തൊഴിലന്വേഷകര്‍ക്ക് വഴികാട്ടിയായി കുടുംബശ്രീ തുടങ്ങിയ “കണക്ട് ടു വര്‍ക്ക് ‘ പദ്ധതിയിലെ ആദ്യബാച്ച് വിജയകരം. ജില്ലയിലെ 260 പേര് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി. പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ആ മേഖലയില്‍ത്തന്നെ തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്നതായിരുന്നു പദ്ധതി. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കണ്ടെത്തി നല്‍കുകയും അതിനായുള്ള പരിശീലനവും കണക്ട് ടു വര്‍ക്ക് പദ്ധതിയിലൂടെ നല്കി.
പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശേരി, എടക്കാട്, കണ്ണൂര്‍, തലശേരി, പാനൂര്‍, ഇരിട്ടി തുടങ്ങിയ ബ്ലോക്കുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ഈ പ്രദേശങ്ങളിലെ തെരഞ്ഞെടുത്ത തൊഴിലന്വേഷകർക്ക് പ്രത്യേകം ക്ലാസുകള്‍ നല്കി സര്‍ട്ടിഫിക്കറ്റും വിതരണം ചെയതു. ഓരോ പഞ്ചായത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 33 പേര്‍ക്ക് പരിശീലനം നല്കി ജോലി ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം.
ഒരു ദിവസം മൂന്നോ നാലോ മണിക്കൂര്‍ ക്രമീകരിച്ചായിരുന്നു ക്ലാസ്. കഴിഞ്ഞ നവംബറിലാണ് ക്ലാസുകള്‍ ആരംഭിച്ചത്. 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിലൂടെ പേഴ്സണല്‍ സ്കില്‍സ്, പ്രസന്റേഷന് സ്കില്‍സ്, ഓര്ഗനൈസേഷന് സ്കില്‍സ്, പ്രൊഫഷണല്‍ സ്കില്‍സ്, സോഷ്യല്‍ സ്കില്‍സ് എന്നിവയില്‍ പരിശീലനം നല്കി. റീബിൽഡ് കേരളയുടെ ഭാഗമായി അസാപും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്. അസാപിലെ പരിശീലകരാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കിയത്. പ്ലസ്ടു യോഗ്യതയുള്ള 18 മുതല്‍ 33 വരെവയസുള്ളവര്ക്കായിരുന്നു കോഴ്സിന് ചേരാനുള്ള യോഗ്യത. എന്നാല്‍, കൂടുതലും 25നും വയസിനും ഇടയിലുള്ളവരാണ് കോഴ്സില്‍ പങ്കെടുത്തത്. ഇവരെല്ലാം ഡിഗ്രി, പിജി, മറ്റ് പ്രഫഷണല്‍ കോഴ്സ് തുടങ്ങിയവ പൂര്‍ത്തിയാക്കിയിരുന്നു. ഇവരില്‍ കുറേപ്പേര് പല ജോലികളിലായി പ്രവേശിച്ചിട്ടുണ്ടെന്ന് കുടുംബശ്രീ അധികൃതര്‍ പറഞ്ഞു. പദ്ധതിയുടെ രണ്ടാംഘട്ടം ഉടന്‍ തുടങ്ങാനാണ് കുടുംബശ്രീ മിഷന് ആലോചിക്കുന്നത്. ജോലിയില്‍ പ്രവേശിക്കാന്‍ തയാറാക്കുന്നതോടൊപ്പം ഒരു പ്രത്യേക വിഷയത്തില്‍ അധിഷ്ഠിതമായി പദ്ധതി തുടങ്ങാനാണ് ഉദ്ദേശം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായിട്ടില്ല. ഇത്തരത്തിലാകുമ്പോള്‍ കൂടുതല്‍ വീട്ടമ്മമാര്‍ക്ക് സ്വന്തമായി ഒരു തൊഴില്‍ നേടാനാകും.