ഇരിട്ടി: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ജനകീയ പങ്കാളിത്തത്തോടെയും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയും വിളക്കോട് ഗവ: യു.പി. സ്കൂളിന് സ്വന്തമായി കായിക ഗ്രൗണ്ട് എന്ന സ്വപ്നം പൂവണിയുന്നു. സ്കൂളിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ അമ്പത് സെൻ്റ് സ്ഥലമാണ് സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ കളിസ്ഥലത്തിനായി 26 ലക്ഷം രൂപയ്ക്ക് വിലയ്ക്ക് വാങ്ങിയത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വക 10 ലക്ഷവും മുഴക്കുന്ന് പഞ്ചായത്ത് 6.23000 രൂപയും സ്ഥലത്തിനായി നീക്കിവെച്ചപ്പോൾ ബാക്കി പത്ത് ലക്ഷം രൂപ നാട്ടുകാരിൽ നിന്നും വികസന സമിതിയുടെ നേതൃത്വത്തിൽ ശേഖരിച്ചു നൽകിയാണ് ഏറെ കാലത്തെ ആവശ്യം സാക്ഷാൽക്കരിച്ചത്.
9 ന് വൈകുന്നേരം 7 ന് നടക്കുന്ന സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ ഡോ. വി.ശിവദാസൻ എംപി സ്ഥലത്തിൻ്റെ രേഖ ഏറ്റുവാങ്ങും. പരിപാടിയിൽ സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിക്കും.എ ഇ ഒ എം.ടി. ജയ്സ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുധാകരൻ , പഞ്ചായത്ത് പ്രസിഡൻ്റ് ടി. ബിന്ദു, തഹസിൽദാർ സി.വി. പ്രകാശൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 36 വർഷത്തെസേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനദ്ധ്യാപിക എൻ.എസ്. ബീനക്ക് യാത്രയയപ്പും പരിപാടിയിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. പി ടി എ പ്രസിഡൻ്റ് എൻ.സതീശൻ, കെ.പി. ഷംസുദ്ദീൻ, എൻ.എസ്. ബീന, കെ.നാസർ, പി.പി. മുസ്ഥഫ, പി. അബ്ദുൾ മജീദ്, പി. സുരജ്, എന്നിവർ പങ്കെടുത്തു.
previous post