25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേരളത്തിലേക്ക് 60 ലഹരി പാഴ്സൽ; ‘ഒന്നും അറിഞ്ഞില്ലെന്ന്’ കസ്റ്റംസും എക്സൈസും.
Kerala

കേരളത്തിലേക്ക് 60 ലഹരി പാഴ്സൽ; ‘ഒന്നും അറിഞ്ഞില്ലെന്ന്’ കസ്റ്റംസും എക്സൈസും.

ഒടുവിൽ എക്സൈസും കസ്റ്റസും കണ്ണു തുറന്നു, രാജ്യാന്തര ലഹരിമരുന്നു സംഘത്തിന് പിടിവീണു. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫോറിൻ പോസ്റ്റ് ഓഫിസിലെത്തിയ പാഴ്സലിന്റെ വിലാസം തേടിയിറങ്ങിയ എക്സൈസിനു ലഭിച്ചത് കോടികളുടെ ഹാഷിഷ് ഓയിലും എൽഎസ്ഡിയും എംഡിഎംഎയും കൊക്കെയ്നുമാണ്. കോഴിക്കോട് നിന്നാണ് പിടിയിലായത്. ഇതുപോലെ വിലാസം പരിശോധിക്കാതെ ഫോറിൻ പോസ്റ്റ് ഓഫിസിൽ കെട്ടിക്കിടക്കുന്നത് ലഹരിമരുന്നു നിറഞ്ഞ 60 പാഴ്സലുകളാണ്.ഇക്കാര്യം കസ്റ്റംസ് കണ്ടിട്ടും നടപടിയെടുക്കാതെ വച്ചിരിക്കുകയായിരുന്നു. രാജ്യാന്തര ലഹരിമരുന്നു മാഫിയ കേരളത്തിലേക്ക് ന്യൂജനറേഷൻ ലഹരി കടത്താൻ കണ്ടെത്തിയ പുതിയ വഴിയെപ്പറ്റി മനോരമ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽനിന്നും നൈജീരിയ ഉൾപ്പെടെ രാജ്യങ്ങളിൽനിന്നും വൻതോതിലാണ് എംഡിഎംഎയും എൽഎസ്ഡിയും എത്തുന്നത്.

∙ സർക്കാർ ചാനൽ വഴി കടത്ത്

ആഘോഷപ്പാർട്ടികളിലെത്തുന്ന കോടികളുടെ ലഹരിമരുന്നിന്റെ ഉറവിടംതേടി അന്വേഷണ ഏജൻസികൾ പരക്കം പായുമ്പോൾ, കേരളത്തിലേക്ക് സർക്കാർ സംവിധാനം വഴി ഇവ വൻതോതിൽ എത്തുന്നുവെന്നതാണ് സുരക്ഷാ ഏജൻസികളെ ഞെട്ടിച്ചത്. തിരുവനന്തപുരത്തുള്ള ലഹരിമരുന്നു സംഘത്തിലെ പ്രധാനിക്കു വിദേശത്തുനിന്നും ന്യൂജനറേഷൻ ലഹരിമരുന്ന് എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. വിദേശത്തുനിന്നും വരുന്ന പാഴ്സലുകൾ വിതരണത്തിനെത്തുന്ന കൊച്ചിയിലെ ഫോറിൻ പോസ്റ്റ് ഓഫിസ് വഴിയാണ് ലഹരിമരുന്നും എത്തുന്നത്. കസ്റ്റംസ് ക്ലിയറൻസിൽ സംശയം തോന്നിയാൽ മാത്രമേ പിടിക്കപ്പെടുന്നുള്ളൂ.തിരുവനന്തപുരത്തെ ലഹരി സംഘാംഗത്തിന്റെ വിലാസത്തിലെത്തിയത് 300 എൽഎസ്ഡി സ്റ്റാംപുകളുടെ പാഴ്സലാണ്. ഇത് ഫോറിൻ പോസ്റ്റ് ഓഫിസിലെ കസ്റ്റംസ് അപ്രൈസൽ യൂണിറ്റ് സംശയത്തെതുടർന്നു തടഞ്ഞുവച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തുനിന്നും എക്സൈസ് സംഘം ഫോറിൻ പോസ്റ്റ് ഓഫിസിലെത്തിയപ്പോഴാണു ലഹരിയുടെ ‘സർക്കാർ ചാനലിന്റെ’ കുരുക്കഴിയുന്നത്. ഇത്തരത്തിൽ വന്ന അറുപതിലധികം പാഴ്സലുകൾ സംശയം തോന്നിയതിനെ തുടർന്ന് പോസ്റ്റ് ഓഫിസിൽ പിടിച്ചുവച്ചിട്ടുണ്ട്. ക്ലിയറൻസ് നൽകി പുറത്തേക്കുപോയത് ഇത്തരത്തിൽ നിരവധിയുണ്ടാകുമെന്ന് എക്സൈസ് പറയുന്നു. എല്ലാം വില കൂടിയ എംഡിഎംഎ‌, എൽഎസ്ഡി തുടങ്ങി ന്യൂ ജനറേഷൻ ലഹരിവസ്തുക്കളാണ്. 3000 രൂപ വരെയാണ് ഒരു എൽഎസ്ഡി സ്റ്റാംപിന് കേരളത്തിൽ വില.

∙ ഉഴപ്പിയത് ആർക്കുവേണ്ടി?

