ഇരിട്ടി ; മാക്കൂട്ടം – ചുരം പാത വഴി കർണ്ണാടകയിലേക്ക് പ്രവശിക്കുന്നതിന് കോവിഡ് പരിശോധന ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള കുടക് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് മൂലം ചുരം പാത വഴിയുള്ളയാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. ഇതിനു പിന്നാലെ ചരക്ക് നീക്കവും നിലയ്ക്കുന്നു. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമെ മാക്കൂട്ടം ചെക്ക് പോസ്റ്റ് കടക്കാൻ ഒരാഴ്ച്ചയായി അനുവദിക്കുന്നുള്ളു. കഴിഞ്ഞ
മൂന്ന് ദിവസം ആന്റിജൻ പരിശോധനാ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പ്രവേശനാനുമതി നല്കിയിരുന്നു. ആർ.ടി.പി.സി ആർ നിർബന്ധമാക്കിയതോടെ കർണ്ണാടകയിൽ നിന്നും പച്ചക്കറി ഉൾപ്പെടെ ആവശ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു.
നൂറുക്കണക്കിന് ചരക്ക് വാഹനങ്ങളാണ് അതിർത്തിയിൽ എത്തി മണിക്കൂറുകളോളം കാത്തുനിന്നതിന് ശേഷം മുടങ്ങിപോകുന്നത്. ആർ.ടി.പി.സി.ആർ നിബന്ധന പിൻവലിക്കണെന്ന് പലകോണുകളിൽ നിന്നും ആവശ്യം ഉയർന്നിട്ടും കുടക് ജില്ലാ ഭരണകൂടം നടപടി കടുപ്പിക്കുകയായിരുന്നു. മാക്കൂട്ടം ചെക്ക് പോസ്റ്റിൽ യാത്രക്കാരും ഡ്രൈവർമരും ഇവിടുത്തെ
ജീവനക്കാരുമായി നിരന്തരം വാക്കേറ്റവും മറ്റും ഉണ്ടാകുന്നതായി പരിഗണിച്ച് കുടുതൽ പോലീസിനെ ചെക്ക് പോസ്റ്റിൽ നിയോഗിച്ചു. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരെപോലും തടയുന്ന നടപടി കർണ്ണാടക പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായി.
ആർ.ി.പി.സി.ആർ പരിശോധനയുടെ കാലാവധി സ്ഥിരം യാത്രക്കാർക്കും ചരക്ക് വാഹന തൊഴിലാളികൾക്കും 14 ദിവസമായും മറ്റുള്ളവർക്ക് 72 മണിക്കൂറുമാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പലപ്പോഴും ആർ.ടി.പി.സി ആർ ഉള്ള ഡ്രൈവർമാരെ പോലും തടഞ്ഞുക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള സാമ്പത്തിക ബാധ്യതയും 14 ദിവസം എന്നത് നടപ്പാകാതതും മൂലമാണ് ചുരം പാതവഴിയുള്ള ചരക്ക് നീക്കം ഉപേക്ഷിക്കാൻ ലോറി ജീവനക്കാർ തെയ്യാറാകുന്നത്.
അതേസമയം കൂട്ടുപുഴയിൽ കേരള പോലീസും പരിശോധന ശക്തമാക്കി.
മാക്കൂട്ടത്ത് കർണ്ണാടക പോലീസും ആരോഗ്യ വകുപ്പും കോവിഡ് പരിശോധ കർശനമാക്കിയതോടെ കേരളാ അതിർത്തിയായ കൂട്ടപുഴയിൽ കേരളാ പോലീസ് പരിശോധന ശക്തമാക്കി. കോവിഡ് പരിശോധനയല്ല കള്ളക്കടത്ത് പരിശോധനയാണ് പോലീസ് നടത്തുന്നത്. ഇപ്പോഴത്തെ അനിശ്ചിതത്വം മുതലെടുത്ത് കർണ്ണാടകത്തിൽ നിന്നും മദ്യവും മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളും കേരളത്തിലേക്ക് കടത്താനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. വീരാജ് പേട്ട ഭാഗത്തു നിന്നും മാക്കൂട്ടം ചെക്ക് പോസ്റ്റിൽ ഇറങ്ങി കാൽ നടയായും മറ്റും കൂട്ടുപുഴയിലേക്ക് വരുന്നവരുടെ ബാഗുകളും സഞ്ചികളുമെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുന്നു. വരും ദിവസങ്ങളിലും ശക്തമായ പരിശോധ ഉണ്ടാകുമെന്ന് ഇരിട്ടി ഡി.വൈ.എസ്.പി പ്രിൻസ് അബ്രഹാം പറഞ്ഞു.