25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • നാലു വർഷം കൊണ്ട് സംസ്ഥാനത്ത് 40 ലക്ഷം തൊഴിലവസരങ്ങൾ: മുഖ്യമന്ത്രി
Kerala

നാലു വർഷം കൊണ്ട് സംസ്ഥാനത്ത് 40 ലക്ഷം തൊഴിലവസരങ്ങൾ: മുഖ്യമന്ത്രി

നാലു വർഷം കൊണ്ട് സംസ്ഥാനത്ത് 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യവസായ വകുപ്പിനു കീഴിൽ ഒരു വർഷം കൊണ്ട് ഒരു ലക്ഷം ഇടത്തരം, ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിൻറെയും 2022-23 സംരംഭക വർഷമായി ആചരിക്കുന്നതിൻറെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പുവരുത്തി അടുത്ത നാലു വർഷം കൊണ്ട് വ്യവസായ മേഖലയിൽ മാത്രം 10000 കോടിയുടെ നിക്ഷേപം ആകർഷിക്കുവാനാണ് ലക്ഷ്യമിടുന്നത്. തൊഴിലവസരങ്ങൾക്ക് ഉതകുന്ന നൈപുണ്യ പരിശീലനത്തിനും മറ്റുമായുള്ള സവിശേഷമായ ഇടപെടലുകൾ ഉറപ്പുവരുത്തും. അതിന് അടിത്തറ പാകുന്ന വിധത്തിൽ അടിസ്ഥാനസൗകര്യ വികസനവും നിക്ഷേപ സൗഹൃദാന്തരീക്ഷവും ശക്തിപ്പെടുത്തും. സംസ്ഥാനത്തിൻറെ വ്യവസായ മേഖലയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വലിയ മാറ്റങ്ങൾ വരുത്താനായിട്ടുണ്ട്. ഇത് കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
കേരളത്തെ വിജ്ഞാനസമൂഹമാക്കാനും വികസനമാതൃകകൾ സഫലമാക്കുന്ന നാടായും രൂപപ്പെടുത്തേണ്ടതുണ്ട്. അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ അഭിരുചിക്കും ശേഷിക്കും യോജിച്ച തൊഴിലവസരങ്ങൾ ഇവിടെത്തന്നെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
എംഎസ്എംഇ പദ്ധതിയിലൂടെ മൂന്ന് മുതൽ അഞ്ച് ലക്ഷം വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. 120 കോടി രൂപ ചെലവഴിച്ചാണ് കർമ്മപദ്ധതി നടപ്പാക്കുന്നത്. ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള കൃത്യമായ മാർഗരേഖ തയ്യാറാക്കിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കേരളത്തിൻറെ വ്യാവസായിക മുന്നേറ്റം സാധ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കർമ്മപദ്ധതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എംഎസ്എംഇ പദ്ധതിയുടെ നടത്തിപ്പ് ലക്ഷ്യമിട്ട് വിപുലമായ തയ്യാറെടുപ്പാണ് സർക്കാർ നടത്തിയിട്ടുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. തദ്ദേശ, സഹകരണ, ടൂറിസം, ധനകാര്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രിതലത്തിലോ ഉദ്യോഗസ്ഥ തലത്തിലോ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രവർത്തനമല്ല, കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുകൾ, വ്യവസായി സംഘടനകൾ, ട്രേഡ് യൂണിയനുകൾ ഉൾപ്പെടെ നാടാകെ ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണിതെന്നും മന്ത്രി പറഞ്ഞു.

സംരംഭകർ ഉദ്യോഗസ്ഥർക്കായി കാത്തിരിക്കുന്ന രീതിയാണ് ഉണ്ടായിരുന്നതെന്നും മറിച്ച് ഉദ്യോഗസ്ഥർ സംരംഭകരെ സ്വീകരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറുകയാണെന്നും സംരംഭകർക്കായി തയ്യാറാക്കിയ കൈപ്പുസ്തകത്തിൻറെ പ്രകാശനം നിർവ്വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. കേരള സമൂഹത്തിൽ വലിയ മാറ്റവും തൊഴിൽ മേഖലയിൽ വൻ മുന്നേറ്റവുമുണ്ടാക്കുന്ന പദ്ധതിക്കാണ് സംസ്ഥാന സർക്കാർ തുടക്കമിട്ടതെന്ന് സംരംഭക വർഷത്തിൻറെ ലോഗോ പ്രകാശനം ചെയ്ത സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

വി കെ പ്രശാന്ത് എം എൽ എ, മേയർ ആര്യ രാജേന്ദ്രൻ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി പി ജോയി, വ്യവസായ-നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ, കെഎസ്ഐഡിസി എംഡി എം ജി രാജമാണിക്കം, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.സുധീർ, സി ഐ ഐ കേരള മുൻ ചെയർമാൻ പി ഗണേഷ്, കെഎസ്എസ്ഐഎ ജനറൽ സെക്രട്ടറി കെ എ ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.

വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളുമായി ചേർന്നാണ് 2022-23 സാമ്പത്തിക വർഷം വ്യവസായ വകുപ്പ് ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള കർമ്മപദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 2022 ഏപ്രിൽ-മെയ് മാസങ്ങളിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന ഏകദിന ശിൽപ്പശാലകളോടെയാണ് പരിപാടി ആരംഭിക്കുന്നത്. ഇതിലൂടെ സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് പൊതുബോധവത്കരണം നൽകും. ഇതിനു ശേഷം ലൈസൻസ്, ലോൺ, സബ്സിഡി മേളകൾ ഓരോ തദ്ദേശ സ്ഥാപനത്തിലും സംഘടിപ്പിക്കും. പൊതുബോധവത്കരണത്തിൽ പങ്കെടുത്തുവരിൽനിന്നും സംരംഭം തുടങ്ങുവാനുള്ള തീരുമാനവുമായി മുന്നോട്ടു വരുന്നവർക്കാണ് ഇത് സംഘടിപ്പിക്കുന്നത്. 2022 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം നിറവേറ്റുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

Related posts

ട്രോളിംഗ് നിരോധനം തുടരുന്നു! ചെറുവള്ളങ്ങളിൽ ഇത്തവണ മത്തി ചാകര

Aswathi Kottiyoor

കാഞ്ഞങ്ങാട് ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

Aswathi Kottiyoor

ദേശീയപാത 66 കേരളത്തിൽ 6 വരിയാക്കുന്ന പദ്ധതിക്കു പുതുവേഗം; 16 റീച്ചുകളിൽ കരാർ .

Aswathi Kottiyoor
WordPress Image Lightbox