‌കസ്റ്റംസ് ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ പക്ഷേ ഇക്കാര്യത്തിൽ സമയോചിതമായി നടപടിയെടുക്കുന്നില്ലെന്നാണ് എക്സൈസിന്റെ പരാതി. ഈ പാഴ്സലുകൾ കേരളത്തിൽ ആർക്കാണ് വന്നത് എന്നതിനു വിലാസമുണ്ട്. എന്നാൽ ഇക്കാര്യം എക്സൈസിനു കൈമാറുന്നതിനു തയാറാകാത്തതിനാൽ ആളെ പിടിക്കലോ തുടർ അന്വേഷണമോ നടക്കുന്നില്ല. ഇൗ പാഴ്സലുകൾ അയച്ചയാളുടെ ഒറിജിനൽ വിലാസമില്ലെന്നതിനാലാണ് നടപടികൾ വൈകുന്നതെന്നാണ് കസ്റ്റംസിന്റെ വാദമെന്ന് എക്സൈസ് പറയുന്നു. ഇവിടെ ആരുടെ വിലാസത്തിലാണോ വന്നത് അവരെ കണ്ടെത്തിയാൽ കിട്ടുമെന്ന് എക്സൈസ് പറഞ്ഞിട്ടും നടപടിയില്ല.വന്നിരിക്കുന്ന 60 പാഴ്സലുകളുടെയും വിലാസം കണ്ടെടുത്ത് ഒരേ സമയം എല്ലാ വീടുകളിലും പരിശോധന നടത്താമെന്ന എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ തീരുമാനം അട്ടിമറിക്കപ്പെട്ടത് ആർക്കു വേണ്ടിയാണെന്ന സംശയവും ഉയരുന്നു. ഏറ്റവും അവസാനം വന്ന 300 എൽഎസ്ഡിയുടെ പാഴ്സലിന്റെ പിറകേ എക്സൈസ് നടക്കാൻ തുടങ്ങിയിട്ട് ഒരു മാസമായിട്ടും പോസ്റ്റ് ഓഫിസിൽനിന്നും അനുകൂല പ്രതികരണമില്ല. ഇതു വഴി നേരത്തെയും ലഹരിമരുന്നു കടത്തിയതുകൊണ്ടാണ് സുരക്ഷിതവഴിയായി തിരഞ്ഞെടുത്ത് ഇത്രയധികം പാഴ്സലുകളെത്തിയതെന്നും എക്സൈസ് അധികൃതർ പറയുന്നു.

∙ ഒടുവിൽ ഐബി റിപ്പോർട്ട്

ഫോറിൻ പോസ്റ്റ് ഓഫിസ് വഴിയുള്ള ലഹരികടത്തിനെക്കുറിച്ച് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയത് മൂന്നാഴ്ച മുൻപാണ്. ഇതിനു ശേഷമാണ് ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള അന്വേഷണ ഏജൻസികൾ പോലും അനങ്ങുന്നത്. 60 ലഹരി പാഴ്സൽ വന്നിട്ടും നടപടിയിലേക്ക് പോകാത്ത കസ്റ്റംസിന്റെ നടപടിയിൽ ദുരൂഹതയുണ്ടെന്നാണ് ഐബി ഉദ്യോഗസ്ഥർ പറയുന്നത്. മൗനം പാലിച്ച എക്സൈസ് ഉദ്യോഗസ്ഥരുടെ പിന്നാമ്പുറ ബന്ധങ്ങളും കേന്ദ്ര ഏജൻസികൾ തേടുന്നുണ്ട്.അതിനിടെയാണ് പുതിയൊരു പാഴ്സൽ കഴിഞ്ഞദിവസം വിമാനമാർഗമെത്തിയത്. ഇതിൽ നടപടിയെടുക്കാൻ കസ്റ്റംസ് തീരുമാനിക്കുകയായിരുന്നു. വിലാസം എക്സൈസിനു കൈമാറിയതോടെയാണ് കോഴിക്കോട് റെയ്ഡ് നടന്നത്. ഇൗയിടെ ചെന്നൈയിൽ ഇത്തരത്തിൽ ഫോറിൻ പോസ്റ്റ് ഓഫിസ് വഴി വന്ന ലഹരിമരുന്നു പിടിച്ചെടുത്തിരുന്നു. സ്പെയ്നിൽ നിന്നാണ് ഇതു വന്നത്. അന്വേഷണത്തിൽ ചെന്നൈയിലെ വൻ ലഹരിമരുന്നു സംഘത്തെ പിടികൂടുകയും ചെയ്തിരുന്നു. നൈജീരിയ കൂടാതെ യൂറോപ്യൻ രാജ്യങ്ങളിൽനിന്നും ഇത്തരത്തിൽ ലഹരിമരുന്നെത്തുന്നുണ്ട്.

Related posts

ട്രെയിനിലെ കമ്പിയില്‍തൂങ്ങി പെണ്‍കുട്ടി,അലറിവിളിച്ച് യാത്രക്കാര്‍;സാഹസികമായി രക്ഷിച്ചത് പോലീസുകാരന്‍

Aswathi Kottiyoor

ഭാഗിക ലോക്ക്ഡൗണിൽ യാത്രാപാസ്‌ വേണ്ട ; പൊതുഗതാഗതം മിതമായ തോതിൽ ആരംഭിച്ചു.

Aswathi Kottiyoor

സ്‌മാർട്ട് മീറ്റർ കേരളത്തിലും, ഉപയോഗിച്ചാൽ മാത്രം വൈദ്യുതി ബിൽ, ഏപ്രിൽ മുതൽ 37 ലക്ഷം കണക്ഷനുകളിൽ

Aswathi Kottiyoor
WordPress Image Lightbox