കണ്ണൂർ∙ വിതരണം ചെയ്യുന്നത് എംഡിഎംഎ (മെത്തിലിൻ ഡയോക്സി മെതാംഫിറ്റമിൻ) അടക്കമുള്ള രാസലഹരിമരുന്നുകളും കൊക്കെയ്നും ബ്രൗൺഷുഗറും. ലഹരിമരുന്നു നൽകുന്നതു നൈജീരിയക്കാർ. ചില്ലറ വിതരണത്തിനു ദമ്പതിമാർ. റോഡുവക്കിലും കെട്ടിടങ്ങളുടെ മൂലകളിലും വച്ച്, ഫോട്ടോയും ഗൂഗിൾ ലൊക്കേഷനുമൊക്കെ നൽകി ഹൈടെക് വിതരണം. പണമിടപാട് പൂർണമായി ഓൺലൈൻ. 5 ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന സംഘം. കുറച്ചു മാസം കൊണ്ട്, അഭൂതപൂർവമായ വളർച്ച. ലഹരിമരുന്നുമായി പിടിയിലായവരെ മാത്രമല്ല, സംഘവുമായി ലഹരിമരുന്നിനു വേണ്ടി പണമിടപാടു നടത്തിയവരെയും പിടികൂടി പൊലീസ്. കണ്ണൂർ സിറ്റി പൊലീസ് പിടികൂടിയ ലഹരിമരുന്നു കേസ് പലതു കൊണ്ടും കേരളത്തിൽ തന്നെ ശ്രദ്ധേയമാവുകയാണ്.
അന്വേഷണത്തുടക്കം ബാങ്ക് ഇടപാടുകളിൽനിന്ന്
നിസാം എന്നയാളുടെ ബാങ്ക് അക്കൗണ്ടിലെ ദുരൂഹമായ ഇടപാടുകൾ സ്പെഷൽ ബ്രാഞ്ചിന്റെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. പിന്നീടാണ്, എടക്കാട് പാതയോരത്ത് ഒരു സ്ത്രീ എംഡിഎംഎ പൊതി ഉപേക്ഷിച്ചു പോയ സംഭവമുണ്ടായത്. പൊതി ഉപേക്ഷിച്ച സ്ത്രീ സഞ്ചരിച്ച വാഹനം കണ്ടെത്താനായി അടുത്ത ശ്രമം. വാഹനം ബൽക്കീസ് എന്ന സ്ത്രീയുടെ പേരിലാണെന്നു വ്യക്തമായെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. വാടക വീടുകൾ മാറിമാറിക്കഴിയുന്നതാണു തടസമായത്. പിന്നീടു ബൽക്കീസിനെ കണ്ടെത്തുകയും ഫോൺ കോളുകൾ പിന്തുടർന്നു മലബാറിലെ അടുത്ത കാലത്തെ ഏറ്റവും വലിയ എംഡിഎംഎ കേസ് കണ്ണൂർ സിറ്റി പൊലീസ് പിടികൂടുകയും ചെയ്യുകയായിരുന്നു.
ദമ്പതിമാരുടെ ലഹരിക്കേസ്
ലഹരിസംഘത്തിന്റെ വിതരണ ശൃംഖലയിൽ സജീവമായിരുന്ന 2 ദമ്പതിമാരാണ് ഇതിനകം കേസിൽ പിടിയിലായത്. ബെംഗളൂരുവിൽനിന്നു പാഴ്സലായി എത്തിച്ച 1.950 കിലോഗ്രാം എംഡിഎംഎയും 67 ഗ്രാം ബ്രൗൺഷുഗറും 7.5 ഗ്രാം ഓപ്പിയവും (കറുപ്പ്) സഹിതം മുഴപ്പിലങ്ങാട് തോട്ടന്റവിട വീട്ടിൽ ബൽക്കീസ് ചെറിയ (28), ഭർത്താവ് അഫ്സൽ (39) എന്നിവർ ഈമാസം 7ന് ടൗൺ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെയും ഡാൻസാഫിന്റെയും പിടിയിലാവുകയായിരുന്നു. പാഴ്സൽ ഓഫിസിൽ എത്തി, ലഹരിമരുന്നു പായ്ക്കറ്റ് കൈപ്പറ്റിയയുടനെയാണു പിടിവീണത്. ചുരിദാർ എന്ന പേരിലാണ് പാഴ്സൽ എത്തിയിരുന്നത്. ബൽക്കീസാണ് മിക്കപ്പോഴും