27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • കാർഷിക വിപണന കേന്ദ്രത്തിന്റെ ഉദ്‌ഘാടനവും സൗരോർജ്ജ തൂക്കുവേലി കമ്മീഷനിംഗും
Iritty

കാർഷിക വിപണന കേന്ദ്രത്തിന്റെ ഉദ്‌ഘാടനവും സൗരോർജ്ജ തൂക്കുവേലി കമ്മീഷനിംഗും

ഇരിട്ടി: ആറളം ആദിവാസി പുനരധിവാസ മേഖലയിൽ നബാർഡ് ആദിവാസി വികസന ഫണ്ടിൽപ്പെടുത്തി സെന്റർ ഫോർ റിസർച് ആൻഡ് ഡവലപ്മെന്റ് വഴി നടപ്പിലാക്കുന്ന കാർഷിക വിപണന കേന്ദ്രത്തിന്റെ ഉദ്‌ഘാടനവും സൗരോർജ്ജ തൂക്കുവേലി കമ്മീഷനിംഗും നബാർഡ് ചെയർമാൻ ഡോ. ജി.ആർ. ചിന്താല നിർവഹിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളിലായി ആകെ 1096 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ഗുണം ലഭ്യമാകുന്നത്.
ആദിവാസി പുനരധിവാസ മേഖലയിലെ 11,12,13 ബ്ലോക്കിൽ 2017 ആരംഭിച്ച ഒന്നാംഘട്ട പദ്ധതിയും, 2019 ൽ 7,9,10 എന്നീ ബ്ലോക്കിൽ ആരംഭിച്ച രണ്ടാംഘട്ട പദ്ധതിയിലുമായി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത് . ആകെ 650.59 ലക്ഷം രുപയുടെ പ്രവർത്തനങ്ങളാണ് 2025 ൽ 8 വർഷം കൊണ്ട് പൂർത്തീകരിക്കുന്ന പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നത്. ഇതിൽ 558.58 ലക്ഷം നബാർഡ് ഗ്രാന്റും 63 .90 ലക്ഷം ഗുണഭോക്തൃ വിഹിതവും 28 .11 ലക്ഷം രൂപ ബാങ്ക് വായ്പയും മറ്റ് പദ്ധതികളുമായുള്ള സംയോജനവുമാണ്.
ഒരേക്കർ വീതം സ്ഥലമാണ് ഇവിടെ ഓരോ ആദിവാസി കുടുംബങ്ങൾക്കും പതിച്ചു കൊടുത്തിട്ടുള്ളത്. ഇതിൽ താമസമാക്കിയിരിക്കുന്ന 1096 കുടുംബങ്ങളുടെ ഒരേക്കർ സ്ഥലത്തെ കൃഷിയിടത്തിൽ വിവിധ ഹ്രസ്വകാല / ദീർഘകാല കാർഷിക വിളകൾ നട്ട് പരിപാലിക്കുന്നതിനോടോപ്പം പലതരത്തിലുള്ള ജീവനോപാധി പ്രവർത്തങ്ങളും നടപ്പിലാക്കി വരുന്നു. 554 കുടുംബങ്ങൾക്ക് ആടുവളർത്തൽ യുണിറ്റ് , 80 കുടുംബങ്ങൾക്ക് ചെറുതേനീച്ച കൃഷി തുടങ്ങിയ വ്യക്തിഗത പദ്ധതികൾ ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു. മഞ്ഞൾ, ചേമ്പ്, ചേന, ഇഞ്ചി, എള്ള് , പച്ചക്കറി എന്നീ സീസണൽ വിളകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവയുടെ വിപണനം ഉറപ്പുവരുത്താനായാണ് രണ്ട് ഘട്ട പദ്ധതി പ്രദേശങ്ങളിലും കാർഷിക വിപണന കേന്ദ്രവും തയ്യാറിക്കിയിട്ടുള്ളത്. ഉറവകൾ , പൊതുകിണർ എന്നിവയുടെ സംരക്ഷണത്തോടൊപ്പം 6 ചെറുജലസേചന പദ്ധതികളും പൂർത്തിയാക്കിയിട്ടുണ്ട്. 2 വനിതാ തയ്യൽ യൂണിറ്റ് , മഞ്ഞൾ പൊടി യൂണിറ്റ്, കശുവണ്ടി സംസ്കരണ യൂണിറ്റ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ആനയടക്കമുള്ള വന്യമൃഗശല്യം തടയുന്നതിനായി ആദിവാസി ഗ്രാമ ആസൂത്രണ സമിതി വഴി തെരെഞ്ഞെടുത്ത 5 കിലോമീറ്റർ സ്ഥലത്ത് സൗരോർജ്ജ തൂക്ക് വേലിയും, പഠനാർത്ഥം 10 സെൻറ് സ്ഥലത്ത് തേനീച്ച വേലിയും സ്ഥാപിച്ചിട്ടുണ്ട്.
രണ്ടാംഘട്ട പദ്ധതി പ്രദേശത്ത് സ്ഥാപിച്ച കാർഷിക വിപണന കേന്ദ്രത്തിൻറെ ഉദ്ഘാടനവും 5 കിലോമീറ്റർ സൗരോർജ്ജ തൂക്കു വേലി യുടെ കമ്മിഷണിംഗും ആണ് നബാർഡ് ചെയർമാൻ ഡോ. ജി.ആർ. ചിന്താല നിർവ്വഹിച്ചത്. നബാർഡ് ചീഫ് ജനറൽ മാനേജർ പി. ബാലചന്ദ്രൻ അദ്ധ്യക്ഷനായി. നാബ്‌കിസാൻ മാനേജിംഗ് ഡയറക്ടർ സുശീല ചിന്താല, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രാജേഷ്, നബാർഡ് ജനറൽ മാനേജർ ശങ്കർ നാരായൺ, ഡെപ്യുട്ടി ജനറൽ മാനേജർ വി.കെ. രോഹില്ല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. ശോഭ, ഗ്രാമപഞ്ചായത്ത് മെമ്പർ മിനി ദിനേശൻ, നബാർഡ് ഡിഡിഎം മാരായ ജിഷിമോൻ, കെ.ബി. ദിവ്യ. ഐടിഡിപി പ്രൊജക്റ്റ് ഓഫീസർ എസ്. സന്തോഷ് കുമാർ, ആറളം സൈറ്റ്‌ മാനേജർ പി.പി ഗിരീഷ് എന്നിവർ സംസാരിച്ചു. സിആർഡി ഡയറക്ടർ ഡോ. സി. ശശികുമാർ സ്വാഗതവും പ്രോഗ്രാം ഓഫീസർ ഇ .സി. ഷാജി നന്ദിയും പറഞ്ഞു.

Related posts

സർക്കിൾ സഹകരണ വാരാഘോഷം: ഇരിട്ടിയിൽ 17 ന് വിളംബര റാലി

Aswathi Kottiyoor

തെർമ്മൽ സ്കാനറും മാസ്ക്കും സമർപ്പിച്ചു

Aswathi Kottiyoor

കൂട്ടുപുഴയിൽ വൻ കഞ്ചാവ് വേട്ട; 227 കിലോ കഞ്ചാവ് പിടികൂടി

Aswathi Kottiyoor
WordPress Image Lightbox