27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോഴിക്കോടിന്റെ സൗരമനുഷ്യൻ, നാസ അമേരിക്കയിലെത്തിച്ചു നീരിക്ഷിച്ചു; സൗരോർജമുപയോഗിച്ചു ജീവിതം….
Kerala

കോഴിക്കോടിന്റെ സൗരമനുഷ്യൻ, നാസ അമേരിക്കയിലെത്തിച്ചു നീരിക്ഷിച്ചു; സൗരോർജമുപയോഗിച്ചു ജീവിതം….

ഭക്ഷണമില്ലാതെ സൗരോർജം ഉപയോഗിച്ചു മാത്രം ജീവിച്ചിരുന്ന സൂര്യോപാസകൻ ഹീരാരത്തൻ മനേക് (84) ഓർമയായി. ചക്കോരത്തുകുളം വികാസ് നഗർ കെഎസ്എച്ച്ബി ഫ്ലാറ്റിലാണ് അന്തരിച്ചത്. ജൈന ഗുജറാത്തി കുടുംബത്തിലെ അംഗമായിരുന്നു. ഒന്നര നൂറ്റാണ്ടു മുൻപാണു കുടുംബാംഗങ്ങൾ കോഴിക്കോട്ടെത്തിയത്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായിരുന്നു.കുടുംബത്തിന്റെ പാരമ്പര്യ വ്യാപാരമായ കപ്പൽ വ്യവസായത്തിലും സുഗന്ധവ്യഞ്ജന കയറ്റുമതി മേഖലയിലുമാണ് ജോലി ചെയ്തത്. 1992 മുതൽ 3 വർഷത്തോളം സൗരോപാസനാ പരിശീലനം നടത്തി. 1995 മുതൽ സൗരോർജവും വെള്ളവും മാത്രമുപയോഗിച്ചുള്ള ജീവിതം തുടങ്ങി. 120 രാജ്യങ്ങളിൽ സോളർ ഹീലിങ് കേന്ദ്രങ്ങളും സോളർ ഗേസിങ് കേന്ദ്രങ്ങളും സ്ഥാപിച്ചു.

ബഹിരാകാശ ഗവേഷണത്തിനു മനുഷ്യർ പോവുമ്പോൾ ഹീരാരത്തന്റെ ജീവിതചര്യ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നാസ 2002 ജൂലൈ മുതൽ നവംബർ വരെ അദ്ദേഹത്തെ അമേരിക്കയിലെത്തിച്ചു പഠനം നടത്തിയിരുന്നു. ഭാര്യ: വിമല ഹിരാചന്ദ്. മക്കൾ: പരേതനായ ഗിതൻ, ഹിതേഷ്, നമ്രത. മരുമക്കൾ: ഹിന ഹിതേഷ്, മയൂർ മോട്ട. പേരക്കുട്ടികൾ: ആദിത്യ ഹിതേഷ്, പാർഥ് മയൂർ മോട്ട. സംസ്കാരം നടത്തി.

സൂര്യനെ അറിഞ്ഞു ജീവിച്ചയാൾ

സൗരോർജത്താൽ ചലിച്ചിരുന്ന ജീവിതമാണ് ഇന്നലെ അസ്തമിച്ചത്. ഗുജറാത്തി കുടുംബത്തിൽ ജനിച്ച മലയാളി ഹീരാരത്തൻ മനേകിന്റെ ഇതിഹാസ തുല്യമായ ജീവിതവും രീതികളും ശാസ്ത്രലോകവും ശ്രദ്ധിച്ചു. ജീവിച്ചിരിക്കുന്ന സൂപ്പർമാനായാണ് കോഴിക്കോട്ടുകാർ ഹീരാരത്തനെ കണ്ടിരുന്നത്. 1937 സെപ്റ്റംബർ 12ന് കോഴിക്കോട്ടെ ഗുജറാത്തി കുടുംബത്തിലാണ് ഹീരാരത്തൻ ജനിച്ചത്. സെന്റ് ജോസഫ് ബോയ്‌സ് ഹൈസ്കൂളിലും സാമൂതിരി ഗുരുവായൂരപ്പൻ കോളജിലും പഠനം. തുടർന്ന് എൻജിനീയറിങ് ബിരുദമെടുത്ത ശേഷം കപ്പൽ വ്യവസായത്തിലേക്കു തിരിഞ്ഞു. വ്യാപാരകാര്യങ്ങൾക്ക് അരബിന്ദോ ആശ്രമം സന്ദർശിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ആശ്രമാധിപതിയായിരുന്ന മദർ മീരയിൽ നിന്ന് സൂര്യോപാസനയെക്കുറിച്ച് അറിഞ്ഞു.1992ൽ ആണ് സൂര്യോപാസനയെ നിഷ്ഠയോടെ ജീവിതത്തിലേക്ക് സ്വീകരിച്ചത്. 1995ൽ ഡോ. സി.കെ. രാമചന്ദ്രന്റെ നിരീക്ഷണത്തിൽ 211 ദിവസം ഹീരാജി ഭക്ഷണം ഉപേക്ഷിച്ചു. 89 കിലോഗ്രാം ഉണ്ടായിരുന്ന ശരീരഭാരം 48 കിലോയിലെത്തി. 2001ൽ 411 ദിവസം നീണ്ട ഉപവാസം. 75 കിലോഗ്രാമായിരുന്ന ശരീരഭാരം 18 കിലോ കുറഞ്ഞു. പിന്നീട് അമേരിക്കയിൽ 130 ദിവസം ഭക്ഷണമില്ലാതെ കഴിഞ്ഞു. 75 കിലോഗ്രാം ശരീരഭാരം അക്കാലത്ത് മാറ്റമില്ലാതെ നിലനിന്നു.ബഹിരാകാശ ഗവേഷണത്തിനു പോവുമ്പോൾ എങ്ങനെ ഭക്ഷണമില്ലാതെ അതിജീവിക്കാമെന്നതിനു ഹീരാരത്തന്റെ ജീവിതചര്യ പ്രയോജനപ്പെടുത്താനാണ് നാസ അദ്ദേഹത്തെ സമീപിച്ചത്.

2002 ജൂലൈ മുതൽ നവംബർ വരെ 130 ദിവസം പരീക്ഷണത്തിനു വിധേയനാക്കി. അദ്ദേഹത്തിന്റെ ഓരോ ചലനവും നാസ സസൂക്ഷ്മം നിരീക്ഷിച്ചു. മിഡ്‌വെസ്റ്റ് ഐ ഹോസ്പിറ്റലിൽ ഹീരാജിയുടെ കണ്ണുകളെക്കുറിച്ച് പ്രത്യേക പഠനം നടത്തി. ഇന്ത്യൻ ബഹിരാകാശകേന്ദ്രമായ ഐഎസ്ആർഒയും അദ്ദേഹത്തിൽ ചില പരീക്ഷണങ്ങൾ നടത്തി. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള തിമാർപൂർ ഡിഫൻസ് റിസർച്ച് സെന്ററിലും അപ്പോളോ ആശുപത്രിയിലും ആർമി ഹോസ്പിറ്റലിലും അദ്ദേഹത്തെ പരീക്ഷണത്തിനു വിധേയനാക്കിയിരുന്നു.ആദ്യമായി സോളർ ഹീലിങ് സെന്റർ എന്ന പഠന രീതി പരിചയപ്പെടുത്തിയത് ഹീരാരത്തൻ മനേകാണ്. 2009ൽ 80 രാജ്യങ്ങളിൽ സഞ്ചരിച്ച് 210 ദിവസം സോളർ മെത്തഡോളജിയെ കുറിച്ച് വിവിധ ജനങ്ങളുമായി സംവദിച്ചു.

തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 300 അധ്യാപകരെ ക്ലാസെടുക്കാൻ പരിശീലിപ്പിച്ചു. ലോകമെമ്പാടും പരിശീലനകേന്ദ്രങ്ങളും സ്ഥാപിച്ചു. ബിബിസി ഉൾപ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.ഹീരാരത്തന്റെ രീതികളെക്കുറിച്ച് ജേക്കബ് ലീ ബർമൻ എഴുതിയ ‘ലൈറ്റ് മെഡിസിൻ ഓഫ് ദ് ഫ്യൂച്ചർ’, റിച്ചാർഡ് ഹോബ്ഡേ എഴുതിയ ‘ദ് ഹീലിങ് സൺ: സൺലൈറ്റ് ഇൻ ദ് 21സ്റ്റ് സെഞ്ചുറി’ എന്നീ പുസ്തകങ്ങൾക്ക് ഇന്നും അനേകം വായനക്കാരുണ്ട്.

Related posts

സന്ദേശ്: വാട്സാപ് മെസ​ഞ്ചറിന് ഇന്ത്യൻ ബദൽ

Aswathi Kottiyoor

വൈദ്യുതി നിരക്ക് വർധന: 5 വർഷം; 4145.9 കോടി.

Aswathi Kottiyoor

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ ജൂണ്‍ രണ്ടുമുതല്‍

Aswathi Kottiyoor
WordPress Image Lightbox