പാഴ്സൽ കൈപ്പറ്റിയിരുന്നത്. അയച്ചത് സംഘത്തലവനും ബൽക്കീസിന്റെ സഹോദരീ ഭർത്താവുമായ, കണ്ണൂർ തെക്കിബസാർ സ്വദേശി നിസാം അബ്ദുൽ ഗഫൂറും. ബൽക്കീസിന്റെ മറ്റൊരു ബന്ധുവും നിസാമിന്റെ കൂട്ടാളിയുമായ തയ്യിൽ മരക്കാർകണ്ടി കരീലകത്ത് ജനീസിന്റെ, കണ്ണൂർ പടന്നപ്പാലത്തെ ഇന്റീരിയർ ഡക്കറേഷൻ സ്ഥാപനത്തിൽ വച്ചാണു ലഹരിമരുന്നു ചെറിയ പൊതികളാക്കിയിരുന്നത്. ബൽക്കീസ് നൽകിയ ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിൽ മാർച്ച് 11ന് പൊലീസ് പരിശോധന നടത്തി. പിടിച്ചെടുത്തത് 18.5 ഗ്രാം ബ്രൗൺ ഷുഗർ, 3.49 ഗ്രാം വരുന്ന 270 എൽഎസ്‍ഡി സ്റ്റാംപുകൾ, 19 ഗ്രാം വരുന്ന 90 എംഡിഎംഎ ഗുളികകൾ. ജനീസ് ഒളിവിലാണ്. ഈ കേസിൽ, ഈമാസം 23ന് പൊലീസ് അറസ്റ്റ് ചെയ്തതും ദമ്പതിമാരെത്തന്നെ – തയ്യിൽ മരക്കാർകണ്ടി ചെറിയ ചിന്നപ്പന്റവിട വീട്ടിൽ സി.സി.അൻസാരി, ഭാര്യ ഷബ്ന (ആതിര അനി). ഇവർക്കു പുറമെ പുതിയങ്ങാടി ചൂരിക്കടത്ത് വീട്ടിൽ സി.എച്ച്.ഷിഹാബിനെയും അറസ്റ്റ് ചെയ്തു.
2 കുടുംബം 2 തരം ദൗത്യം; വിതരണത്തിനു ഡിജിറ്റൽ പ്ലാറ്റ്ഫോം
നിസാം അയക്കുന്ന പാഴ്സലുകൾ ഏറ്റുവാങ്ങി പടന്നപ്പാലത്തെ ഇന്റീരിയർ ഡക്കറേഷൻ സ്ഥാപനത്തിലെത്തിക്കുകയാണ് ബൽക്കീസിന്റെയും അഫ്സലിന്റെയും ജോലി. ഇതിന്, ഓരോ തവണയും 2000–3000 രൂപ പ്രതിഫലം ലഭിക്കും. ഇവിടെ വച്ച് ചെറിയ പൊതികളാക്കുന്ന ലഹരിമരുന്ന് കണ്ണൂർ നഗരത്തിലെയും പരിസരത്തെയും ഏതെങ്കിലും സ്ഥലങ്ങളിൽ (പാതയോരം, കെട്ടിടം) കൊണ്ടുവയ്ക്കുന്നതും ബൽക്കീസ്–അഫ്സൽ ദമ്പതികളാണ്. ഇതിനു ശേഷം, സ്ഥലത്തിന്റെ വിശാലമായ ഫോട്ടോ, പൊതിയിരിക്കുന്ന ഇടത്തിന്റെ ക്ലോസപ് ഫോട്ടോ (ഈ ഫോട്ടോയിൽ ലഹരിമരുന്നു പൊതി പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാകും), സ്ഥലത്തിന്റെ ഗൂഗിൾ ലൊക്കേഷൻ എന്നിവ നിസാമിനു കൈമാറും. പൊതിയിടേണ്ട സ്ഥലവും കെട്ടിടവും തീരുമാനിക്കുന്നത് അഫ്സൽ–ബൽക്കീസ് ദമ്പതികളോ നിസാമോ ആകാം. ഏതു ജില്ലയിൽ നിന്നുള്ളവരായാലും അളവ് എത്രയായാലും കണ്ണൂർ നഗരത്തിലെ ഏതെങ്കിലുമിടത്തു മാത്രമേ പൊതി കൊണ്ടുവയ്ക്കൂ. ആവശ്യക്കാർ എത്ര അകലെയുള്ളവരാരായാലും ഇവിടെയെത്തി സാധനം എടുക്കണം. സിഗരറ്റ് പായ്ക്കറ്റിനകത്തോ, ചെറിയ കടലാസ് പൊതിയായോ ആകാമിത്. നിസാം ഈ ഫോട്ടോകൾ, ലഹരിമരുന്നിന് ഓർഡർ ചെയ്തവർക്കു കൈമാറുകയും ചെയ്യും.
