27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തമിഴ്നാട്ടില്‍ 3,500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് എംഎ യൂസഫലി
Kerala

തമിഴ്നാട്ടില്‍ 3,500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് എംഎ യൂസഫലി

കൊച്ചി: യുഎഇ ആസ്ഥാനമായുള്ള റീട്ടെയില്‍ പ്രമുഖരായ ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എംഎ യൂസഫലി തമിഴ്നാട്ടില്‍ 3,500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. ഷോപ്പിങ് മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഫുഡ്-ലോജിസ്റ്റിക് പാര്‍ക്ക് എന്നിവ സ്ഥാപിക്കുന്നതിനായാണ് നിക്ഷേപം. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ തിങ്കളാഴ്ച തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഗൈഡന്‍സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ ബ്യൂറോ മാനേജിങ് ഡയറക്ടറും സിഇഒയുമായ പൂജ കുല്‍ക്കര്‍ണിയും ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എംഎ അഷ്‌റഫ് അലിയും ഒപ്പുവെച്ചതായി കമ്പനി വ്യക്തമാക്കി.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്. തമിഴനാട് വ്യവസായ മന്ത്രി തങ്കം തേനരസു, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് എച്ച്ഒയിലെ മറ്റ് ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും പങ്കെടുത്തു. ധാരണാപത്രം അനുസരിച്ച്, ആദ്യ ഷോപ്പിങ് മാള്‍ 2024 ഓടെ ചെന്നൈയില്‍ പ്രവര്‍ത്തനം ആരംഭിക്കും. അതേസമയം ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് ഈ വര്‍ഷാവസാനത്തോടെ കോയമ്പത്തൂരിലെ ലക്ഷ്മി മില്‍സ് കോമ്പൗണ്ടില്‍ തുറക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
മധ്യ കിഴക്കന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കാനും, സംസ്‌കരിക്കാനുമുള്ള ഭക്ഷ്യ-സംസ്‌കരണ, ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളും ലുലു ഗ്രൂപ്പ് സ്ഥാപിക്കും. ലൊക്കേഷനുകളും അനുബന്ധ നടപടിക്രമങ്ങളും അന്തിമമാക്കുന്നതിനായി ലുലുവില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ഉടന്‍ സംസ്ഥാനം സന്ദര്‍ശിക്കും. ‘തമിഴ്‌നാട് നിക്ഷേപകര്‍ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളും പിന്തുണയും നല്‍കുന്നു. ചെന്നൈയില്‍ മാത്രമല്ല കോയമ്പത്തൂര്‍, സേലം, മധുരൈ, ട്രിച്ചി തുടങ്ങിയ രണ്ടാം നിര നഗരങ്ങളിലും വലിയ നിക്ഷേപ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ തമിഴ് യുവാക്കള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും 15,000 തൊഴിലവസരങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്നും യൂസഫ് അലി പറഞ്ഞു
ലുലു ഗ്രൂപ്പ് നിലവില്‍ മിഡില്‍ ഈസ്റ്റ്, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 225-ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളും പ്രവര്‍ത്തിപ്പിക്കുന്നു. ആഗോളതലത്തില്‍ 57,000-ത്തിലധികം ആളുകള്‍ ഈ ഗ്രൂപ്പില്‍ ജോലി ചെയ്യുന്നുണ്ട്. ആധുനിക ഷോപ്പിങ് മാള്‍ സ്ഥാപിക്കുന്നതിനായി ലുലു ഗ്രൂപ്പ് അഹമ്മദാബാദിന് സമീപം 2,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ഭക്ഷ്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ 500 കോടി രൂപയുടെ നിക്ഷേപവുംം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Related posts

മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ പ്രവർത്തന സജ്ജമായി

Aswathi Kottiyoor

ഭക്ഷ്യവിഷബാധ: ലാബുകൾക്ക് അക്രഡിറ്റേഷൻ ഇല്ല; ശിക്ഷ ഉറപ്പാക്കൽ വെല്ലുവിളി

Aswathi Kottiyoor

സർക്കാർ സർവേകൾ 5 ; പുറമേ രണ്ടാം ഡോസ് എടുക്കാത്തവരുടെ വിവരശേഖരണവും.

Aswathi Kottiyoor
WordPress Image Lightbox