കൊച്ചി∙ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ ടാറ്റൂ കലാകാരൻ പി.എസ്. സുജീഷിനെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നു പൊലീസ്.
പ്രതി ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു. പരാതി നൽകിയ പെൺകുട്ടികളുടെ ശരീരത്തിൽ ടാറ്റൂ ചെയ്തെന്ന കാര്യം സമ്മതിച്ചെങ്കിലും ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന നിലപാടിലാണു പ്രതി. ശാസ്ത്രീയ മാർഗങ്ങളിലൂടെ സത്യം പുറത്തു കൊണ്ടുവരാനുള്ള ശ്രമമാണു പൊലീസ് നടത്തുന്നത്.
ശനിയാഴ്ച രാത്രി പെരുമ്പാവൂരിലെ ഒളിത്താവളത്തിൽനിന്നു ചേരാനെല്ലൂരിലെത്തി കീഴടങ്ങിയ പ്രതിയെ രാത്രി വൈകിയും ഇന്നലെ ഉച്ച വരെയും സിറ്റി ഡിസിപി വി.യു. കുര്യാക്കോസ് ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥർ ചോദ്യം ചെയ്തു.
പ്രതിക്കെതിരെ 3 കേസുകൾ റജിസ്റ്റർ ചെയ്ത പാലാരിവട്ടം സ്റ്റേഷൻ ഇൻസ്പെക്ടറും സംഘവും ശനിയാഴ്ച രാത്രി തന്നെ ചേരാനെല്ലൂർ സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്തിരുന്നു. പരാതി നൽകിയ യുവതികളുടെ രഹസ്യ മൊഴി മജിസ്ട്രേറ്റിനു മുൻപിൽ രേഖപ്പെടുത്താനുള്ള അപേക്ഷയും പൊലീസ് നൽകിയിട്ടുണ്ട്.
യുവതികൾക്കു മുൻപിൽ പ്രതിയെ ഓൺലൈൻ മുഖേന ഹാജരാക്കിയുള്ള തിരിച്ചറിയൽ പരേഡും നടക്കും.
വൈദ്യ പരിശോധനയ്ക്കു ശേഷം ഓൺലൈൻ മുഖേന കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഇന്ന് അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു.
ചേരാനെല്ലൂർ സ്റ്റേഷനിൽ 2 ബലാത്സംഗക്കേസുകളാണു പ്രതിക്കെതിരെയുള്ളത്. 3 കേസുകളാണു പാലാരിവട്ടം സ്റ്റേഷനിൽ പ്രതിക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്. നഗരത്തിലെ ടാറ്റൂ സ്റ്റുഡിയോകളുമായി ബന്ധപ്പെട്ടു പൊലീസ് നടത്തി വന്ന പരിശോധന പൂർത്തിയായി. ചില സ്റ്റുഡിയോകളിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ടാറ്റൂ വരയ്ക്കുന്നതും കണ്ടെത്തിയിട്ടുണ്ടെന്നു കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.