പണിമുടക്കിലും ഇന്ധനവിലകൂട്ടി എണ്ണക്കമ്പനികൾ. തിങ്കളാഴ്ച പെട്രോളിന് 29 പൈസയും,ഡീസലിന് 32 പൈസയും കൂട്ടി. ചൊവ്വാഴ്ച്ചയും വില കൂട്ടി. പെട്രോളിന് 77 പൈസയും ഡീസലിന് 66 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ ഇന്നലെ കണ്ണൂരിലെ പെട്രോൾ വില 109.66 രൂപയും ഡീസൽ 96.75 രൂപയുമായി ഉയർന്നു. മാഹിയിൽ പെട്രോൾ വില 97.15 രൂപയും ഡീസലിന് 85.43 രൂപയുമാണ്.
2021 നവംബർ നാലിന് കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ 137 ദിവസം ഇന്ധന വിലയിൽ ഏറ്റക്കുറച്ചലുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ 22 മുതലാണ് ഇന്ധന വില എണ്ണക്കമ്പനികൾ വീണ്ടും കൂട്ടിയത്. ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിലാണ് വില കൂടുന്നത്. എട്ട് ദിവസത്തിനിടെ അഞ്ച് തവണ വില കൂടിയപ്പോൾ കണ്ണൂരിൽ പെട്രോളിന് 5.07 രൂപയും ഡീസലിന് 5.23 രൂപയും കൂടി. മാഹിയിൽ പെട്രോളിന് 4.63 രൂപയും ഡീസലിന് 4.49 രൂപയുമാണ് വർധിച്ചത്