കോവിഡ് വാക്‌സിൻ പരീക്ഷണഫലങ്ങൾ വെളിപ്പെടുത്തണമെന്ന ആവശ്യം ശക്തമായി എതിർത്ത് വാക്‌സിൻ ഉൽപ്പാദന കമ്പനികൾ. കോവാക്‌സിൻ, കോവിഷീൽഡ് വാക്‌സിനുകളുടെ ക്ലിനിക്കൽ ട്രയൽ വിശദാംശങ്ങളും കുത്തിവയ്‌പിനെത്തുടർന്നുണ്ടായ പ്രതികൂല സംഭവങ്ങളും വെളിപ്പെടുത്തണമെന്ന ഹർജിയിലാണ് കമ്പനികൾ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്. വാക്‌സിനുകളുടെ കാര്യക്ഷമത ഇതിനോടകം തെളിഞ്ഞിട്ടുണ്ടെന്ന് കോവാക്‌സിൻ ഉൽപ്പാദക കമ്പനിയായ ഭാരത് ബയോടെക് വാദിച്ചു.
അധികൃതരുടെ പക്കൽ പരീക്ഷണഫലങ്ങളുടെയടക്കം വിശദാംശങ്ങളുണ്ടെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി. പ്രതിരോധ കുത്തിവയ്‌പിനുള്ള സാങ്കേതിക ഉപദേശകസമിതി മുൻ അംഗമായിരുന്ന ഡോ. ജേക്കബ് പുലിയേലാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വാക്‌സിനെടുത്താൽമാത്രമേ പൊതുസ്ഥലങ്ങളിൽ പ്രവേശനാനുമതി നൽകുകയുള്ളൂ എന്നതടക്കം നിബന്ധനകൾ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന ഹർജിക്കാരന്റെ വാദത്തെ തമിഴ്‌നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ എതിർത്തു.