സംസ്ഥാനത്തിലെ പൊതു ആരോഗ്യമേഖലയെ പുതിയ നേട്ടങ്ങളിലേക്ക് നയിച്ച ആർദ്രം പദ്ധതിയുടെ ഭാഗമായി ഇതുവരെ 520 ആരോഗ്യകേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാം ഘട്ടത്തിൽ 53 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ 504 ആരോഗ്യകേന്ദ്രങ്ങളും മൂന്നാം ഘട്ടത്തിൽ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി പരിവർത്തനം ചെയ്യപ്പെടുന്നത്.
നിരവധി പേർക്ക് തൊഴിൽ നൽകാനും ആർദ്രം പദ്ധതി മുഖേന സാധ്യമായി. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 170 അസിസ്റ്റൻ്റ് സർജൻ, 340 സ്റ്റാഫ് നേഴ്സ് ഗ്രേഡ് -2, 170 ലാബ് ടെക്നീഷ്യൻ ഗ്രേഡ്-2, 150 ഫാർമസിസ്റ്റ് തസ്തികകളും രണ്ടാംഘട്ടത്തിൽ 400 അസിസ്റ്റൻ്റ് സർജൻ, 400 സ്റ്റാഫ് നേഴ്സ് ഗ്രേഡ്-2, 200 ലാബ് ടെക്നീഷ്യൻ ഗ്രേഡ്-2 തസ്തികകളും സൃഷ്ടിക്കപ്പെട്ടു.
ആരോഗ്യരംഗത്തെ കൂടുതൽ രോഗീസൗഹൃദവും ആധുനികവും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് നവകേരള മിഷൻ്റെ ഭാഗമായി 2017-ൽ ആർദ്രം പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സംസ്ഥാനത്തെ പ്രാഥമിക സാമൂഹികരോഗ്യകേന്ദ്രങ്ങൾ മറ്റ് ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വിപുലപ്പെടുത്തുക, ഇവിടങ്ങളിൽ സൗഹൃദ സേവനാന്തരീക്ഷം ഉറപ്പാക്കുക, ആരോഗ്യ ക്യാമ്പെയ്നുകൾ ജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആർദ്രം മിഷനിലുടെ സാക്ഷാൽക്കരിക്കാൻ സാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയെ മികച്ച രീതിയിൽ നേരിടാൻ നമ്മുടെ ആരോഗ്യമേഖലയെ പ്രാപ്തമാക്കിയതിൽ ആർദ്രം പദ്ധതിയ്ക്ക് വലിയ പങ്കുണ്ട്.