗീയരാഷ്ട്രീയത്തിനെതിരായ സമരവേദികളില്‍ അംബേദ്കര്‍ ആഘോഷിക്കപ്പെടുന്ന കാലമാണിത്. സങ്കുചിതമായ രാഷ്ട്രസങ്കല്പങ്ങള്‍ക്കെതിരേ ഭരണഘടനാ ആമുഖം മുദ്രാവാക്യംപോലെ മുഴങ്ങിക്കേള്‍ക്കാം. ഇന്ത്യയുടെ നിര്‍വചനമെന്നോണം ആമുഖം പുനര്‍വായനകള്‍ക്ക് വിധേയമാകുമ്പോള്‍ അതിലെ അംബേദ്കര്‍മൂല്യങ്ങള്‍ തീര്‍ച്ചയായും തിരിച്ചറിയപ്പെടണം. ആമുഖത്തിന്റെ കര്‍തൃത്വം സംബന്ധിച്ച ധാരണകളെ പ്രശ്‌നവത്കരിക്കുകയല്ല തന്റെ ഉദ്ദേശ്യമെന്ന് ആകാശ് സിങ് വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച്, കാര്യമായി ചര്‍ച്ചചെയ്യപ്പെടാതെപോയ ചില വസ്തുതകളെ പുനരവതരിപ്പിക്കുകമാത്രമാണ്. അദ്ദേഹം പറയുന്നു, ‘അംബേദ്കര്‍ 1948 ഫെബ്രുവരി ആറിന് കരടുസഭയില്‍ വായിച്ച ആമുഖം ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ലക്ഷ്യപ്രമേയമോ അംബേദ്കറിന്റെതന്നെ ന്യൂനപക്ഷ അവകാശപ്രമേയമോ ബി.എന്‍ റാവുവിന്റെ മാതൃകയോ ഏതെങ്കിലും ഒന്നുമാത്രമായിരുന്നില്ല. എന്നാല്‍, അവയെല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതായിരുന്നുതാനും.’

Related posts

ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ന് ശേ​ഷം കോ​വി​ഡ് കേ​സു​ക​ള്‍ ആ​യി​ര​ത്തി​ല്‍ താ​ഴെ; മാ​സ്‌​ക് മാ​റ്റാ​റാ​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി

Aswathi Kottiyoor

സി​ബി​എ​സ്ഇ പ​രീ​ക്ഷ: വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor

യൂറോപ്പിലെ കോവിഡ് വ്യാപനം; കേരളത്തിനും മുന്നറിയിപ്പ്: 2–ാം ഡോസ് എടുത്തത് 54% മാത്രം.

Aswathi Kottiyoor
WordPress Image Lightbox