23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • നിയമം ലംഘിച്ച ബോട്ടുകൾക്ക്‌ 10 ലക്ഷം പിഴയിളവ്‌ നൽകി ഉദ്യോഗസ്ഥൻ
Kerala

നിയമം ലംഘിച്ച ബോട്ടുകൾക്ക്‌ 10 ലക്ഷം പിഴയിളവ്‌ നൽകി ഉദ്യോഗസ്ഥൻ

ലൈസൻസോ പെർമിറ്റോ ഇല്ലാത്ത ബോട്ടുകൾക്ക്‌ മറൈൻ എൻഫോഴ്സ്‌മെന്റ്‌ ഉദ്യോഗസ്ഥൻ 10 ലക്ഷം രൂപ പിഴ ഇളവ്‌ നൽകിയെന്ന്‌ വിവരാവകാശ രേഖ. വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ്‌ നിയമം ലംഘിച്ച ബോട്ടുകൾക്ക്‌ നിസാര പിഴയിട്ട്‌ വിട്ടയച്ചത്‌.

കേരള മറൈൻ ഫിഷിങ്‌ റഗുലേഷൻസ് ആക്ട് പ്രകാരം മീൻപിടിത്ത ബോട്ടുകൾക്ക് മതിയായ രേഖകളില്ലെങ്കിൽ ബോട്ടുകളുടെ എൻജിൻശേഷി അനുസരിച്ച് രണ്ടരലക്ഷം രൂപവരെ പിഴ ഈടാക്കാം. 2019, 2020, 2021 കാലയളവിൽ വൈപ്പിൻ അഴീക്കൽ ഫിഷറീസ്‌ സ്റ്റേഷൻ എൻഫോഴ്സ്‌മെന്റ്‌ പിടികൂടിയ ലേഡി ഓഫ്‌ ഹെവൻ, ഗംഗ, സെന്റ്‌ ജയിംസ്‌, സാഗർ റാണി, ആരോഗ്യ അണ്ണൈ 4, സയ്യാദ്‌ ഹിബത്തുള്ള എന്നീ ബോട്ടുകൾക്കാണ്‌ പിഴ ഇനത്തിൽ വൻ തുക ഇളവുനൽകിയത്‌.
എൻഫോഴ്സ്‌മെന്റ്‌ പിടികൂടുമ്പോൾ ആറു ബോട്ടുകളിലും മതിയായ രേഖകളുണ്ടായിരുന്നില്ല. ഗംഗ എന്ന ബോട്ടിന്‌ രജിസ്‌ട്രേഷനോ ലൈസൻസോ ഇല്ല. നിയമപ്രകാരം ആറു ബോട്ടുകളിൽനിന്ന്‌ 11.9 ലക്ഷം രൂപ പിഴ ഈടാക്കണം. പക്ഷേ, മതിയായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലെന്ന കുറ്റമാണ്‌ ഉദ്യോഗസ്ഥൻ ചുമത്തിയത്‌. ഏറ്റവും ചെറിയ പിഴയിടാവുന്ന കുറ്റമാണിത്‌. ഇതുപ്രകാരം ഓരോ ബോട്ടിനും 28,750 രൂപവീതം പിഴയടപ്പിച്ച്‌ ബോട്ടുകൾ വിട്ടയച്ചു.

പിടികൂടുന്ന ബോട്ടിൽ മീനുണ്ടെങ്കിൽ ഫിഷറീസ്‌ ഉദ്യോഗസ്ഥരുടെയും എൻഫോഴ്സ്‌മെന്റിന്റെയും സാന്നിധ്യത്തിൽ ഹാർബറിൽ എത്തിച്ച്‌ ലേലം ചെയ്ത്‌ കിട്ടുന്ന തുക സർക്കാരിലേക്ക്‌ അടയ്‌ക്കണം. എന്നാൽ ഈ നിയമവും ലംഘിച്ചു. പിടിച്ചെടുത്ത ബോട്ടുകളിലെ മീനുകൾ ബോട്ടുടമകൾക്ക്‌ തിരികെ നൽകി. ഇൻവെന്ററി പട്ടികയിൽ രേഖപ്പെടുത്തിയശേഷമാണ്‌ മീൻ തിരികെ നൽകിയത്‌. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ അഴീക്കോട്‌ സ്വദേശി സന്ദീപ്‌ മുഖ്യമന്ത്രിക്കും ഫിഷറീസ്‌ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്‌. സർക്കാർ നിയമങ്ങൾ കാറ്റിൽപ്പറത്തി 10,17,500 രൂപയുടെ നഷ്ടം വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാണ്‌ ആവശ്യം.

Related posts

രണ്ടു വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിയത് 2.4 ലക്ഷം കമ്പനികൾ.

Aswathi Kottiyoor

നാലരവർഷം; തെരുവുനായ് കടിച്ചത് 3500 പേരെ

Aswathi Kottiyoor

ബെനഡിക്ട് പാപ്പയ്ക്ക്‌ വിട: അന്ത്യശുശ്രൂഷ വ്യാഴാഴ്ച.*

Aswathi Kottiyoor
WordPress Image Lightbox