ഏറ്റവും വലിയ ദേശീയപതാക പാറുന്ന ഇന്ത്യന്‍ നാവികസേനയുടെ പായ്കപ്പലായ ഐഎന്‍എസ് തരംഗിണി കൊച്ചിയില്‍നിന്നു ലോകസഞ്ചാരം ആരംഭിച്ചു. കൊച്ചി നേവല്‍ ജെട്ടിയില്‍നിന്ന് ഇന്നലെ രാവിലെ ദക്ഷിണ നാവികസേനാ കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തു. കമാന്‍ഡര്‍ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള 45ഓളം നാവികര്‍ ഉള്‍പ്പെട്ടിട്ടുള്ള യാത്രയില്‍ 14 രാജ്യങ്ങളിലെ 17 വിദേശ തുറമുഖങ്ങള്‍ സന്ദര്‍ശിക്കും.
ഒമാന്‍, ജിബൂട്ടി, സൗദി അറേബ്യ, ഈജിപ്ത്, മാള്‍ട്ട, അള്‍ജീരിയ, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ഡെന്മാര്ക്ക്, ലണ്ടന്‍, ഇറ്റലി, ജിബ്രാള്‍ട്ടര്‍ എന്നീ രാജ്യങ്ങളിലെത്തും.
ഏഴുമാസവും 12 ദിവസവുംകൊണ്ട് 17,485 നോട്ടിക്കല്‍ മൈല്‍ ദൂരം താണ്ടുകയാണ് ലക്ഷ്യം.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലണ്ടനില്‍ ദേശീയപതാക ഉയര്‍ത്തുന്നതാണ് യാത്രയുടെ പ്രധാന ആകര്‍ഷണം.