ജനങ്ങളെ ഭരിക്കുകയല്ല അവർ ആഗ്രഹിക്കുന്ന രീതിയിൽ സേവിക്കുകയാണ് പ്രാദേശിക സർക്കാരുകളുടെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ. നവകേരള തദ്ദേശകം 2022 ന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവർക്കായി ചേർന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജനസേവനം എളുപ്പത്തിൽ നൽകുന്നതിന് ഫയൽ നീക്കത്തിന്റെ തട്ടുകൾ കുറക്കാൻ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. 13 പേർ കാണുന്നിടത്ത് ഇനി മുതൽ ഫയൽ മൂന്നു പേർ കണ്ടാൽ മതിയാവും. ഓരോ ഉദ്യോഗസ്ഥനും വ്യക്തിഗതമായ ചുമതലകൾ ഉണ്ടാവും.
ഫയലുകൾ ‘ക്വറി’ ഇട്ട് താഴേക്കും മേലേക്കും തട്ടിക്കളിക്കാൻ ഇനി അനുവദിക്കില്ല. അപാകതകൾ അപേക്ഷകനെ കണ്ട് തിരുത്തൽ വരുത്തി അതിവേഗം സേവനം നൽകാൻ ഉദ്യോഗസ്ഥർ തയാറാകേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിലെ വിവിധ പദ്ധതികളുടെ നിർവഹണം ത്വരിതപ്പെടുത്തുന്നതുമായും ഫലപ്രദമായി നടപ്പാക്കുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു.
ലൈഫ് മിഷന്റെ ‘മനസോടിത്തിരി മണ്ണ്’ കാമ്പയിനുമായി ബന്ധപ്പെട്ട് പെരിങ്ങോം സ്വദേശി കെ.വി. മാധവൻ 30 സെന്റ് സ്ഥലം നൽകുന്നതിന്റെ അനുമതിപത്രം മന്ത്രിക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. കണ്ണൂർ മേയർ ടി.ഒ. മോഹനൻ, പി. മുകുന്ദൻ, എം. ശ്രീധരൻ, പി.പി. ഷാജിർ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.