ഇടപാട് ലക്ഷങ്ങളുടെ, ജീവിതം ദാരിദ്ര്യത്തിൽ!
ഇതിൽനിന്നു വ്യത്യസ്തമാണ് ഷബ്നയുടെയും അൻസാരിയുടെയും ജോലി. അൻസാരിയും ഷബ്നയുടെ സഹോദരനും ലഹരിമരുന്നു സഹിതം ഇക്കൊല്ലം ജനുവരിയിൽ എക്സൈസിന്റെ പിടിയിലായ ശേഷമാണ് ഷബ്ന ലഹരിസംഘത്തിൽ കണ്ണിയാകുന്നത്. അൻസാരിയുടെ ഫോണിലുള്ള ഇടപാടുകാർക്ക് മുടക്കമില്ലാതെ ലഹരിമരുന്ന് എത്തിക്കാനായിരുന്നു ഇത്. ഈമാസമാദ്യം അൻസാരി പുറത്തിറങ്ങുന്നതു വരെ, ഇടപാടുകാർ ലഹരിമരുന്നിനായി അൻസാരിയുടെ ഫോണിൽ വിളിക്കുമ്പോൾ അറ്റൻഡ് ചെയ്തത് ഷബ്നയാണെന്നാണു പൊലീസിന്റെ കണ്ടെത്തൽ. അൻസാരിയുടെ ഫോൺ നമ്പറുമായി ബന്ധിപ്പിച്ച ഷബ്നയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇടപാടുകാർ ഗൂഗിൾ പേ വഴി പണമിടും. ഷബ്ന ഈ തുക നിസാമിന്റെ അക്കൗണ്ടിലേക്കു ഗൂഗിൾ പേ വഴി കൈമാറും. ഇടപാടുകാർ തുക ഇട്ടതിന്റെ സ്ക്രീൻ ഷോട്ട് സിഗ്നൽ ആപ് വഴിയോ വാട്സാപ് വഴിയോ നിസാമിന് അയക്കുകയും ചെയ്യും. ഇതിനു ശേഷം ലഹരിമരുന്ന് വച്ച ലൊക്കേഷനും ഫോട്ടോകളും നിസാം ഷബ്നയ്ക്കും ഷബ്ന ഇടപാടുകാർക്കും കൈമാറും. ബൽക്കീസിനെ പോലെ, ലഹരിമരുന്ന് ഏറ്റുവാങ്ങാനോ ചെറിയ പൊതികൾ ലൊക്കേഷനിൽ കൊണ്ടിടാനോ ഷബ്ന പോയിരുന്നില്ല. പക്ഷേ, ചില കുറിയറുകൾ പലദിവസങ്ങളിലും ഷബ്നയുടെ വീട്ടിലെത്തിയിരുന്നു. അവ, അപ്പോൾ തന്നെ മറ്റു ചിലർ വന്ന് ഏറ്റുവാങ്ങുകയും ചെയ്തിരുന്നതായാണു പൊലീസിന്റെ കണ്ടെത്തൽ.
അൻസാരി എക്സൈസ് പിടിയിലാകും മുൻപ് വിതരണം നടത്തിയിരുന്നു. ഈമാസമാദ്യം പുറത്തിറങ്ങിയ ശേഷം, വിതരണത്തിനിറങ്ങാൻ സാവകാശം ലഭിക്കുന്നതിനു മുൻപാണ് ബൽക്കീസും അഫ്സലും പിടിയിലായത്. 2 കുടുംബങ്ങളും പരസ്പരം പരിചയമുണ്ടായിരുന്നില്ല. അൻസാരി പിടിയിലായപ്പോൾ, ബൽക്കീസിനെയും അഫ്സലിനെയും മറ്റൊരു വീട്ടിലേക്കു മാറ്റിത്താമസിപ്പിക്കുകയും ഈ വീട്ടിൽ ഷബ്നയെ താമസിപ്പിക്കുകയും ചെയ്യുകയായിരുന്നു. നിസാമാണു വീട്ടുവാടക നൽകിയിരുന്നത്. ഷബ്നയ്ക്കു പുതിയ ഫോൺ വാങ്ങിക്കൊടുത്തതും നിസാം തന്നെ. ലഹരിക്കേസിൽ ബൽക്കീസും ഭർത്താവും പിടിയിലായ ശേഷം, വാടകവീട്ടിൽ ശേഷിച്ചിരുന്ന അവരുടെ ഫോട്ടോ കണ്ടാണ് ഷബ്നയും ഭർത്താവും അവരെ തിരിച്ചറിഞ്ഞതുതന്നെ. ലക്ഷങ്ങളുടെ ഇടപാടുകളാണു നടത്തിയതെങ്കിലും അൻസാരിയും ഷബ്നയും ജീവിക്കുന്നതു ദരിദ്രമായ അവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു.വൺ ആൻഡ് ഒൺലി നിസാം
