21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ തൊഴിലവകാശങ്ങളും അതിഥി തൊഴിലാളികള്‍ക്കും ലഭിക്കണം: മന്ത്രി വി ശിവന്‍കുട്ടി
Kerala

തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ തൊഴിലവകാശങ്ങളും അതിഥി തൊഴിലാളികള്‍ക്കും ലഭിക്കണം: മന്ത്രി വി ശിവന്‍കുട്ടി

തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും തൊഴിലവകാശങ്ങളും അതിഥി തൊഴിലാളികള്‍ക്കും ലഭിക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്ന് തൊഴില്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് താമസിച്ച് വിവിധ ജോലികള്‍ ചെയ്തു വരുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി ജില്ലകളില്‍ ആരംഭിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്നും ഇതിന് പുറമെ അതിഥി തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നിരവധി ക്ഷേമ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ഒരുക്കുന്നതിന് തൊഴില്‍ വകുപ്പ് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തൊഴിലിടങ്ങളില്‍ വെച്ചുണ്ടാകുന്ന അപകട മരണത്തിന് രണ്ടു ലക്ഷം രൂപയും, സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യം, തൊഴിലാളികളുടെ മക്കള്‍ക്ക് പഠനാനുകൂല്യവും തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും സര്‍ക്കാര്‍ വിവിധ പദ്ധതികളിലൂടെ നല്‍കിവരുന്നുണ്ട്.
അതിഥി തൊഴിലാളികള്‍ക്കായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പാര്‍പ്പിട പദ്ധതിയാണ് അപ്നാഘര്‍. തൊഴിലാളികള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ വൃത്തിയുള്ളതും സുരക്ഷിതവുമായ താമസസൗകര്യം ഒരുക്കുന്നതിനാണ് അപ്നാഘര്‍ പ്രോജക്ട് കൊണ്ടു വന്നിട്ടുള്ളത്. ഇതിന് പുറമെ ആലയ് എന്ന പദ്ധതിയും നടപ്പാക്കി വരുന്നു. അതിഥി തൊഴിലാളികള്‍ക്ക് 6.5 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഫ്ളോര്‍ ഏരിയയും, പൊതുവരാന്തയും, ടോയ്ലറ്റും ഉള്‍പ്പെടെ മെച്ചപ്പെട്ട താമസസൗകര്യം ഉറപ്പാക്കുന്നതാണ് ആലയ് പദ്ധതി. ലേബര്‍ കമ്മീഷണര്‍ തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ് വെയര്‍ പോര്‍ട്ടല്‍ മുഖേന കെട്ടിട ഉടമകള്‍ക്ക് അവരുടെ കെട്ടിട വിവരങ്ങള്‍ പ്രസിദ്ധീകരിക്കാവുന്നതും ടി പോര്‍ട്ടലില്‍ പ്രവേശിച്ച അതിഥി തൊഴിലാളികള്‍ക്ക് തങ്ങള്‍ക്കാവശ്യമുള്ള കെട്ടിടങ്ങള്‍ തെരഞ്ഞെടുക്കാവുന്ന തരത്തിലുമാണ് ഈ പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ഉദ്ഘാടന പരിപാടി നടത്തിയത്. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷനായി.

കണ്ണൂര്‍ ഫെസിലിറ്റേഷന്‍ സെന്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ , ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) കെ എ ഷാജു, കണ്ണൂര്‍ ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ടി സി വി രജിത്ത്, സിഐടിയു ജില്ലാ ട്രഷറര്‍ അരക്കന്‍ ബാലന്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് ജോസ് ജോര്‍ജ് പ്ലാത്തോട്ടം, എഐടിയുസി ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാര്‍ , ബിഎംഎസ് ജില്ലാ സെക്രട്ടറി വേണുഗോപാല്‍, എസ് ടി യു ജില്ലാ പ്രസിഡണ്ട് എം എ കരീം എന്നിവര്‍ പങ്കെടുത്തു

Related posts

ഈ വർഷം എസ്.എ.ടി. ആശുപത്രിയിൽ ജനിറ്റിക് വിഭാഗം ആരംഭിക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

‘ബോധപൂർണ്ണിമ’: ആദ്യഘട്ടത്തിന് സമാപനമായി: ലഹരിക്കെതിരെ കലാലയങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം: മന്ത്രി ഡോ. ബിന്ദു

Aswathi Kottiyoor

വാതില്‍ അടച്ചില്ല; ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox