മാവേലി, മലബാര്‍, പുതുച്ചേരി-മംഗളൂരു എക്സ്പ്രസ് ട്രെയിനുകളില്‍ കോവിഡ് കാലം തുടങ്ങുന്നതിന് മുമ്പുണ്ടായിരുന്ന ജനറല്‍ കോച്ചുകള്‍ 16 മുതല്‍ അതേപടി പുനഃസ്ഥാപിക്കപ്പെടുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി അറിയിച്ചു. ഇതോടൊപ്പം എല്ലാ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നു നേരിട്ടും യുടിഎസ് മുഖേനയും സാധാരണ ട്രെയിന്‍ ടിക്കറ്റുകളും ലഭ്യമായിത്തുടങ്ങും.
പാര്‍ലമെന്റിലും കഴിഞ്ഞ മൂന്നിന് ഡല്‍ഹിയില്‍ ചേര്‍ന്ന റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തിലും ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് റെയില്‍വേ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ദക്ഷിണ റെയില്‍വേ ഉത്തരവ് പുറപ്പെടുവിച്ചത്.
കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സ്പ്രസില്‍ 20 മുതലും തിരുവനന്തപുരം-മംഗളൂരു, ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളില്‍ ഏപ്രില്‍ ഒന്നുമുതലും ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കും. മംഗളൂരു-ചെന്നൈ മെയിലില്‍ ഏപ്രില്‍ 16 മുതലും കച്ചിഗുഡ-മംഗളൂരു എക്സ്പ്രസില്‍ 20 മുതലും ജനറല്‍ കോച്ചുകളെത്തും. പരശുറാം, ഏറനാട്, ചെന്നൈ-മംഗളൂരു വെസ്റ്റ്കോസ്റ്റ്, മംഗളൂരു-ചെന്നൈ എഗ്മോര്‍, കോയമ്പത്തൂര്‍-മംഗളൂരു, മംഗളൂരു-കോഴിക്കോട്, കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി, കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ്, കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എന്നിവയുള്‍പ്പെടെ അവശേഷിക്കുന്ന എല്ലാ ട്രെയിനുകളിലും മേയ് ഒന്നുമുതല്‍ ജനറല്‍ കോച്ചുകള്‍ ആരംഭിക്കും.