തിരുവനന്തപുരം∙ നഗരമധ്യത്തിലെ ഹോട്ടൽ മുറിയിൽ യുവതിയെ ഷാൾ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത് സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന്റെ പേരിൽ. കാട്ടാക്കട വീരണകാവ് ചാനൽകര മുരുക്കറ വീട്ടിൽ എസ്.ഗായത്രിയെ(24) ആണ് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം മുറിയെടുത്തിരുന്ന കൊല്ലം പരവൂർ കോട്ടപ്പുറം ചെമ്പാൻതൊടി ജെ.പ്രവീണിനെ (34) മണിക്കൂറുകൾക്കു ശേഷം കൊല്ലത്തു നിന്ന് അറസ്റ്റ് ചെയ്തിരുന്നു.ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. പ്രവീൺ കുറ്റം സമ്മതിച്ചതായി തമ്പാനൂർ പൊലീസ് അറിയിച്ചു. ഇരുവരും നഗരത്തിലെ പ്രമുഖ ജ്വല്ലറിയിൽ ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. പ്രവീൺ താലി കെട്ടുന്നതായുള്ള ദൃശ്യങ്ങൾ ഗായത്രി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതും വിവാഹം കഴിക്കണമെന്ന ഗായത്രിയുടെ നിർബന്ധവും ഇരുവരും തമ്മിൽ വഴക്കിനിടയാക്കിയെന്നും തുടർന്നാണു കൊലപ്പെടുത്തിയതെന്നും പ്രവീൺ പറഞ്ഞതായി പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാവിലെയാണു പ്രവീൺ ഈ ഹോട്ടലിൽ മുറിയെടുത്തത്. ഉച്ചയോടെ ഗായത്രിയും എത്തി. വൈകിട്ടു മുറി പൂട്ടി സ്ഥലംവിട്ട ഇയാൾ, ഒരു സ്ത്രീ മുറിയിൽ മരിച്ചു കിടക്കുന്നുണ്ടെന്ന് അർധരാത്രിക്കു ശേഷം ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്നാണു പൊലീസ് എത്തി മുറി കുത്തിത്തുറന്നത്. ജ്വല്ലറിയിൽ ഡ്രൈവറായ പ്രവീൺ റിസപ്ഷനിസ്റ്റായിരുന്ന ഗായത്രിയെ കോവിഡ് കാലത്തു താമസസ്ഥലത്ത് എത്തിച്ചാണ് അടുപ്പത്തിലായതെന്നു പൊലീസ് പറഞ്ഞു.
ഈ ബന്ധം അറിഞ്ഞ പ്രവീണിന്റെ ഭാര്യ ജ്വല്ലറിയിലെത്തി ബഹളമുണ്ടാക്കി. അതോടെ ഗായത്രി ജോലി രാജിവച്ചു പോയെങ്കിലും ബന്ധം തുടർന്നു. പ്രവീണിന്റെ ഭാര്യ ഗായത്രിയുടെ ബന്ധുക്കളെ കാണുകയും ചെയ്തു. ഇവരുടെ ആവശ്യപ്രകാരം ജ്വല്ലറി അധികൃതർ കഴിഞ്ഞയാഴ്ച പ്രവീണിനെ തിരുവണ്ണാമലയിലേക്കു സ്ഥലം മാറ്റി. ഗായത്രിയെ സമാധാനിപ്പിച്ചു നിർത്താനായി വിളിപ്പിച്ചു. തർക്കം രൂക്ഷമായപ്പോൾ ചുരിദാർ ഷാൾ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നുമാണു പ്രവീണിന്റെ മൊഴിയെന്നും പൊലീസ് അറിയിച്ചു.