‘കണ്ണൂർ ബ്രാൻഡ്’ ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ. ജില്ലാമിഷൻ രൂപീകരിച്ച വനിതകളുടെ കാർഷിക മൂല്യവർധിത യൂണിറ്റുകളുടെ കൺസോർഷ്യത്തിന്റെ പത്ത് ഉൽപ്പന്നങ്ങളാണ് വിപണിയിലിറക്കിയത്. നാലു തരം ചിപ്‌സുകളും ആറുതരം അച്ചാറുകളും ഇനി കണ്ണൂർ ബ്രാൻഡിൽ ലഭിക്കും.
കാർഷികമേഖലയിൽമാത്രം അയ്യായിരത്തിലധികം കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുണ്ട്. വിളവെടുപ്പ് സീസണുകളിൽ, മാർക്കറ്റിൽ ഉൽപ്പന്നങ്ങളുടെ വർധിച്ച ലഭ്യതകാരണം നഷ്ടം സഹിച്ചാണ് പലരും ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. ഇതിനൊരു പരിഹാരമായാണ് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനായി സൂക്ഷ്‌മസംരംഭങ്ങൾ ആരംഭിച്ചത്. ജില്ലാതലത്തിൽ ഇവയുടെ കൺസോർഷ്യം രൂപീകരിച്ച് ബ്രാൻഡ് ചെയ്‌ത് ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാൻ ശ്രമം തുടങ്ങിയത്.
ഇത്തരത്തിൽ കാർഷിക ഉൽപ്പന്ന സംസ്‌കരണ മേഖലയിൽ പ്രവർത്തിക്കുന്ന 35 സംരംഭയൂണിറ്റുകൾ രൂപീകരിച്ച് ഇവയെ ഒരു കുടക്കീഴിൽ കൊണ്ടുവന്നു. ഇവരുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ പത്ത് ഉൽപ്പന്നങ്ങളാണ് ബ്രാന്റിങ്ങിന് തെരഞ്ഞെടുത്തത്.
ബനാന ചിപ്‌സ്, വറുത്തുപ്പേരി, ശർക്കര വരട്ടി, കിഴങ്ങ് വറുത്തത് എന്നിവയും മാങ്ങ, കണ്ണിമാങ്ങ, ചേന, ചെറുനാരങ്ങ, വെളുത്തുള്ളി, കാന്താരി, ബിരിയാണി അച്ചാറുകളുമാണ് വിപണിയിലിറക്കിയത്. അച്ചാറുകളിൽ ഉൾപ്പെടെ കേടുകൂടാതിരിക്കാനുള്ള പ്രിസർവേറ്റീവ്‌സും ചേർത്തിട്ടില്ല. ചിപ്‌സുകൾക്ക് 45 ദിവസവും അച്ചാറുകൾക്ക് മൂന്ന് മാസവുമാണ് പരമാവധി ഉപയോഗപരിധി നിശ്‌ചയിച്ചത്.
സംരംഭ യൂണിറ്റുകളിൽ അംഗങ്ങളായ 125 കുടുംബശ്രീ പ്രവർത്തകർക്ക് ഉപജീവനമാർഗം ലഭിച്ചു. വിദഗ്‌ധ പരിശീലനവും അടിസ്ഥാനസൗകര്യവും ലഭ്യമാക്കി. 3.5ലക്ഷം രൂപയാണ് ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് കുടുംബശ്രീ മിഷൻ ചെലവഴിച്ചത്.
കുടുംബശ്രീ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ വിതരണോദ്‌ഘാടനം മന്ത്രി എം വി ഗോവിന്ദൻ നിർവഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ ഉൽപ്പന്നം ഏറ്റുവാങ്ങി. ഊർജശ്രീ ന്യൂടിമിക്സ് യൂണിറ്റിന്റെ പാലട, ആറളം ട്രൈബൽ യൂത്ത് നിർമിച്ച ട്രൈ സ്റ്റാർ എൽഇഡി ബൾബ് എന്നിവയും വിപണിയിലിറക്കി. വ്യവസായ ഉപഡയറക്ടർ രവീന്ദ്രകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം സുർജിത്ത് എന്നിവർ സംസാരിച്ചു.
previous post