ലഹരിമരുന്നു വിതരണം ജനകീയമാക്കിയ സംഘത്തലവനാണു നിസാമെന്നു പൊലീസ്. മറ്റുള്ളവർ എംഡിഎംഎയ്ക്കു ഗ്രാമിന് 3000 രൂപ വരെ ഈടാക്കുമ്പോൾ നിസാമിന്റെ നിരക്ക് 1500–2000 രൂപയാണ്. അത്, ഉപഭോക്താവായാലും ശരി, വിൽപനക്കാരനായാലും ശരി. നിസാമിന്റെ നിരക്ക് കുറവാണ്. ചെറിയ സംഘമായിരുന്നിട്ടും ചുരുങ്ങിയ കാലം കൊണ്ട് കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒട്ടേറെ ഇടപാടുകാരുണ്ടാകാൻ പ്രധാന കാരണവും ഇതു തന്നെ. കൂട്ടുകാർ പലരുണ്ടെങ്കിലും നിസാമിനു വിശ്വാസം കുടുംബക്കാരെയായിരുന്നു. സംഘം വളരുന്നതിനനുസരിച്ച്, കുടുംബക്കാരെയാണു പ്രധാനമായും ഒപ്പം കൂട്ടിയത്.
ബന്ധുവും സിറ്റി സ്വദേശിയുമായ ജനീസും പിന്നീടു ബൽക്കീസും അഫ്സലുമൊക്കെ സംഘത്തിലെത്തി. ബന്ധുക്കളെ നിസാം കയ്യയച്ചു സഹായിച്ചിരുന്നതായി പൊലീസ് പറയുന്നു. നിസാമിനു നാൽപതിൽപരം പ്രധാന ഇടനിലക്കാരുണ്ടെന്നാണു ബാങ്ക് ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിൽ നിന്നു ലഭിച്ച വിവരം. കോവിഡ് ലോക്ഡൗൺ കാലത്ത് വെറും പതിനായിരം രൂപയുമായി ലഹരിമരുന്നു വ്യാപാരത്തിനിറങ്ങിയതാണു നിസാം. പിന്നീടു കോടികൾ ലഭിച്ചതായും നിസാമിന്റെ മൊഴിയിലുണ്ട്. കോടിക്കണക്കിനു രൂപയുടെ ഇടപാടുകൾ നടന്ന ബാങ്ക് അക്കൗണ്ടുകളിൽ പക്ഷേ, നിലവിൽ 2 ലക്ഷത്തോളം രൂപ മാത്രമാണു ബാക്കിയുള്ളത്. ലഹരിക്കടത്തിൽ നിന്നു ലഭിച്ച പണം ആഡംബര ജീവിതത്തിനാണു ചെലവിട്ടതെന്നും പൊലീസ് അറിയിച്ചു.ഒരു കാര്യം കൂടി തുറന്നു പറഞ്ഞ്, നിസാം അന്വേഷണ സംഘത്തെ ഞെട്ടിച്ചു. താൻ കൊടുത്തയച്ചിരുന്ന പാഴ്സലുകളിൽ കൊക്കെയ്നുമുണ്ടെന്നായിരുന്നു ഇത്. കണ്ണൂരിൽ പിടിച്ചെടുത്ത ലഹരിമരുന്നുകളിൽ കൊക്കെയ്നുമുണ്ടെന്ന സംശയത്തിലാണിപ്പോൾ പൊലീസ്. രാസപരിശോധനാ ഫലം വന്നാലേ ഇതു വ്യക്തമാകൂ. ലഹരിമരുന്നു വിതരണത്തിനു വാട്സാപ്, സിഗ്നൽ ആപ് വഴിയുള്ള ലൊക്കേഷൻ–ഫോട്ടോ ഷെയറിങ് തന്ത്രം ഗൾഫിൽ നിന്നാണു നിസാം കോപ്പിയടിച്ചതെന്നാണു സൂചന. ഗൾഫിൽ, അനധികൃത മദ്യ വിതരണത്തിന് ഈ രീതിയാണത്രെ അവലംബിക്കാറുള്ളത്. നിസാമിനും സംഘത്തിനും കൂടുതൽ സുരക്ഷിതമായ രീതിയാണിത്. ഇടപാടുകാരും വിതരണക്കാരും തമ്മിൽ പരസ്പരം അറിയാത്തതു കൊണ്ട്, ഒറ്റിനുള്ള സാധ്യതയും കുറയുന്നു.
