24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *അഴിമതി പറ്റില്ലെങ്കിൽ സർക്കാർ ജോലിക്ക് നിൽക്കരുത്; കൈക്കൂലി വാങ്ങിയില്ലെങ്കിൽ സ്വസ്ഥത ഉണ്ടാകില്ല’.*
Kerala

*അഴിമതി പറ്റില്ലെങ്കിൽ സർക്കാർ ജോലിക്ക് നിൽക്കരുത്; കൈക്കൂലി വാങ്ങിയില്ലെങ്കിൽ സ്വസ്ഥത ഉണ്ടാകില്ല’.*

‘മോട്ടർ വാഹനവകുപ്പിൽ ജോലിക്കു പ്രത്യേക പരിശീലനം ആവശ്യമാണ്. അഴിമതിക്കു തയാറല്ലെങ്കിൽ സർക്കാർ ജോലിക്കു നിൽക്കരുത്.’ കഴിഞ്ഞദിവസം ജീവനൊടുക്കിയ മാനന്തവാടി കെല്ലൂർ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ സീനിയർ ക്ലാർക്ക് പി.എ.സിന്ധുവിന്റെ ഡയറിയിലെ ഈ വരികൾ അവർക്ക് ഓഫിസിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങളുടെ നേർസാക്ഷ്യം.

വീട്ടിൽ സിന്ധുവിന്റെ മുറിയിൽനിന്നാണു ഡയറിയും 8 പേജുള്ള കുറിപ്പുകളും പൊലീസ് കണ്ടെടുത്തത്. മേലധികാരികളിൽനിന്നു നേരിടേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ചും ചിലർ കൈക്കൂലി വാങ്ങുന്നതിനെക്കുറിച്ചും ഡയറിയിൽ പരാമർശമുണ്ട്. ‘മറ്റുള്ളവരുടെ കാപട്യം എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. കൈക്കൂലി വാങ്ങിയില്ലെങ്കിൽ നിങ്ങൾക്കു സ്വസ്ഥത ഉണ്ടാകില്ല. ജോലി കൃത്യമായി ചെയ്യാനായി ദൈവത്തെ വിളിച്ചു കരഞ്ഞു, ജോലി പോകുമോയെന്നു ഭയമുണ്ട്’- കുറിപ്പിലെ വരികൾ ഇങ്ങനെ പോകുന്നു.

മേലുദ്യോഗസ്ഥ ചില ഫയലുകൾ പൂഴ്ത്തിവയ്ക്കുകയും താങ്ങാവുന്നതിൽ കൂടുതൽ ജോലി അടിച്ചേൽപിക്കുകയും ചെയ്തതായി സിന്ധു പറഞ്ഞുവെന്നു സഹോദരൻ നോബിൾ പറയുന്നു. ഓഫിസിൽ സുഗമമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലായിരുന്നുവെന്ന് സിന്ധുവിനൊപ്പം പരാതിയുമായി ആർടിഒ ഇ.മോഹൻദാസിനെ കണ്ട സഹപ്രവർത്തകരും പറയുന്നു. ഓഫിസിലെ ചേരിപ്പോരും ജോലി സമ്മർദവും മാനസിക സംഘർഷമുണ്ടാക്കുന്നതായിരുന്നു. ഓഫിസിൽ പരിശോധനയ്ക്കെത്തിയ മേലധികാരികളോട് ഓഫിസിലെ പ്രശ്നങ്ങൾ പങ്കുവച്ചിരുന്നതായും സഹപ്രവർത്തകർ പറഞ്ഞു. ‌

‘പാറയുടെ മുകളിൽനിന്നു തള്ളിത്താഴെയിട്ടാൽ പെട്ടുപോകും. എന്നെ ആരെയെങ്കിലും തള്ളിയിട്ടാൽ ഞാൻ ഒറ്റപ്പെട്ടുപോകും. ഭക്ഷണം കിട്ടാതെ മരിക്കും. അതിനാൽ എനിക്കു പേടിയാണ്. ഞാൻ ഈ ലോകത്തോടു വിടപറയുന്നു’- സിന്ധുവിന്റെ ഡയറിയിലെ അവസാനവാചകം ഇങ്ങനെ. ‘ഞാൻ മാത്രമാണ് എന്റെ മരണത്തിന് ഉത്തരവാദി. എന്റെ വീട്ടുകാർ നിരപരാധികളാണ്’ എന്നും ഡയറിക്കുറിപ്പിലുണ്ട്. സിന്ധുവിന്റെ ലാപ്ടോപ്പും ഫോണും കൂടി പരിശോധിച്ച് മരണത്തിലേക്കു നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

മേലുദ്യോഗസ്ഥരിൽ ചിലർ ഓഫിസിൽ സിന്ധുവിനെ പരസ്യമായി അവഹേളിക്കുന്നതു കണ്ടവരുണ്ടെന്ന് എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് പറയുന്നു. ഓഫിസിലെത്തിയവർ കേൾക്കെ മേലുദ്യോഗസ്ഥർ ഉറക്കെ തെറി വിളിച്ചതായും ആരോപണമുണ്ട്.

ജോയിന്റ് ആർടി ഓഫിസിൽനിന്നു സിന്ധു കര‍ഞ്ഞുകൊണ്ട് ഇറങ്ങിവരുന്നതു കണ്ടതായി സിന്ധുവിന്റെ അയൽവാസിയും കർഷകനുമായ ജോൺസൺ കുന്നുമ്പുറത്ത് പറഞ്ഞു. കഴിഞ്ഞ 30ന് ഉച്ചയോടെ ഓട്ടോറിക്ഷയുടെ പേപ്പർ ശരിയാക്കാനാണ് ഓഫിസിൽ പോയത്. കാര്യങ്ങൾ ചെയ്തുതരാനായി ഏജന്റും ഒപ്പമുണ്ടായിരുന്നു.

ഓഫിസിനു പുറത്തുനിന്നപ്പോഴേ അകത്തു വലിയ ബഹളം കേട്ടു. ജീവനക്കാരിലാരോ വലിയ ശബ്ദത്തിൽ സംസാരിക്കുന്നതായാണു കേട്ടത്. എന്താണ് പറയുന്നതെന്നു വ്യക്തമായിരുന്നില്ല. അൽപസമയം കഴിഞ്ഞ് സിന്ധു ബാഗുമായി പുറത്തേക്കിറങ്ങി വരുന്നതു കണ്ടു. അവർ കരയുന്നുണ്ടായിരുന്നു- ജോൺസൺ പറഞ്ഞു.

Related posts

ജാഗ്രത തുടരാം; കൂടുതൽ ഇളവുകൾ നൽകാൻ പ്രാപ്തമായി -മുഖ്യമന്ത്രി

Aswathi Kottiyoor

കൊച്ചിന്‍ ഫ്ളവര്‍ ഷോയ്ക്ക് തുടക്കമായി : കൊച്ചി നഗരത്തിനു വലിയ വിരുന്നായി ഫ്ളവര്‍ ഷോ ജനുവരി 22 വരെ.

Aswathi Kottiyoor

കെ.എൻ.സുനീന്ദ്രൻ; സി.പി.എം കൊട്ടിയൂർ ലോക്കൽ സെക്രട്ടറി

Aswathi Kottiyoor
WordPress Image Lightbox