നൈജീരിയൻ കണക്ട്
നൈജീരിയക്കാരാണു നിസാമിനു ലഹരിമരുന്ന് നൽകുന്നതെന്നു വ്യക്തമായിട്ടുണ്ട്. നിസാം ലഹരിമരുന്നു വിതരണം ചെയ്യുന്ന അതേ രീതിയിൽ തന്നെയാണു നൈജീരിയൻസംഘം ലഹരിമരുന്ന് നിസാമിനു നൽകുന്നതും. ഒരു തവണ, നേരിട്ട് ഇടപാടു നടത്തിയപ്പോൾ നിസാം ബെംഗളൂരു പൊലീസിന്റെ പിടിയിലാവുകയും ചെയ്തിട്ടുണ്ട്. കിലോയ്ക്ക് 9 ലക്ഷം രൂപയ്ക്കാണു തനിക്ക് എംഡിഎംഎ ലഭിക്കുന്നതും നൈജീരിയൻ സ്വദേശികളാണു തനിക്ക് എംഡിഎംഎ അടക്കമുള്ള ലഹരിമരുന്ന് എത്തിച്ചു തരുന്നതെന്നും നിസാമിന്റെ മൊഴിയിലുണ്ട്.
പൊലീസ് അറസ്റ്റ് ചെയ്ത കേസിലെ നിർണായക കണ്ണിയായ ഒരു നൈജീരിയൻ യുവതിയെ ബെംഗളൂരുവിൽനിന്നു കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ബെംഗളൂരുവിൽ കോളജ് വിദ്യാർഥിനിയായ നൈജീരിയൻ യുവതിയാണു പിടിയിലായത്. കേസിൽ ഇതിനകം പിടിയിലായ ലഹരിമരുന്നു വിതരണ സംഘത്തലവൻ നിസാം അബ്ദുൽ ഗഫൂർ, ലഹരിമരുന്നിന്റെ പണം നൈജീരിയൻ സംഘങ്ങൾക്കു കൈമാറിയത് ഈ യുവതിയുടെ അക്കൗണ്ടിലൂടെയാണെന്ന വിവരത്തെ തുടർന്നാണു കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്നിന്റെ പണം, യുവതിയുടെ അക്കൗണ്ട് വഴി, നൈജീരിയൻ സംഘത്തിനു കൈമാറിയതായാണു വിലയിരുത്തൽ.
വേരറുക്കാൻ സിറ്റി പൊലീസ്
പിടിയിലായ സംഘത്തിന്റെ വലുപ്പച്ചെറുപ്പം നോക്കാതെ ആ ശൃംഖല മുഴുവനായി നശിപ്പിക്കാനാണു സിറ്റി പൊലീസിന്റെ തീരുമാനം. കൈയിൽ നിന്നു ലഹരിമരുന്നു കിട്ടിയില്ലെങ്കിലും ലഹരിക്കടത്തുമായി ബന്ധമുള്ളവരെയെല്ലാം പ്രതി ചേർത്തു കൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഘത്തലവൻ നിസാം അബ്ദുൽ ഗഫൂറിനെ, ബൽക്കീസിന്റെയും അഫ്സലിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെങ്കിൽ, അൻസാരി, ഷിഹാബ്, ഷബ്ന എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത് ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെയും വാട്സാപ് സന്ദേശങ്ങളുടെയും ബലത്തിലാണ്. ലഹരിക്കടത്തിനു പണമിറക്കിയെന്നാരോപിച്ചാണ് അറസ്റ്റ്. എസിപിമാരായ പി.പി.സദാനന്ദൻ, ജസ്റ്റിൻ ഏബ്രഹാം, ടൗൺ ഇൻസ്പെക്ടർ ശ്രീജിത് കൊടേരി, ഡാൻസാഫ് അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പലസംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. എസ്ഐമാരായ പി.കെ.സുമേഷ്, വിനോദ്കുമാർ, മഹിജൻ, എഎസ്ഐമാരായ അജയൻ, രഞ്ജിത്, സീനിയർ സിപിഒമാരായ മിഥുൻ, ഷാജി, മുഹമ്മദ്, അജിത് മഹേഷ്, സിപിഒ ലിതേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. ഡിഐജി രാഹുൽ ആർ.നായർ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ എന്നിവർ കേസിന്റെ പുരോഗതി സദാസമയവും വിലയിരുത്തുന്നുണ്ട്.